Site iconSite icon Janayugom Online

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ നടപ്പിലാക്കാന്‍ എസ്‌സി-എസ്‌ടി ഫണ്ട്

sidharamaiahsidharamaiah

കര്‍ണാടകയില്‍ എസ്‌സി-എസ്‌ടി ഫണ്ട് വിനിയോഗത്തില്‍ സര്‍ക്കാര്‍ ക്രമക്കേട് നടത്തിയെന്ന ആരോപണം പുതിയ രാഷ്ട്രീയ വിവാദം സൃഷ്ടിക്കുന്നു. പട്ടികജാതി-പട്ടികവര്‍ഗ ക്ഷേമത്തിനായി നീക്കി വയ്ക്കാതെ ഫണ്ട് വകമാറ്റി ചെലവഴിച്ചുവെന്നാണ് സിദ്ധരാമയ്യ സര്‍ക്കാരിനെതിരായ ആരോപണം. ഗൃഹലക്ഷ്മി, ഗൃഹജ്യോതി, അന്ന ഭാഗ്യ, യുവനിധി തുടങ്ങിയ തെരഞ്ഞെടുപ്പ് വാഗ്ദാന പദ്ധതികള്‍ക്കായാണ് പട്ടികവിഭാഗങ്ങള്‍ക്കായുള്ള ഫണ്ട് വിനിയോഗിച്ചതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. 

പട്ടികജാതി ഉപപദ്ധതി (എസ്‌സിഎസ്‌പി), ട്രൈബൽ ഉപപദ്ധതി (ടിഎസ്‌പി) എന്നിവയ്ക്ക് കീഴിൽ സര്‍ക്കാര്‍ പ്രഖ്യാപിച്ച നാല് ക്ഷേമ പദ്ധതികളില്‍ നിന്നും പട്ടികജാതി-വര്‍ഗ വിഭാഗങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കുന്നില്ല. 2024–25 സാമ്പത്തിക വര്‍ഷം നാല് പദ്ധതികള്‍ക്കായി 14,730 കോടി രൂപയാണ് സര്‍ക്കാര്‍ വകയിരുത്തിയത്. എന്നാല്‍ ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതില്‍ സര്‍ക്കാര്‍ വീഴ്ച വരുത്തി. ഗുണഭോക്താക്കളുടെ എണ്ണത്തിന് അനുസരിച്ചല്ല ഫണ്ട് വിതരണം നടന്നിരിക്കുന്നതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. ബജറ്റ് സമ്മേളനത്തില്‍ വിഷയം ഉയര്‍ത്തിക്കൊണ്ടുവരാനാണ് പ്രതിപക്ഷ പാര്‍ട്ടികളായ ബിജെപിയുടെയും ജെഡിഎസിന്റെയും നീക്കം. 

ഗ്യാരന്റി പദ്ധതികളുടെ നടത്തിപ്പിനായി എസ്‌സിഎസ്‌പി, ടിഎസ്‌പി ഫണ്ടുകളിൽ നിന്ന് യഥാക്രമം 14,282.38 കോടി രൂപയും 11,144 കോടി രൂപയും സർക്കാർ വകമാറ്റിയതായി മുഖ്യമന്ത്രിക്ക് അയച്ച മൂന്ന് പേജുള്ള കത്തിൽ ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പ്രതിപക്ഷ നേതാവായ ചലവടി നാരായണസ്വാമി പറഞ്ഞു. ഗ്യാരന്റി പദ്ധതികൾക്കായി 52,000 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടും ഫണ്ട് വകമാറ്റി ചെലവഴിച്ചതായി അദ്ദേഹം കത്തില്‍ പറയുന്നു. നേരത്തെ ഇതേവിഷയത്തില്‍ വിശദമായ റിപ്പോർട്ട് നൽകാൻ ദേശീയ പട്ടികജാതി കമ്മിഷൻ കർണാടക സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 

പ്രതിപക്ഷത്തിന് പിന്നാലെ സംസ്ഥാനത്തെ ദളിത് സംഘടനാ നേതാക്കളും കഴിഞ്ഞ ദിവസം മുഖ്യമന്ത്രി സിദ്ധരാമയ്യയെ നേരില്‍ക്കണ്ട് ഫണ്ട് വിഷയം ചര്‍ച്ച ചെയ്തു. എസ്‌സിഎസ്‌പി, ടിഎസ്‌പി ആക്ടിലെ വിവാദ സെക്ഷന്‍ ഏഴ് സി ഉപേക്ഷിക്കണമെന്നും ദളിത് വിഭാഗങ്ങള്‍ക്കുള്ള ഗുണഭോക്തൃ വിഹിതം വകമാറ്റി ചെലവഴിക്കാന്‍ പാടില്ലെന്നും ദളിത് നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍ ആരോപണം നിഷേധിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ രംഗത്ത് വന്നു. ബജറ്റില്‍ വകയിരുത്തിയ ദളിത് ക്ഷേമത്തിനുള്ള തുക വകമാറ്റി ചെലവഴിച്ചുവെന്ന ആരോപണം വ്യാജമാണ്. സംസ്ഥാനത്തെ ദളിത് സമൂഹത്തിന്റെ ഉന്നമനം ലക്ഷ്യമിട്ടാണ് ഫണ്ട് വകയിരുത്തിയത്. ആരോപണത്തിന്റെ പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ താറടിച്ച് കാണിക്കനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. ഈ മാസം അഞ്ചിന് അവതരിപ്പിക്കുന്ന ബജറ്റില്‍ തുക വിനിയോഗം സംബന്ധിച്ച വ്യക്തമായ കണക്കുകള്‍ ബോധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

Exit mobile version