Site iconSite icon Janayugom Online

നാളെ സ്കൂൾ തുറക്കും; പുതിയ അധ്യയന വർഷം സമഗ്ര മാറ്റങ്ങളോടെ

നീണ്ട അവധിക്കാലത്തിന് വിട നൽകി സംസ്ഥാനത്തെ സ്കൂളുകൾ നാളെ തുറക്കും. ഏകദേശം 44 ലക്ഷത്തിലധികം വിദ്യാർത്ഥികളാണ് പുതിയ അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് എത്താൻ ഒരുങ്ങുന്നത്. മൂല്യാധിഷ്ഠിത പഠനത്തിനും, ഹൈസ്കൂളിൽ പുതിയ ക്ലാസ് സമയക്രമത്തിനും ഊന്നൽ നൽകിക്കൊണ്ട് സമഗ്രമായ മാറ്റങ്ങളോടെയാണ് ഇത്തവണ സ്കൂളുകൾ പ്രവർത്തനമാരംഭിക്കുന്നത്. ഈ വർഷം പത്താം ക്ലാസിൽ റോബോട്ടിക്സ് ഒരു പഠന വിഷയമാകുന്നു എന്നതും ശ്രദ്ധേയമാണ്. ഇന്ത്യയിൽത്തന്നെ ആദ്യമായാണ് പത്താം ക്ലാസിൽ റോബോട്ടിക്സ് പഠന വിഷയമാക്കുന്നത്. 

ഹൈസ്കൂൾ ക്ലാസുകളുടെ സമയത്തിൽ അരമണിക്കൂർ വർധനവ് വരുത്തിയിട്ടുണ്ട്. ഇനി രാവിലെ 9.45 മുതൽ വൈകുന്നേരം 4.15 വരെയായിരിക്കും ക്ലാസുകൾ. തുടർച്ചയായി ശനിയാഴ്ചകൾ പ്രവർത്തിദിവസമാകുന്നത് ഒഴിവാക്കാനാണ് ഈ മാറ്റം. അധ്യയന വർഷത്തിലെ ആദ്യ രണ്ട് ആഴ്ചകളിൽ പാഠപുസ്തക പഠനം ഒഴിവാക്കിയിട്ടുണ്ട്. പകരം, പരിസര ശുചീകരണം, ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ, നല്ല പെരുമാറ്റം തുടങ്ങിയ സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിലായിരിക്കും ക്ലാസുകൾ ശ്രദ്ധ കേന്ദ്രീകരിക്കുക. ലഹരി ഉപയോഗത്തിനെതിരെയുള്ള ബോധവൽക്കരണം കുട്ടികൾക്ക് ഗുണകരമാവുമെന്നാണ് വിലയിരുത്തൽ. 2, 4, 6, 8, 10 ക്ലാസുകളിൽ ഈ വർഷം പുതിയ പാഠപുസ്തകങ്ങൾ നിലവിൽ വരും. അടുത്ത അധ്യയന വർഷം മുതൽ ആറാം വയസ്സിൽ ഒന്നാം ക്ലാസ് പ്രവേശനം മതിയെന്ന സർക്കാർ തീരുമാനമുണ്ടെങ്കിലും, ഈ വർഷം കൂടി അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കാൻ അനുമതിയുണ്ട്. 

Exit mobile version