Site icon Janayugom Online

കുട്ടികളില്‍ കോവിഡ് ഗുരുതരമാകാത്തതിന്റെ കാരണം കണ്ടെത്തി ശാസ്ത്രജ്ഞര്‍

കോവിഡ് 19 രോഗം ലോകഗതിയെത്തന്നെ മാറ്റിമറിച്ചിരിക്കുകയാണ്. ദശലക്ഷക്കണക്കിന് പേരാണ് രോഗബാധയേറ്റ് മരണപ്പെടുകയും അതിസങ്കീര്‍ണമായ ആരോഗ്യപ്രശ്നങ്ങളാല്‍ വലയുകയും ചെയ്യുന്നത്. എന്നാല്‍ രോഗം ബാധിക്കുന്നതിനെത്തുടര്‍ന്നുണ്ടാകുന്ന അപകടഭീഷണി കുട്ടികളില്‍ പൊതുവെ കുറവാണെന്നാണ് ആരോഗ്യവിദഗ്ധരും നിരീക്ഷകരും വിലയിരുത്തുന്നത്. എന്തുകൊണ്ടാണ് കുട്ടികളില്‍ രോഗബാധ സങ്കീര്‍ണമാകുന്നത് കുറയുന്നു എന്നത് ഇതുവരെ ഉത്തരം കിട്ടാത്ത ചോദ്യമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ ഇതിനുള്ള ഉത്തരങ്ങള്‍ കണ്ടെത്തിയിരിക്കുകയാണ്.

മുതിര്‍ന്നവരെക്കാള്‍ കുട്ടികളില്‍ രോഗബാധ കുറവാണോ എന്ന കാര്യത്തില്‍ കൃത്യമായ വിലയിരുത്തല്‍ ഇതുവരെ സാധിച്ചിട്ടില്ല. എങ്കിലും, മുതിര്‍ന്നവരെക്കാള്‍ കുട്ടികളില്‍ രോഗലക്ഷണങ്ങളും അസുഖങ്ങളും കുറവാണ് എന്നത് വ്യക്തം. യുഎസില്‍ ഓഗസ്റ്റ് 24 വരെയുള്ള കണക്കനുസരിച്ച് 18 വയസില്‍ താഴെയുള്ള 400 കുട്ടികളാണ് കോവിഡ് 19 രോഗത്തെത്തുടര്‍ന്ന് മരിച്ചതെന്ന് സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്റ് പ്രിവന്‍ഷന്‍ നല്‍കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. രോഗം ബാധിച്ച കുട്ടികളില്‍ 0.1 ശതമാനം മുതല്‍ 1.9 ശതമാനം വരെ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടേണ്ടിവരുന്നതെന്നും അമേരിക്കയിലെ വിവിധ മേഖലകളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. രാജ്യത്ത് ആകെയുള്ള കേസുകളില്‍ 15 ശതമാനം മാത്രമാണ് 18 വയസില്‍ താഴെയുള്ളവര്‍. നേരത്തെയുള്ള കോവിഡ് വകഭേദങ്ങളെക്കാള്‍ ഡെല്‍റ്റ വകഭേദം കുട്ടികളെ കൂടുതല്‍ ഗുരുതരമായി ബാധിക്കുമെന്നതിനും യാതൊരു തെളിവുകളും ലഭിച്ചിട്ടില്ല.

 


ഇതുംകൂടി വായിക്കൂ;സംസ്ഥാനത്ത് ഭീതി നിറച്ച് ‘മിസ്‌ക്’; 4 കുട്ടികള്‍ മരിച്ചു, രോഗം വന്നവര്‍ ഏറെയും കോവിഡ് ബാധിതര്‍


 

 

കുട്ടികളുടെ ശാരീരിക പ്രത്യേകതകള്‍ കൊണ്ടും പ്രതിരോധശേഷി പൂര്‍ണമായി വളര്‍ച്ച പ്രാപിക്കാത്തതുമെല്ലാമാണ് അവര്‍ക്ക് കോവിഡ് 19 രോഗം കാര്യമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കാത്തത് എന്നാണ് ഇപ്പോള്‍ വിദഗ്ധര്‍ വിലയിരുത്തുന്നത്. അമിതവണ്ണവും പ്രമേഹവും ഉള്‍പ്പെടെയുള്ളവ കുട്ടികളില്‍ പൊതുവെ കുറവാണെന്നത് ഒരു കാരണം. ഇത്തരത്തിലുള്ള അസുഖങ്ങളുള്ള മുതിര്‍ന്നവരില്‍ കോവിഡ് 19 രോഗം സങ്കീര്‍ണമായ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നതാണ് സാധാരണ കണ്ടുവരുന്നത്.
കൊറോണ വൈറസ് കോശത്തിനുള്ളിലേക്ക് എത്തുന്നതിന് സഹായിക്കുന്ന എസിഇ2 സ്വീകര്‍ത്താവ് കുട്ടികളുടെ നാസാദ്വാരത്തില്‍ കുറവ് മാത്രമെ ഉണ്ടാകൂ എന്നതും കുട്ടികള്‍ക്ക് സഹായമാകുന്നു. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളിലെ പ്രതിരോധസംവിധാനം ശക്തമല്ലെന്നത് ഗുണമാകുന്നു.

 


ഇതുംകൂടി വായിക്കൂ; കോവിഡ് ബാധിക്കാന്‍ സാധ്യത കൂടുതല്‍ ഈ വയസുവരെയുള്ള കുട്ടികളില്‍


 

കഠിനമായ കോവിഡ് ‑19 കേസുകളും മരണങ്ങളും പലപ്പോഴും കൊറോണ വൈറസ് മൂലമല്ലെന്നും രോഗപ്രതിരോധവ്യവസ്ഥ ശ്വാസകോശത്തെ ആക്രമിക്കുന്ന ഒരു കോശജ്വലന പ്രതികരണമാണ് കാരണമെന്നും കരുതപ്പെടുന്നു. ഈ പ്രശ്നം കുട്ടികളില്‍ താരതമ്യേന കുറവാണ്. കോവിഡ് മാത്രമല്ല, ഹെപ്പറ്റൈറ്റിസ്, മുണ്ടിനീര് തുടങ്ങിയ രോഗങ്ങളും മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളെ കാര്യമായി ബാധിക്കാറില്ലെന്നതിനും കാരണം പ്രതിരോധസംവിധാനത്തിലുള്ള വ്യത്യസ്തതയാണെന്ന് വിലയിരുത്തപ്പെടുന്നു. പക്ഷെ, ഫ്ലൂ പോലുള്ളവ മറ്റുള്ളവരെക്കാള്‍ കൂട്ടികളിലാണ് കൂടുതല്‍ ബാധിക്കുന്നതെന്നതും വസ്തുതയാണ്.

കുട്ടികള്‍ മുതിര്‍ന്നവരെ അപേക്ഷിച്ച് രോഗം മറ്റൊരാളിലേക്ക് പകര്‍ത്തുന്നത് കുറവാണോ എന്ന കാര്യത്തിലും വിദഗ്ധര്‍ ചില നിരീക്ഷണങ്ങള്‍ മുന്നോട്ടുവയ്ക്കുന്നു. കുട്ടികളിലെ ഡയഫ്രം താരതമ്യേന ദുര്‍ബലമായതാണ്. അതിനാല്‍ ശ്വസിക്കുമ്പോഴോ സംസാരിക്കുമ്പോഴോ അവര്‍ കൂടുതലായി വൈറസുകളെ പുറത്തേക്ക് വിടുന്നില്ലെന്നതാണ് കുട്ടികള്‍ കാര്യമായി രോഗപകര്‍ച്ചയ്ക്ക് കാരണമാകുന്നില്ലെന്നതിനെ സാധൂകരിച്ച് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

വിവരങ്ങള്‍ക്ക് കടപ്പാട്: ദ വയര്‍ സയന്‍സ്

ENGLISH SUMMARY:Scientists have found that why Covid is not seri­ous in children
You may also like this video

Exit mobile version