Site iconSite icon Janayugom Online

വിക്രം മിസ്രിക്കും കുടുംബത്തിനുമെതിരെ സംഘ്പരിവാര്‍ സൈബര്‍ ആക്രമണം

ഇന്ത്യ‑പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്കും കുടുംബത്തിനും നേരെ സൈബര്‍ ആക്രമണം. സമൂഹമാധ്യമത്തിലെ ഒരു കൂട്ടം അക്കൗണ്ടുകള്‍ മിസ്രിക്കും അദ്ദേഹത്തിന്റെ പെണ്‍മക്കള്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കുമെതിരെ സൈബര്‍ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍.

ചതിയൻ, രാജ്യദ്രോഹി എന്നിങ്ങനെ അധിക്ഷേപവാക്കുകളാണ് സമൂഹമാധ്യമ ഉപയോക്താക്കള്‍ ഇവര്‍ക്കെതിരെ പ്രയോഗിക്കുന്നത്. അദ്ദേഹത്തിന്റെ പെണ്‍മക്കളെ കുറിച്ച് ലൈംഗികപരമായ വാക്കുകളും ഉപയോഗിച്ചുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. മറ്റ് ചിലര്‍ അദ്ദേഹത്തെ അനുകൂലിച്ചും പോസ്റ്റ് ചെയ്തു. അധിക്ഷേപം രൂക്ഷമായതോടെ എക്സ് അക്കൗണ്ട് പ്രൈവറ്റാക്കി മാറ്റേണ്ടതായി വന്നു.
സാഹചര്യം വഷളാക്കുകയല്ല ഇന്ത്യയുടെ സമീപനമെന്ന് വിക്രം മിസ്രി കഴിഞ്ഞദിവസം നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞിരുന്നു. യുദ്ധമല്ല മറിച്ച് പഹല്‍ഗാം ആക്രമണത്തില്‍ നിഷ്കളങ്കരായ വിനോദസഞ്ചാരികളെ കൊന്ന ഭീകരരെ കണ്ടുപിടിച്ച് ശിക്ഷിക്കുക മാത്രമാണ് ഇന്ത്യ ലക്ഷ്യം വച്ചതെന്നും മിസ്രി പ്രതികരിച്ചിരുന്നു. 

ഇന്ത്യ‑പാകിസ്ഥാന്‍ സംഘര്‍ഷത്തിന് പിന്നാലെ സൈനിക നീക്കം സംബന്ധിച്ച പ്രതിദിന വാര്‍ത്താസമ്മേളനത്തിന് എത്തിയതോടെയാണ് വിക്രം മിസ്രി രാജ്യത്തിന്റെ ശ്രദ്ധാകേന്ദ്രമായി മാറിയത്. 1964 നവംബര്‍ ഏഴിന് ശ്രീനഗറിലാണ് വിക്രം മിസ്രി ജനിച്ചത്. ജമ്മു കശ്മീരിലാണ് കുട്ടിക്കാലം ചെലവഴിച്ചത്. 1989ലാണ് ഇന്ത്യന്‍ വിദേശകാര്യ സര്‍വീസിന്റെ ഭാഗമാകുന്നത്. പിന്നീട് വിദേശകാര്യമന്ത്രാലയത്തിന്റെ പാകിസ്ഥാന്‍ ഡെസ്കില്‍ സേവനമനുഷ്ഠിച്ചു.
ഐ കെ ഗുജ്റാള്‍, മന്‍മോഹന്‍ സിങ്, നരേന്ദ്ര മോഡി എന്നീ മൂന്ന് പ്രധാനമന്ത്രിമാരുടെ പ്രൈവറ്റ് സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്പെയിന്‍, മ്യാന്‍മര്‍, ചൈന രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധിയായും ജോലി ചെയ്തു. കഴിഞ്ഞ വര്‍ഷം ജൂലൈ 15ന് ആണ് 35-ാമത് വിദേശകാര്യ സെക്രട്ടറിയായി വിക്രം മിസ്രിയെ നിയമിച്ചത്. 

Exit mobile version