Site icon Janayugom Online

സ്കൂൾ പ്രവേശനോത്സവം ജൂൺ ഒന്നിന്; സംസ്ഥാനതല ഉദ്ഘാടനം മലയിന്‍കീഴ്

സ്കൂൾ പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം ജൂൺ ഒന്നിന് രാവിലെ പത്തിന് തിരുവനന്തപുരം മലയിന്‍കീഴ് സ്കൂള്‍ സമുച്ചയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിര്‍വഹിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഇതോടൊപ്പം എല്ലാ സ്കൂളുകളിലും ജില്ലാ തലത്തിലും പ്രത്യേകം പ്രവേശനോത്സവങ്ങൾ സംഘടിപ്പിക്കും. മുരുകൻ കാട്ടാക്കട രചിച്ച് മഞ്ജരി ആലപിച്ച  പ്രവേശനോത്സവ ഗാനം വാർത്താസമ്മേളനത്തിൽ പ്രകാശനം ചെയ്തു. വിജയ് കരുൺ സംഗീതം ആണ് സംഗീത സംവിധാനം. എല്ലാ സ്കൂളുകളിലേക്കും ഗാനത്തിന്റെ സിഡി നൽകുമെന്നും മന്ത്രി അറിയിച്ചു.

പ്രവേശനോത്സവഗാനം (വരികൾ )

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളെ
വരൂ വസന്ത കാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം.
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം 
(തക തക തക തക തക തക താലോലം മേട്ടിൽ
കളകള കള കള കള കിളികുലമിളകുന്നേ )

അറിവു പൂവുകൾ വിടർന്നൊരീ വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള പുതിയ തലമുറയ്ക്കു നാം പുതിയ പാഠമാകണം
മേലേ മല മേലേ മതിയോളം കളിയാടണം കുനുകുനെ ചിരി മൊഴി ചിതറണ് കൂടെ കൂടാൻ വാ
(തക തക തക )
പ്രകൃതി അമ്മ, നിറയെ നന്മ പുലരി വെൺമ പുലരുവാൻ
അറിയണം നമുക്കു നമ്മെ
സമയമായ് ഉണരുവാൻ
വിശാല ലോകമാകവെ
പറന്നു കാണുവാൻ നമുക്ക്
ചിറക് പാഠപുസ്തകം
നാളേ വഴി നീളേ നിറ പൂവായ് ചിരി നിറയണം വരിവരി നിരയൊരു നിര മനമൊന്നായ് ചേരാൻ വാ
(തക തക തക )

മിന്നാമിനുങ്ങിനെ പിടിക്കലല്ല ജീവിതം.
സൂര്യനെ പിടിക്കണം
പിടിച്ചു സ്വന്തമാക്കണം
കുഞ്ഞാറ്റക്കിളികളേ ..
വരൂ വസന്തകാലമായ്
പാടിയാടി പാഠമൊക്കെ നേടിടാം പറന്നിടാം
അക്ഷരങ്ങൾ കോർത്തു നമുക്കഞ്ഞലൂഞ്ഞലാടാം

സ്കൂളുകൾ തുറക്കുന്നതിന് മുന്നായി ഒരുക്കേണ്ട സംവിധാനങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പാക്കാൻ എല്ലാ വകുപ്പുകൾക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ലഹരിവിരുദ്ധ പ്രവർത്തനങ്ങൾക്കായുള്ള ബോധവത്ക്കരണ ക്യാമ്പയിൻ, മണ്ണിടിച്ചിൽ, ഉരുൾപൊട്ടൽ മേഖലയിലുള്ള വിദ്യാർത്ഥികൾക്ക് ദുരന്ത നിവാരണത്തിനുള്ള മോക് ഡ്രിൽ, ശുചിത്വ വിദ്യാലയ ക്യാമ്പയിൻ, അധ്യാപക പരിശീലനം, ഗോത്രമേഖലയിൽ പഠനത്തിന് കൂടുതൽ പദ്ധതികൾ, ഷാഡോ പൊലീസ്, വന്യമൃഗങ്ങളിൽനിന്നുള്ള സംരക്ഷണം, സ്കുളുകളിൽ കുടിവെള്ളം, വെെദ്യുതി, ശുചിമുറികൾ എന്നിവ ഉറപ്പാക്കുന്നതിന് വിവിധ വകുപ്പുകളുടെ പങ്കാളിത്തം ഉറപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.

Eng­lish Sam­mury: School Entrance Fes­ti­val on June 1; State Lev­el Inau­gu­ra­tion MalyinKeezh

Exit mobile version