Site iconSite icon Janayugom Online

സംയുക്ത കര്‍മ്മ സമിതിയോഗം ഇന്ത്യയുടെ പരിച്ഛേദം

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ മണ്ഡലാതിര്‍ത്തി പുനര്‍നിര്‍ണയത്തിനെതിരെ നടന്ന യോഗം ഇന്ത്യയുടെ പരിച്ഛേദമായി. പുനര്‍നിര്‍ണയം 25 വര്‍ഷം മരവിപ്പിക്കണമെന്ന് ചെന്നൈയില്‍ നടന്ന സംയുക്ത കര്‍മ്മ സമിതി (ജോയിന്റ് ആക്ഷന്‍ കമ്മിറ്റി) യോഗം ആവശ്യപ്പെട്ടു. പുനര്‍നിര്‍ണയം വഴി മണ്ഡ‍ലങ്ങളുടെ എണ്ണം കുറയുമെന്ന ആശങ്കയ്ക്കിടെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുഖ്യമന്ത്രിമാരുടെയും വിവിധ പാര്‍ട്ടി നേതാക്കളുടെയും യോഗമാണ് ആവശ്യമുന്നയിച്ചത്. ദക്ഷിണേന്ത്യക്ക് പുറമേ പഞ്ചാബ്, ഒഡിഷ സംസ്ഥാനങ്ങളിലെ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും പങ്കെടുത്ത ആദ്യ യോഗത്തിലാണ് കേന്ദ്ര സര്‍ക്കാരിന്റെ തലതിരിഞ്ഞ പരിഷ്കാരത്തിനെതിരെ പ്രമേയം പാസാക്കിയത്. രാജ്യപുരോഗതിക്കായി യത്നിച്ച സംസ്ഥാനങ്ങളുടെ ചരിത്രപരമായ ദിനമായിരുന്നു ഇതെന്ന് ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ സ്റ്റാലിന്‍ വ്യക്തമാക്കി. ഫെഡറല്‍ സംവിധാനം കാത്തുസൂക്ഷിക്കാനും മാന്യമായ അതിര്‍ത്തി പുനര്‍നിര്‍ണയം സാധ്യമാക്കാനും സുപ്രധാന കൂട്ടായ്മ സാക്ഷ്യം വഹിച്ചുവെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ പങ്കെടുത്ത മുഖ്യമന്ത്രിമാരായ പിണറായി വിജയന്‍, രേവന്ത് റെഡ്ഡി, ഭഗവന്ത് മന്‍ എന്നിവരുടെ പേരുകള്‍ ഇംഗ്ലീഷിലും മാതൃഭാഷയിലും പ്രദര്‍ശിപ്പിച്ച് ത്രിഭാഷാ നയത്തെ പരോക്ഷമായി വിമര്‍ശിക്കാനും സ്റ്റാലിന്‍ അവസരം വിനിയോഗിച്ചു. 

കേന്ദ്ര സര്‍ക്കാരിന്റെ വിവാദ തീരുമാനം ഡെമോക്ലിസിന്റെ വാളു പോലെയാണെന്ന് യോഗത്തില്‍ സംസാരിച്ച മുഖ്യമന്ത്രി പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി. പുതിയ തീരുമാനം വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാകും. എന്നാല്‍ ദക്ഷിണേന്ത്യ ഉള്‍പ്പെടെ പല സംസ്ഥാനങ്ങളിലും മണ്ഡലം കുറയുന്ന സ്ഥിതി സംജാതമാകും. ഇത്തരം ജനവിരുദ്ധ തീരുമാനം അംഗീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ കൂട്ടായ്മ രാജ്യത്തിന്റെ ഐക്യം കാത്തുസൂക്ഷിക്കുന്നതിനുവേണ്ടിയുള്ളതാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞു.

അതിര്‍ത്തി നിര്‍ണയം ദക്ഷിണേന്ത്യയുടെ ജനാധിപത്യ ശബ്ദം ദുര്‍ബലമാക്കുമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി പറഞ്ഞു. ഹിന്ദി ഭാഷ സംസാരിക്കുന്ന സംസ്ഥാനങ്ങള്‍ക്ക് മാത്രമാണ് പരിഷ്കാരം നേട്ടം വരുത്തുകയെന്ന് യോഗത്തെ അഭിസംബോധന ചെയ്ത പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍ ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളുടെ എടിഎം മെഷീനായി മാറുന്ന സ്ഥിതിവിശേഷമാണ് നിര്‍ദിഷ്ട പരിഷ്കാരത്തിലൂടെ സംഭവിക്കുകയെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍ പ്രതികരിച്ചു. ഒഡിഷ മുന്‍ മുഖ്യമന്ത്രി നവീന്‍ പട്നായിക്, കെ ടി രാമറാവു തുടങ്ങി നിരവധി നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു. ഇതിനിടെ ബിജെപി സംസ്ഥാന ഘടകം യോഗസ്ഥലത്ത് പ്രതിഷേധ പ്രകടനം നടത്തി. 

Exit mobile version