Site iconSite icon Janayugom Online

സംഭാല്‍ ഷാഹി ജുമാ മസ്ജിദ് സര്‍വേ; ജില്ലാ കോടതി നടപടികള്‍ ഹൈക്കോടതി തടഞ്ഞു

സംഭാലിലെ ഷാഹി ജുമാ മസ്ജിദ് സർവേയുമായി ബന്ധപ്പെട്ട ജില്ലാ കോടതി നടപടികൾ സ്റ്റേ ചെയ്ത് അലഹാബാദ് ഹൈക്കോടതി. ജസ്റ്റിസ് രോഹിത് രഞ്ജൻ അഗർവാളിന്റേതാണ് ഉത്തരവ്. പള്ളിയിൽ സർവേ നടത്താനുള്ള ജില്ലാ കോടതി ഉത്തരവ് ചോദ്യം ചെയ്ത് പള്ളിക്കമ്മിറ്റി സമർപ്പിച്ച ഹർജിയിലാണ് തീരുമാനം.
അഭിഭാഷക കമ്മിഷണർ സർവേ റിപ്പോർട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചതിനു പിന്നാലെയാണ് പുതിയ നടപടി. സർവേയ്ക്കിടെയെടുത്ത വീഡിയോ ദൃശ്യങ്ങളും ഫോട്ടോകളും റിപ്പോർട്ടിലുണ്ടെന്നാണ് സൂചന. സുപ്രീം കോടതി അഭിഭാഷകൻ ഹരി ശങ്കർ ജെയിൻ ഉൾപ്പെടെ എട്ടുപേർ സമർപ്പിച്ച ഹർജിയിൽ നവംബർ 19നാണ് അഭിഭാഷക കമ്മിഷണറുടെ നേതൃത്വത്തിൽ പള്ളിയിൽ സർവേ നടത്താൻ സംഭാൽ കോടതി ഉത്തരവിട്ടത്.
1526ൽ മുഗൾ ചക്രവർത്തിയായിരുന്ന ബാബർ ക്ഷേത്രം പൊളിച്ച് പള്ളിപണിയുകയായിരുന്നെന്നാണ് ഹർജിക്കാരുടെ വാദം. പിന്നീട് നവംബർ 24ന് മസ്ജിദിൽ രണ്ടാഘട്ട സർവേയ്ക്കിടെ വൻ പ്രതിഷേധം പൊട്ടിപ്പുറപ്പെടുകയും സംഭവത്തിൽ നാലുപേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. കേസില്‍ ഫെബ്രുവരി 25ന് വീണ്ടും വാദം കേള്‍ക്കും.
അതേസമയം സര്‍വേക്കിടെയുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെടുത്തി കേസെടുത്ത 91 പേര്‍ക്കെതിരേ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുമെന്ന് യുപി പൊലീസ് അറിയിച്ചു. പൊലിസിന് നേരെ കല്ലെറിഞ്ഞ ആറ് സ്ത്രീകള്‍ ഉള്‍പ്പെടെ 54 പ്രതികളെ അറസ്റ്റ് ചെയ്തതായും അക്രമത്തില്‍ പങ്കെടുത്തതിന് 91 പ്രതികളെ കൂടി പിടികൂടാനുണ്ടെന്നും പൊലീസ് പറഞ്ഞു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി രണ്ടുദിവസത്തിനുള്ളില്‍ കോടതി ഇവര്‍ക്കെതിരേ വാറണ്ട് പുറപ്പെടുവിക്കുമെന്നാണ് റിപ്പോര്‍ട്ട്. പ്രതികളുടെ കുടുംബം അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കീഴടങ്ങാന്‍ തയാറായില്ലെങ്കില്‍ സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന വിധത്തിലുള്ള നടപടികളിലേക്ക് നീങ്ങുമെന്നും പൊലീസ് മുന്നറിയിപ്പും നല്‍കി.

Exit mobile version