Site iconSite icon Janayugom Online

കര്‍ണാടകയില്‍ കോണ്‍ഗ്രസിന് സംഘ്പരിവാര്‍ മുഖം

കര്‍ണാടകയിലെ ബാബാബുദന്‍ ദര്‍ഗയ്ക്ക് മേലുള്ള സംഘ്പരിവാറിന്റെ അവകാശവാദത്തിന് പിന്തുണയുമായി സിദ്ധരാമയ്യ സര്‍ക്കാര്‍. ഇതുസംബന്ധിച്ച് ആര്‍എസ്എസിന് അനുകൂലമായി സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലവും സമര്‍പ്പിച്ചു.
ഹിന്ദുക്കളും മുസ്ലിങ്ങളും ഒരുപോലെ ആരാധിക്കുന്ന പ്രശസ്ത ബാബാബുദന്‍ ദര്‍ഗയിലെ മതപരമായ സ്വഭാവവും ഭരണപരമായ രീതികളും സംബന്ധിച്ച് മുന്‍ ബിജെപി സര്‍ക്കാരിന്റെ ഉത്തരവ് ശരിവയ്ക്കുന്ന രീതിയിലാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ മാര്‍ച്ച് 26ന് സത്യവാങ്മൂലം സമര്‍പ്പിച്ചിരിക്കുന്നത്. 11-ാം നൂറ്റാണ്ടില്‍ ക്വാലന്ദ്രിയ സൂഫി പാരമ്പര്യത്തിലെ ദാദാ ഹയാത്ത് നിര്‍ ക്വാലന്ദറിന്റെ വാസസ്ഥലമായിരുന്നു ഈ ദര്‍ഗ. 16-ാം നൂറ്റാണ്ടിന്റെ അവസാനം സംസ്ഥാനത്തും രാജ്യത്തും കാപ്പിത്തോട്ടങ്ങള്‍ പ്രചരിപ്പിച്ചതായി കരുതുന്ന സൂഫി സന്യാസി ബാബാബുദന്റെ കേന്ദ്രമായി ഇത് മാറി. 

1990 കളുടെ തുടക്കത്തില്‍ രാമജന്മഭൂമി തര്‍ക്കം ആരംഭിച്ചപ്പോള്‍ സംഘ്പരിവാര്‍ ചിക്കമംഗളൂരുവിലെ ഈ ദര്‍ഗ തങ്ങളുടെ ദക്ഷിണേന്ത്യയിലെ അയോധ്യയായിക്കണ്ട് അവകാശവാദം ഉന്നയിച്ചു. ഹിന്ദു ദേവതയായ ദത്താത്രേയയുടെ ആസ്ഥാനമാണെന്ന് പ്രചരിപ്പിക്കുകയും ക്ഷേത്രത്തില്‍ ദത്ത ജയന്തി ആഘോഷിക്കാന്‍ അനുമതി തേടുകയും ചെയ്തു. പിന്നീട് ബിജെപിയും ആര്‍എസ്എസും സംസ്ഥാനത്ത് ശക്തിപ്രാപിച്ചപ്പോള്‍ ദര്‍ഗയെ ദത്താത്രേയ ക്ഷേത്രമാക്കി മാറ്റാനുള്ള ആശയം വളര്‍ത്തിക്കൊണ്ടുവന്നു. മാറിമാറി ഭരിച്ച കോണ്‍ഗ്രസ് സര്‍ക്കാരുകളാകട്ടെ പക്ഷാപാതപരമായ സമീപനം സ്വീകരിച്ചു. ഉദ്യോഗസ്ഥരും നീതിന്യായ വ്യവസ്ഥയും ആര്‍എസ്എസിനൊപ്പം നിന്നു.

2007ല്‍ ഹിന്ദുത്വ സംഘങ്ങളുടെ അവകാശവാദം പരിശോധിക്കാന്‍ കര്‍ണാടക ഹൈക്കോടതി ഉത്തരവിട്ടു. ഇത് ദത്താത്രേയ ക്ഷേത്രമായിരുന്നെന്നും 1780കളില്‍ ഹൈദരലിയുടെ കാലത്ത് ദര്‍ഗയാക്കി മാറ്റിയെന്നും എന്‍ഡോവ്മെന്റ് കമ്മിഷണര്‍ സ്ഥിരീകരിക്കുകയും ചെയ്തു. ഹിന്ദു പുരോഹിതനെ നിയമിക്കണമെന്നും ദര്‍ഗയില്‍ ഹിന്ദു ആചാരങ്ങള്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടു.
സുപ്രീം കോടതിയില്‍ ഈ ഉത്തരവ് ചോദ്യം ചെയ്യപ്പെട്ടു. ക്ഷേത്രമാണെന്നതിനുള്ള വസ്തുതാപരമായ തെളിവുകള്‍ തേടുന്നതിന് സുപ്രീം കോടതി നിര്‍ദേശപ്രകാരം മൂന്നിലധികം പൊതു ഹിയറിങ്ങുകള്‍ നടന്നു. 2022ല്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത് നടന്ന പൊതുഹിയറിങ്ങിനെ തുടര്‍ന്ന് ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉന്നയിച്ച എല്ലാ അവകാശവാദങ്ങളും ശരിവച്ചു. ക്ഷേത്രഭരണത്തിനായി ഹിന്ദുക്കളും മുസ്ലിങ്ങളും അടങ്ങുന്ന തുല്യ കമ്മിറ്റി രൂപീകരിക്കാനും മുസ്ലിം പുരോഹിതനൊപ്പം ഹിന്ദു പുരോഹിതനെ നിയമിക്കാനും ബിജെപി സര്‍ക്കാര്‍ ഉത്തരവിട്ടു. 

ഹിന്ദു വോട്ടുകള്‍ നഷ്ടപ്പെടുമെന്ന് ഭയന്ന് അന്നത്തെ കോണ്‍ഗ്രസ്-ജനതാദള്‍ സര്‍ക്കാരുകള്‍ ഹിന്ദുത്വ നുണകളെ നിയമവിധേയമാക്കുകയായിരുന്നു. നിലവിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഹിന്ദുത്വ അജണ്ടയുമായി ഒത്തുകളിക്കുകയും ദര്‍ഗയെ അര്‍ധ ക്ഷേത്രമാക്കുന്നതിന് നിയമസാധുത നല്‍കുകയും ചെയ്തിരിക്കുകയാണെന്ന് ആരോപണം ഉയര്‍ന്നിട്ടുണ്ട്.

Exit mobile version