Site iconSite icon Janayugom Online

ഒന്നിനുമില്ല നില, ഉന്നതമായ കുന്നുമെന്നല്ല…

brij bhooshanbrij bhooshan

ജീവിച്ചിരിക്കുമ്പോള്‍ ഹിറ്റ്ലറും മുസോളിനിയും ഫ്രാങ്കോയുമെല്ലാം കരുതിയിരുന്നത് തങ്ങള്‍ക്ക് മരണമില്ലെന്നും ലോകാവസാനം വരെ അടിച്ചുപൊളിച്ചു നടക്കുമെന്നുമായിരുന്നു. അവരുടെ അന്ത്യം ചരിത്രത്താളുകളുടെ ഭാഗം. നമ്മുടെ മോഡിയുടെ മനോഗതിയും മറ്റൊന്നല്ല. തന്റെ കോട്ടകള്‍ ഒരിക്കലും തകരില്ലെന്ന ഹുങ്ക്. ‘വാനരന്മാര്‍ എന്തറിയുന്നു വിഭോ’ എന്ന് പണ്ടാരാണ്ട് പറഞ്ഞപോലെ ഏതോ സ്വപ്നലോകത്തില്‍ കഴിയുന്ന മോഡി ഭാസ്കരന്‍. കഴിഞ്ഞയാഴ്ച മഹാരാഷ്ട്രയില്‍ നിന്ന് ഒരു വാര്‍ത്തവന്നു. ഉറുമ്പിന് പ്രേമം വന്നാല്‍ പോലും ബ്രേക്കിങ് ന്യൂസ് ആക്കുന്ന ഇന്ത്യന്‍ മാധ്യമങ്ങള്‍ അതറിഞ്ഞ മട്ടുകാണിച്ചില്ല. പക്ഷേ അന്താരാഷ്ട്ര മാധ്യമങ്ങള്‍ക്ക് അത് വലിയ വാര്‍ത്തയായിരുന്നു.

ഇന്ത്യയിലെ ഏറ്റവും വലിയ നഗരസഭകളിലൊന്നാണ് നാഗ്പൂര്‍. ആര്‍എസ്എസിന്റെയും സര്‍സംഘ്ചാലക് മോഹന്‍ ഭാഗവതിന്റെയും ആസ്ഥാനം. കേന്ദ്ര മന്ത്രിസഭയിലെ കരുത്തനായ നിതിന്‍ഗഡ്കരിയുടെയും മഹാരാഷ്ട്രാ മുഖ്യമന്ത്രിയായിരുന്ന ഇപ്പോഴത്തെ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും തട്ടകം. കഴിഞ്ഞ 65 വര്‍ഷമായി ഹിന്ദുമഹാസഭയോ ജനസംഘമോ ജനതാ പാര്‍ട്ടിയോ ബിജെപിയോ മാത്രം ജയിച്ചിട്ടുള്ള നാഗ്പൂര്‍. ഇത്തവണ മഹാരാഷ്ട്ര നിയമനിര്‍മ്മാണ കൗണ്‍സിലിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തെ കോണ്‍ഗ്രസ്, എന്‍സിപി, ശിവസേനാ സഖ്യമായ മഹാവികാസ് അഘാഡി സഖ്യത്തിലെ സ്ഥാനാര്‍ത്ഥി സുധാകര്‍ അദ്ബലെ ബിജെപി സ്ഥാനാര്‍ത്ഥിയും സിറ്റിങ് എംഎല്‍സിയുമായ നാഗോറാവ് ഗനോറിനെ മലര്‍ത്തിയടിച്ചു. തെരഞ്ഞെടുപ്പ് നടന്ന മറ്റ് കൗണ്‍സില്‍ സീറ്റുകളില്‍ ഒന്നൊഴികെ മറ്റെല്ലാം പ്രതിപക്ഷം പിടിച്ചെടുത്തപ്പോള്‍ ഞെട്ടിയത് മോഡിയും മോഹന്‍ ഭാഗവതും ഗഡ്കരിയും. ‘ഒന്നിനുമില്ല നില ഉന്നതമായകുന്നും എന്നല്ലയാഴിയുമൊരിക്കല്‍ നശിക്കുമോര്‍ത്താല്‍’ എന്ന ഓര്‍മ്മപ്പെടുത്തല്‍ പോലെ. കാലത്തിന്റെ കുത്തൊഴുക്കില്‍ മഹാമലകള്‍ ഇടിഞ്ഞു തകരുമെന്ന് അഡാനി എന്നെങ്കിലും കരുതിയിരുന്നോ!


ഇതുകൂടി വായിക്കൂ: മഹാദേവിക്കാട് കാട്ടിൽ തെക്കേതിൽ ജലരാജന്‍


നമ്മുടെ മലയാളമല്ലാതെ ഏതു ഭാഷയുണ്ടാവും ലോകത്ത് തെറ്റിനെയും ശരിയെയും ഒരുപോലെ ന്യായീകരിക്കാന്‍. ചോദ്യം യുഎസിലെ ഇംഗ്ലീഷ് അധ്യാപികയായ ഒരു മദാമ്മയുടേതാണ്. നാടുകാണാന്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വന്നതാണ്. നമ്മുടെ മലയാളികള്‍ നാടുകാണുന്നതു പോലെയല്ല വിദേശികള്‍ ഇന്ത്യയില്‍ വരുന്നത്. ഇവിടത്തെ അനുഭവം പഠിക്കാനാണ്, ഭാഷയെക്കുറിച്ചറിയാനാണ്. കൊല്ലം കരുനാഗപ്പള്ളിയില്‍ മീന്‍കച്ചവടക്കാരിയായാണ് യുഎസുകാരിയായ ഇംഗ്ലീഷ് അധ്യാപിക മലയാളികളെ പഠിക്കുന്നത്. മീനിന്റെ പേരുകളും മീനുകളെക്കുറിച്ചുള്ള പഴമൊഴികളും പച്ചവെള്ളംപോലെ പറയും. എങ്ങനെയും വളയ്ക്കാനും ഒടിക്കാനും പറ്റിയ ഭാഷ മലയാളമാണെന്ന് മദാമ്മയുടെ സാക്ഷ്യം. ഒരു കൊലയാളിയെ രക്ഷിക്കണമെങ്കില്‍ അയാള്‍ക്ക് മാനസികരോഗമുണ്ടെന്നു പറഞ്ഞാല്‍ മതി. ബലാത്സംഗ വീരനെങ്കില്‍ അയാള്‍ക്ക് തെല്ലു ജാഗ്രതക്കുറവുണ്ടായി എന്നു പറഞ്ഞാല്‍ മതി. തീവ്രത കുറഞ്ഞ ബലാത്സംഗമെന്നു പറഞ്ഞും പീഡകനെ രക്ഷപ്പെടുത്താം. മനുഷ്യസഹജമായ കൈപ്പിഴ എന്നു പറഞ്ഞും തടിയൂരാം. അനില്‍ ആന്റണിയുടെ ബിജെപി പ്രശംസയെയും ബിബിസി ഭര്‍ത്സനത്തെയും ആര്‍ക്കും ഒരു തെറ്റുപറ്റാമെന്നു പറഞ്ഞ് സുധാകരന് ന്യായീകരിക്കാം. ഇനി പറയൂ ഇതിനെക്കാള്‍ നല്ല ഭാഷ ബ്രഹ്മാണ്ഡത്തില്‍ എവിടെയുണ്ട്!


ഇതുകൂടി വായിക്കൂ:  കപ്പിത്താനില്ലാതെ ആടിയുലയുന്ന കപ്പൽ


നോര്‍വേയില്‍ ലോംഗിയര്‍ ബെെന്‍ എന്ന ഒരു ദ്വീപുണ്ട്. അവിടെ മരിക്കുന്നതും ജനിക്കുന്നതും നിയമം മൂലം നിരോധിച്ചിരിക്കുന്നു! ഇവിടെ ഒരാശുപത്രിപോലും ഇല്ലാത്തതിനാല്‍ ജനനം നടക്കണമെങ്കില്‍ ഗര്‍ഭിണിയെ മറ്റെവിടേക്കെങ്കിലും ചുമന്നു മാറ്റണം. ദ്വീപില്‍ കൊടും തണുപ്പായതിനാല്‍ മൃതദേഹങ്ങളും രോഗാണുക്കളും ജീര്‍ണിക്കുകയില്ല. അതുകൊണ്ട് മരണാസന്നരെയും മറ്റെവിടേയ്ക്കെങ്കിലും കെട്ടിയെടുക്കണം. നമ്മുടെ കേരളവും ഇതുപോലെയങ്ങ് കളറാവുകയല്ലേ! നമ്മുടെ അതിര്‍ത്തിയില്‍ കര്‍ണാടകത്തില്‍ ഒരു പെണ്‍കുട്ടിക്കെതിരെ കേസെടുത്തിരിക്കുന്നു. ആ വിദ്യാര്‍ത്ഥിനി ഓടിച്ച സ്കൂട്ടര്‍ റോഡ് മുറിച്ചുകടന്ന കടുവയുടെ ദേഹത്തു തട്ടി പരിക്കേല്പിച്ചതിനാണ് കേസ്. കുട്ടിക്കും കാര്യമായി പരിക്കേറ്റെങ്കിലും കടുവയ്ക്കെതിരെ കേസില്ല. മൂന്നാറില്‍ ആളെക്കൊല്ലി കടുവ രാത്രിയില്‍ ഇരപിടിക്കാനിറങ്ങി. ഒരു വീട്ടില്‍ കയറി മനുഷ്യനെ കൊന്നുതിന്നാന്‍ ശ്രമിക്കുന്നതിനിടെ കമ്പിയില്‍ കുടുങ്ങി ചത്തു. ആ സുന്ദരി കടുവാപ്പെണ്ണിനെ കൊല്ലാ‍ന്‍ ആസൂത്രിതമായി ഗൂഢാലോചന നടത്തിയതിന് ഗൃഹനാഥനെതിരെ കേസെടുത്തിരിക്കുന്നു. ഒരു കുടുംബത്തിന്റെ കൂട്ടമരണത്തിനും നോര്‍വീജിയന്‍ ദ്വീപിലെ നിരോധനം. ആനയോ കടുവയോ കൊല്ലാന്‍ വന്നാല്‍ കൂപ്പുകൈകളോടെ നിന്നു കൊടുക്കണം. അതല്ലെങ്കില്‍ വാ അളിയാ എന്നു പറഞ്ഞ് കൊലകൊമ്പന്റെയും കൊലയാളി കടുവയുടെയും മുന്നില്‍ മപ്പടിച്ചു നില്‍ക്കണം. തോക്കു തൊട്ടു പോകരുത്. ഇതൊക്കെ എന്തൊരു നിയമമെടാ മൈതീനേ!


ഇതുകൂടി വായിക്കൂ:  മരണമില്ലാത്ത മൂന്നക്ഷരം


ബിജെപിയുടെ എംപിയാകണമെങ്കില്‍ എന്തെല്ലാം കടമ്പകള്‍ കടക്കണം. എന്റെ ഭഗവാനേ! വനിതാ ഗുസ്തിതാരങ്ങളോട് ലൈംഗികാതിക്രമങ്ങള്‍ നടത്തിയതിന് കുടുങ്ങിയ ബിജെപിയുടെ ലോക്‌സഭാംഗവും അഖിലേന്ത്യാ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ് കടന്നുവന്ന കനല്‍വഴികള്‍ എത്ര! ആദ്യം പോക്കറ്റടി. പിന്നെ ബൈക്ക് മോഷണം, മോഷ്ടിച്ച ബൈക്കില്‍ ചുറ്റിയടിച്ച് മാലമോഷണം, മൂന്നു കൊലപാതകം, എണ്ണമറ്റ കൊലപാതക ശ്രമങ്ങള്‍, കയ്യില്‍ അല്പം കാശുവന്നപ്പോള്‍ ഹോട്ടല്‍ ബിസിനസ്, ബലാത്സംഗങ്ങള്‍, പെണ്‍വാണിഭം. ഇത്രയുമായപ്പോള്‍ ബിജെപി പറഞ്ഞു, മതിമതി യോഗ്യതകള്‍ ധാരാളം. ഇനിയിരിക്കട്ടെ എംപി സ്ഥാനം. എംപിയായും കഴിവു തെളിയിച്ചു. ഗുസ്തിക്കാരി പെണ്‍കിടാങ്ങള്‍ക്ക് കൂട്ടത്തോടെ പീഡനം! ചൊട്ടമുതല്‍ ശീലം ചുടലവരെ എന്നല്ലേ പ്രമാണം.

Exit mobile version