Site icon Janayugom Online

നിക്കാഹ് ഹലാല: ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മുസ്ലിങ്ങള്‍ക്കിടയിലെ ബഹുഭാര്യത്വത്തിന്റെയും നിക്കാഹ് ഹലാലയുടെയും ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ പരിഗണിക്കാന്‍ ഉചിതമായ ഘട്ടത്തില്‍ പുതിയ അഞ്ചംഗ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജി നല്‍കിയ അഭിഭാഷകന്‍ അശ്വിനി ഉപാധ്യായ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് മുമ്പാകെ വിഷയം പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് പ്രതികരണം.

ജസ്റ്റിസുമാരായ ഇന്ദിരാ ബാനര്‍ജി, ഹേമന്ത് ഗുപ്ത, സൂര്യകാന്ത്, എം എം സുന്ദരേശ്, സുധാന്‍ഷു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചാണ് ഇതുസംബന്ധിച്ച ഹര്‍ജികളില്‍ ഓഗസ്റ്റ് 30ന് നോട്ടീസ് നല്‍കിയിരുന്നത്. ദേശീയ മനുഷ്യാവകാശ, വനിത, ന്യൂനപക്ഷ കമ്മിഷനുകള്‍ എന്നിവയെ വിഷയത്തില്‍ കക്ഷി ചേര്‍ക്കുകയും പ്രതികരണം തേടുകയും ചെയ്തു. ഭരണഘടനാ ബെഞ്ചില്‍ ജഡ്ജിമാരായിരുന്ന ജസ്റ്റിസ് ബാനര്‍ജിയും ജസ്റ്റിസ് ഗുപ്തയും വിരമിച്ചതിനാലാണ് ബഹുഭാര്യത്വത്തെയും നിക്കാഹ് ഹലാലയെയും ചോദ്യം ചെയ്യുന്ന ഹര്‍ജികള്‍ കേള്‍ക്കാന്‍ പുതിയ ബെഞ്ച് രൂപീകരിക്കുന്നത്. 2017 ഓഗസ്റ്റില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി മുത്തലാഖ് സുപ്രീം കോടതി റദ്ദാക്കിയിരുന്നു.

Eng­lish Sum­ma­ry: SC to set up fresh bench to hear pleas against polygamy, nikah halala
You may also like this video

Exit mobile version