സുപ്രീം കോടതിയുടെ 51-ാമത് ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപദി ദ്രൗപതി മുര്‍മുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
ചീഫ് ജസ്റ്റിസായിരുന്ന ഡി വൈ ചന്ദ്രചൂഡിന്റെ കാലവധി അവസാനിച്ചതിനെ തുടര്‍ന്നാണ് നിയമനം. ഏകദേശം ഏഴുമാസമാണ് ഇദ്ദേഹത്തിന്റെ സേവന കാലാവധി. 2025 മേയ് 13 ന് പുതിയ ചീഫ് ജസ്റ്റിസിന്റെ സേവനം പൂര്‍ത്തിയാകും.
2019 ജനുവരി 18നാണ് ഡല്‍ഹി ഹൈക്കോടതിയില്‍ നിന്നും സുപ്രീം കോടതി ജഡ്ജിയായി അദ്ദേഹത്തിന് സ്ഥാനക്കയറ്റം ലഭിച്ചത്. 1983ല്‍ ജസ്റ്റിസ് ഖന്ന അഭിഭാഷകനായി ജോലി ആരംഭിച്ചു. നികുതി, ഭരണഘടനാ നിയമങ്ങള്‍, തര്‍ക്കങ്ങള്‍, വാണിജ്യം, പരിസ്ഥിതി മേഖലകളിലാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. 2004ല്‍ ഡല്‍ഹി സ്റ്റാന്‍ഡിങ്ങ് കൗണ്‍സലായി നിയമിതനായി. 2005ല്‍ ഡല്‍ഹി ഹൈക്കോടതി അഡീഷണല്‍ ജഡ്ജായി നിയമനം ലഭിച്ചു. സുപ്രീം കോടതി മുന്‍ ജഡ്ജി ഹന്‍സ് രാജ് ഖന്നയുടെ അനന്തരവനാണ് ജസ്റ്റിസ് ഖന്ന.
സത്യപ്രതിജ്ഞാ ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി, ഉപരാഷ്ട്രപതി ജഗ്‌ദീപ് ധന്‍ഖര്‍, പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ്, മുന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തു.