ചന്ദനം കടത്തുന്നതിനിടെ ബിജെപി പ്രവർത്തകരെ ഫോറസ്‌റ്റ് അധികൃതർ അറസ്റ്റു ചെയ്തു. മംഗലപുരത്തിനടുത്ത് കുറക്കട ഭാവന ജങ്ഷനു സമീപം കൂത്താങ്ങൽ വീട്ടിൽ ഷൈൻ (43), മുദാക്കൽ ചെമ്പൂര് കാർത്തികയിൽ ജയ്‌മോഹൻ (32), ചെമ്പൂര് കറണ്ടകത്തു വിളാകം വീട്ടിൽ ജയകൃഷ്ണൻ എന്നിവരാണ് പാലോട് ഫോറസ്റ്റ് സംഘത്തിന്റെ പിടികൂടിയത്. പതിനേഴ് കിലോയോളം വരുന്ന ചന്ദനമാണ് സംഘം കടത്തിയത്.
ചെമ്പക മംഗലത്തുള്ള ഷൈനിന്റെ വീട്ടിൽ ചാക്കിൽ പൊതിഞ്ഞ് ഒളിപ്പിച്ചിരുന്ന 16.850 കിലോ ചന്ദനത്തടി ഫോറസ്റ്റ് സംഘം കണ്ടെടുത്തു. ഫോറസ്റ്റ് സംഘത്തിനു കിട്ടിയ വിവരത്തെ തുടർന്ന് പ്രതികൾ നിരീക്ഷണത്തിലാണ്. ഇതിനിടെ ചന്ദനത്തടി മറ്റൊരിടത്തേക്ക് മാറ്റാൻ ശ്രമിക്കവെയാണ് പിടിയിലായത്. ഇവർക്കു പിന്നിൽ വലിയൊരു കള്ളക്കടത്തു സംഘം ഉള്ളതായാണ് വിവരം. മൂന്നുപേരും സജീവ ബിജെപി–ആർഎസ്എസ് പ്രവർത്തകരാണ്.

