Site iconSite icon Janayugom Online

കാവി ഇന്നൊരു നിറം മാത്രമല്ല

കാവിവല്ക്കരണം എന്ന പ്രയോഗം ശ്രദ്ധിക്കപ്പെട്ടുതുടങ്ങിയിട്ട് കുറേ വർഷങ്ങളായിരിക്കുന്നു. ചലച്ചിത്രങ്ങളുടെയും പാഠപുസ്തകങ്ങളുടെയും കലാ സാഹിത്യ സൃഷ്ടികളുടെയും ഉള്ളടക്കം മാത്രമല്ല, ആ സംജ്ഞയിൽ പരാമർശവിധേയമാകുന്നത്. ഭരണഘടനാ സ്ഥാപനങ്ങളിലെയും മറ്റു സർക്കാർ സംവിധാനങ്ങളിലെയും സംഘപരിവാർ അനുകൂല നിയമനങ്ങൾ പോലും കാവിവല്ക്കരണമെന്ന പേരിലാണ് അറിയപ്പെടുന്നത്. എല്ലാ പാർട്ടികൾക്കും വിവിധ സംഘടനകൾക്കും അവരുടേതായ നിറങ്ങളിലുള്ള പതാകകളുണ്ട്. അതിനു സമാനമായി ബിജെപി, ആർഎസ്എസ് സംഘടനകൾ അവരുടെ പതാകകളുടെ നിറമായി കാവി ഉപയോഗിക്കുന്നുമുണ്ട്. പക്ഷേ ആർഎസ് എസ് — സംഘപരിവാർ ഒത്താശയോടെ ലഭിക്കുന്ന ഭരണാവസരങ്ങളിൽ ബിജെപി തങ്ങളുടെ ആശയങ്ങൾ എല്ലാതലത്തിലും അടിച്ചേല്പിക്കുന്നതിന് ശ്രമിക്കുന്നു എന്നതാണ് കാവിവല്ക്കരണമെന്ന പ്രയോഗത്തിനു അടിസ്ഥാന കാരണമാകുന്നത്. നാളിതുവരെയുണ്ടായിരുന്ന പാഠ്യപദ്ധതികളെയും ചരിത്ര യാഥാർത്ഥ്യങ്ങളെയും തിരുത്തി തങ്ങളുന്നയിക്കുന്ന പിന്തിരിപ്പൻ ആശയങ്ങൾ തിരുകിക്കയറ്റുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായി നിലക്കൊള്ളേണ്ട ഭരണഘടനാ സ്ഥാപനങ്ങളും മറ്റു സംവിധാനങ്ങളും യോഗ്യതകൾ പോലുമില്ലെങ്കിലും തങ്ങളുടെ ആശയങ്ങളിൽ വിശ്വസിക്കുന്നവരെ മാത്രം കുടിയിരുത്തി ആശയ പ്രചരണ വേദികളാക്കി മാറ്റുകയും ചെയ്യുന്നു. ചെറുപ്പത്തിലേ പിടികൂടുക എന്നത് ഫാസിസത്തിന്റെ ആശയമാണ്. ഇന്ത്യയിൽ അത് നടപ്പിലാക്കുന്നത് ആർഎസ്എസും സംഘപരിവാർ സംഘടനകളുമാണ്. ശാഖകളിലും യോഗങ്ങളിലും വരുന്ന കുട്ടികൾക്ക് തങ്ങളുടെ ആശയങ്ങൾ പഠിപ്പിക്കുകയെന്നത് അവരുടെ ഇഷ്ടമാണ്. എന്നാൽ അധികാരമുപയോഗിച്ച് വിദ്യാലയങ്ങളിലും കലാലയങ്ങളിലും തങ്ങളുടെ ആശയങ്ങൾ മാത്രം പഠിച്ചാൽ മതിയെന്ന വാശിയെ കാവിവല്ക്കരണമെന്നാണ് വിളിക്കേണ്ടത്. വിവിധ സംസ്ഥാനങ്ങളിലും 2014 ൽ കേന്ദ്രത്തിൽ അധികാരത്തിലേറിയതിനുശേഷം രാജ്യത്താകെയും ബിജെപി ആ പ്രക്രിയയാണ് അനുവർത്തിച്ചുവരുന്നത്. അതിന്റെ ഭാഗമായാണ് സ്കൂൾ ക്ലാസുകളിലെ പാഠ്യപദ്ധതിയിൽ ഭഗവത് ഗീത പഠിപ്പിക്കുവാനുള്ള ഗുജറാത്ത്, കർണാടക സംസ്ഥാന ബിജെപി സർക്കാരുകളുടെ തീരുമാനം. രാജ്യത്തിന്റെയും ദേശീയ സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രത്തെ തങ്ങളുടെ നേതാക്കളെയും ആശയങ്ങളെയും ഉൾക്കൊള്ളിച്ച് പുതുക്കുവാനുള്ള തീരുമാനങ്ങൾ നേരത്തെതന്നെ കൈക്കൊണ്ടിരുന്നു. അതിന്റെ തുടർച്ചയായാണ് രണ്ടു സർക്കാരുകളുടെയും ഇപ്പോഴത്തെ തീരുമാനമുണ്ടായിരിക്കുന്നത്.


ഇതുകൂടി വായിക്കാം; അടിയറവ് വയ്ക്കരുത്, മലയാളത്തെ


ഗുജറാത്തിൽ ആറ് മുതൽ 12 വരെയുള്ള ഇംഗ്ലീഷ് മാധ്യമമടക്കമുള്ള ക്ലാസുകളിൽ അടുത്ത അധ്യയന വർഷം മുതൽ ഭഗവത് ഗീത പാഠ്യവിഷയമാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രി ജിതു വഘാനിയ അറിയിച്ചിരിക്കുന്നത്. എല്ലാ സ്കൂളുകൾക്കും ഇത് ബാധകമാണെന്നും മന്ത്രി അറിയിച്ചിട്ടുണ്ട്. ഇതിന്റെ തുടർച്ചയായാണ് കർണാടകയിലും ഭഗവത് ഗീത പാഠ്യവിഷയമാക്കിയതായി വിദ്യാഭ്യാസ മന്ത്രി ബി സി നാഗേഷ് അറിയിച്ചത്. പാരമ്പര്യത്തിൽ അഭിമാനം വളർത്താനും പൈതൃകവുമായുള്ള ബന്ധം വേർപെടാതിരിക്കാനുമാണ് ഗീത പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുന്നതെന്നാണ് ഇരുവരുടെയും വിശദീകരണം. മുഗൾകാല ഭരണം ഒഴിവാക്കുകയും ദേശീയ സ്വാതന്ത്ര്യസമരത്തിൽ പങ്കില്ലാത്ത ജനസംഘം നേതാക്കളുടെ ജീവിതം പഠിക്കണമെന്ന് ശഠിക്കുകയും ചെയ്യുന്ന സമീപനവും ബിജെപി സർക്കാരുകളുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഇത്തരം നിലപാടിനെതിരെ പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളിൽ നിന്നുമാത്രമല്ല വിദ്യാഭ്യാസ വിചക്ഷണരിൽ നിന്നും എതിർപ്പുയരുകയുണ്ടായി. പക്ഷേ ഈ വിഷയത്തിൽ ഏറ്റവും ദൗർഭാഗ്യകരമായ പ്രതികരണം ഉണ്ടായത് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിൽ നിന്നാണ്. ആ പദവിയിൽ നിന്ന് പുറത്തുകടന്ന് സംഘപരിവാർ നേതാവിന് മാത്രം ചേർന്ന ഭാഷയിലാണ് അദ്ദേഹം അതിനെ ന്യായീകരിച്ചത്. എന്നുമാത്രമല്ല കാവിവല്ക്കരണം എതിർക്കപ്പെടേണ്ടതല്ലെന്നും കാവിയെന്നത് മഹത്തായൊരു കാര്യമാണെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു. കാവിവല്ക്കരണത്തെ എതിർക്കുന്നവർ കോളനിവാഴ്ചക്കാലത്തെ മാനസികാവസ്ഥയുള്ളവരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. നൂറ്റാണ്ടുനീണ്ടുനിന്ന കോളനിവാഴ്ച താഴ്ന്ന വിഭാഗമാണെന്ന ധാരണയുണ്ടാക്കിയെന്നും സംസ്കാരത്തെയും പരമ്പരാഗത വിജ്ഞാനത്തെയും പുച്ഛിക്കുവാൻ പഠിപ്പിച്ചുവെന്നുമാണ് അദ്ദേഹം പറയുന്നത്. തങ്ങളുടെ പൂർവപിതാക്കന്മാരെ കുറിച്ചും വെങ്കയ്യ നായിഡു പരാമർശിക്കുന്നുണ്ട്. ഉപരാഷ്ട്രപതിയെന്ന നിലയിലാണെങ്കിൽ അദ്ദേഹം പറയരുതാത്ത വാചകങ്ങളാണത്. ബിജെപിക്കാരനായും അദ്ദേഹത്തിനത് പറയുവാൻ അവകാശമില്ല. അതിനുകാരണം കോളനിവാഴ്ച അവസാനിപ്പിക്കുന്നതിനു നടന്ന സമരങ്ങളിൽ ബിജെപിയുടെ പൂർവപിതാക്കന്മാർ ഒരു പങ്കും വഹിച്ചിരുന്നില്ലെന്നതുതന്നെ. കാവിയെന്നത് നല്ലൊരു നിറമായി പരിഗണിച്ചിരുന്നുവെങ്കിലും ബിജെപി അത് അവരുടെ കൊടിക്കൂറയുടെ നിറമാക്കിയപ്പോൾ ആ വിശുദ്ധി നഷ്ടപ്പെട്ടുപോയിരിക്കുന്നു. കലാപങ്ങളുടെ രക്തക്കറകളും വിദ്വേഷ പ്രചരണത്തിന്റെ പാപക്കറകളും ചേർന്ന് ബിജെപിയുടെ കൊടിയിലെ കാവിനിറം അശുദ്ധമാക്കപ്പെട്ടിരിക്കുന്നു. സദുദ്ദേശ്യത്തോടെ അല്ലാത്തതുകൊണ്ടാണ് രാജ്യസ്നേഹികൾ കാവിവല്ക്കരണത്തെ എതിർക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തിരുന്ന് സംഘപരിവാർഭാഷയിൽ സംസാരിക്കുന്നതാണ് പൂർവികരോടുള്ള അനാദരവെന്ന് മനസിലാക്കുവാൻ വെങ്കയ്യ നായിഡുവിന് സാധിക്കണം.

You may also like this video;

Exit mobile version