Site iconSite icon Janayugom Online

സൈന്യത്തിലും കാവിവല്‍ക്കരണം

ഭരണപക്ഷത്തോടും പ്രതിപക്ഷത്തോടും തുല്യ അകലം പാലിച്ചിരുന്ന രാജ്യത്തെ സൈന്യവും ഹിന്ദുത്വത്തിലേക്ക് നീങ്ങുന്നു. അടുത്തിടെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനൊപ്പം കരസേന മേധാവി ഉപേന്ദ്ര ദ്വിവേദി ക്ഷേത്രദര്‍ശനം നടത്തിയതാണ് സൈന്യവും ഹിന്ദുത്വ ആശയങ്ങളിലേക്ക് വഴിമാറുന്നതായ സൂചന നല്‍കുന്നത്. മധ്യപ്രദേശിലെ മഹൗ ഗോപാല മന്ദിര്‍ ക്ഷേത്രത്തിലാണ് കരസേന മേധാവി രാജാനാഥ് സിങ്ങിനൊപ്പം കാവി വസ്ത്രം ധരിച്ച് ദര്‍ശനം നടത്തിയത്. ഇതുവരെയുള്ള കരസേന മേധാവിമാര്‍ ആരും പ്രതിരോധ മന്ത്രിക്കൊപ്പം കാവി വസ്ത്രം ധരിച്ച് ക്ഷേത്ര ദര്‍ശനം നടത്തിയിട്ടില്ല എന്ന വസ്തുത നിലനില്‍ക്കെയാണ് ഇത്. മുന്‍ഗാമികളെ കടത്തിവെട്ടിയുള്ള ദ്വിവേദിയുടെ പ്രകടനം വിരമിച്ച സൈനിക ഉദ്യേഗസ്ഥരുടെ രൂക്ഷ വിമര്‍ശനത്തിനും വഴിതെളിച്ചു. തൊട്ടുപിന്നാലെയാണ് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ ജീപ്പോടിച്ച് സൈന്യത്തിന്റെ ദാസ്യ മനോഭാവവും പ്രകടിപ്പിച്ചത്. ഡ്രൈവറുടെ വേഷത്തില്‍ സൈനിക കമാന്‍ഡറും വഴികാട്ടിയായി മേജറും വാഹനം ഓടിക്കുന്നതിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

ഡ്രൈവറുടെ സഹായിയായ മേജര്‍ വഴിയരികിലെ ജനങ്ങളെ ആട്ടിപ്പായിക്കുന്ന ദൃശ്യവും കാണം. അമര്‍നാഥ് തീര്‍ത്ഥാടനത്തിന്റെ സുരക്ഷ കൈകാര്യം ചെയ്യുന്ന കരസേന മേധാവി അടുത്തിടെ വൈഷ്ണോദേവി സന്ദര്‍ശനവും നടത്തി ഹിന്ദുത്വ മനോഭാവം പരസ്യമാക്കിയിരുന്നു. സൈനിക മേധാവിയുടെ അമര്‍നാഥ് സന്ദര്‍ശനം ഔദ്യോഗികമെന്ന് വിലയിരുത്താമെങ്കിലും വൈഷ്ണോദേവി സന്ദര്‍ശനം കരസേന മേധാവിയുടെ മനോഭാവം തുറന്ന് കാട്ടുന്നതായിരുന്നു. ജാതി-മത പരിഗണന യാതൊരു കാരണവശാലും പ്രവര്‍ത്തനങ്ങളില്‍ ദൃശ്യമാക്കാന്‍ പാടില്ലെന്നുള്ള ഭരണഘടനാ തത്വമാണ് കരസേന മേധാവി ക്ഷേത്ര ദര്‍ശനത്തിലുടെ ലംഘിച്ചിരിക്കുന്നതെന്നാണ് വിരമിച്ച മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരുടെ പ്രതികരണം. സംസ്ഥാന മുഖ്യമന്ത്രിയുടെ സാരഥിയായി മാറിയ സൈനിക ഉദ്യോഗസ്ഥന്റെ നടപടിയും കേട്ടുകേള്‍വിയില്ലാത്തതാണെന്നും ഇവര്‍ അഭിപ്രായപ്പെട്ടു. ബംഗ്ലാദേശ് യുദ്ധത്തില്‍ പാകിസ്ഥാനെ പരാജയപ്പെടുത്തി വിജയം കൈവരിച്ച സൈന്യത്തിന്റെ മുന്നില്‍ കീഴടങ്ങല്‍ സന്ധി സമ്മതിച്ച് പാകിസ്ഥാന്‍ സൈനിക മേധാവി ഒപ്പുവയ്ക്കുന്ന ചിത്രം കരസേന മേധാവിയുടെ ഓഫിസില്‍ നിന്ന് നീക്കം ചെയ്ത നടപടിക്ക് പിന്നാലെയാണ് കരസേനയുടെ മുഖം വികൃതമാക്കുന്ന ക്ഷേത്രദര്‍ശനവും ഡ്രൈവര്‍ ഡ്യൂട്ടിയും പുറത്ത് വന്നിരിക്കുന്നത്. കരസേന മേധാവിയുടെ ഓഫിസില്‍ നിന്ന് ചരിത്ര പ്രാധാന്യമുള്ള ചിത്രം നീക്കി പകരം ഗീതോപദേശ ചിത്രം സ്ഥാപിച്ചത് വ്യാപക വിമര്‍ശനം ഉയര്‍ത്തിയിരുന്നു. ലഡാക്കിലെ പാംഗോങ്ങില്‍ ഛത്രപതി ശിവജിയുടെ ദീര്‍ഘകായ പ്രതിമ സ്ഥാപിച്ചതും അടുത്തിടെയാണ്. സ്വാതന്ത്ര്യലബ്ദിക്ക് ശേഷം നാളിതുവരെ നിഷ്പക്ഷ നയം സ്വീകരിച്ച് വന്നിരുന്ന സൈന്യത്തെയും മോഡിയും ബിജെപിയും കാവിവല്‍ക്കരിക്കുന്നതിന്റെ ഉദാഹരണങ്ങളാണിതെന്ന് മുതിര്‍ന്ന സൈനികോദ്യോഗസ്ഥര്‍ പറഞ്ഞു.

Exit mobile version