വളക്കൈയില്‍ നടന്ന സ്‌കൂൾ ബസ് അപകടത്തില്‍ വാഹനത്തിന്റെ ബ്രേക്ക് പൊട്ടിയിട്ടില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം പ്രാഥമിക റിപ്പോര്‍ട്ട്. ബസിന് ഫിറ്റ്നസ് ഇല്ലെന്നും ബ്രേക്ക് പൊട്ടിയതാണ് അപകട കാരണമെന്നുമായിരുന്നു ഡ്രൈവറുടെ മൊഴി. മോട്ടോർ വാഹന വകുപ്പ് റിപ്പോർട്ട് ആര്‍ടിഒയ്ക്ക് കൈമാറി .അപകടത്തിന് കാരണമാകുന്ന മെക്കാനിക്കല്‍ തകരാറുകള്‍ വാഹനത്തിനില്ലെന്നും റിപ്പോർട്ടിൽ പറയുന്നു . ഡ്രൈവറുടെ മെഡിക്കല്‍ പരിശോധന നടത്തണമെന്ന് ആവശ്യപ്പെട്ട് മോട്ടോര്‍ വാഹന വകുപ്പ് പൊലീസിന് കത്ത് നല്‍കിയിട്ടുണ്ട്.
അതേസമയം, മരിച്ച അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി നേദ്യ രാജേഷിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് പരിയാരം ഗവൺമെന്റ് മെഡിക്കല്‍ കോളജില്‍ നടക്കും. തുടര്‍ന്ന് മൃതദേഹം കുറുമാത്തൂര്‍ ചിന്മയ വിദ്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. വൈകിട്ടായിരിക്കും സംസ്‌കാര ചടങ്ങുകള്‍. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ മറ്റൊരു കുട്ടി പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ തുടരുകയാണ്. എന്നാല്‍ കുട്ടി അപകടനില തരണം ചെയ്തുവെന്നാണ് വിവരം. പരുക്കേറ്റ മറ്റ് വിദ്യാര്‍ത്ഥികളെല്ലാം ആശുപത്രി വിട്ടു.ഇന്നലെ, വൈകിട്ട് നാല് മണിയോടെയാണ് കുറുമാത്തൂര്‍ ചിന്മയ സ്‌കൂളിലെ വിദ്യാര്‍ത്ഥികളുമായി പോയ സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടത്. വളക്കൈ പാലത്തിന് സമീപം സംസ്ഥാന പാതയിലേക്ക് പ്രവേശിക്കുന്ന ഇറക്കത്തിലായിരുന്നു അപകടം.