Site iconSite icon Janayugom Online

അറബിക്കടല്‍ കരിയുന്നു; കടലിലെ ഉഷ്ണതരംഗങ്ങള്‍ വര്‍ധിക്കുന്നു, മത്സ്യലഭ്യതയില്‍ ആശങ്കാജനകമായ ഇടിവ്

ഉഷ്ണതരംഗങ്ങള്‍ തുടര്‍ക്കഥയാകുന്നതോടെ അറബിക്കടലില്‍ നിന്നുള്ള മത്സ്യലഭ്യതയില്‍ ആശങ്കാജനകമായ ഇടിവ്. കേരളത്തിലെ സമുദ്രമത്സ്യ ബന്ധനത്തില്‍ നിന്നുള്ള പ്രതിവര്‍ഷ വരുമാനം ശരാശരി 40,000 കോടി രൂപയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 29,000 കോടി രൂപയായി കുത്തനെ ഇടിഞ്ഞുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. ഇന്നലെ പകല്‍ മുതല്‍ ട്രോളിങ് നിരോധനം പ്രാബല്യത്തിലായതോടെ 3,500 ട്രോളറുകളും ലക്ഷക്കണക്കിനു തൊഴിലാളികളും കരയ്ക്കിരിക്കും. മോട്ടോര്‍ എന്‍ജിന്‍ ഘടിപ്പിച്ചതും അല്ലാത്തതുമായ പരമ്പരാഗത വള്ളങ്ങള്‍ക്ക് മീന്‍പിടിക്കാന്‍ അനുമതിയുണ്ട്. എന്നാല്‍ കേരളത്തിലുടനീളം തലയറഞ്ഞു പെയ്യുന്ന പേമാരിയില്‍ മത്സ്യബന്ധനത്തിനു വിലക്കുള്ളതിനാല്‍ ഈ വിഭാഗത്തില്‍പ്പെടുന്ന 49 ശതമാനം മീന്‍പിടിത്തക്കാര്‍ക്കും ഇനി വറുതിതന്നെ കൂട്ട്. 

സംസ്ഥാനത്ത് 11.14 ലക്ഷം മത്സ്യത്തൊഴിലാളികളാണുള്ളത്. 8.55 ലക്ഷം സമുദ്ര മത്സ്യത്തൊഴിലാളികളും ബാക്കി ഉള്‍നാടന്‍ ജലാശയ മത്സ്യത്തൊഴിലാളികളും. അറബിക്കടലിലെ എല്‍നിനോ പ്രതിഭാസം മൂലമുള്ള ഉഷ്ണതരംഗങ്ങള്‍ വിവിധയിനം മത്സ്യങ്ങളുടെ ആവാസവ്യവസ്ഥതന്നെ തകര്‍ത്തുകൊണ്ടിരിക്കുകയാണെന്ന് സമുദ്ര ഗവേഷണ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എ രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടിരുന്നു.
അറബിക്കടലിലെ ഈ ഉഷ്ണതരംഗങ്ങള്‍ക്കിടെ വിവിധയിനം മീനുകള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിലേക്കും ബംഗാള്‍ ഉള്‍ക്കടലിലേക്കും കുടിയേറുന്നതിനാലാണ് അറബിക്കടലിലെ മത്സ്യശോഷണം ആശങ്കാജനകമായി മാറുന്നതെന്നാണ് പഠനങ്ങളില്‍ കണ്ടെത്തിയത്. മലയാളികള്‍ക്ക് പ്രിയങ്കരവും ആരോഗ്യദായകവുമായ നെയ്‌മത്തിയുടെ കുടിയേറ്റമാണ് ഏറ്റവും രൂക്ഷം. 

പ്രതിവര്‍ഷം 1.27 ലക്ഷം ടണ്‍ നെയ്‌മത്തിയാണ് മുന്‍ വര്‍ഷം പിടിച്ചതെങ്കില്‍ ഇപ്പോള്‍ അത് 44320 ടണ്ണായി ചുരുങ്ങി. മറ്റൊരു ജനപ്രിയ മത്സ്യമായ ചെമ്പല്ലി 2019 ല്‍ 2.74 ലക്ഷം ടെണ്ണാണ് വലയില്‍ കുടുങ്ങിയത്. 20 ല്‍ അത് 72,000 ടണ്ണായും കഴിഞ്ഞവര്‍ഷം 41,000 ടണ്ണായും ക്രമാനുഗതമായി കുറ‍ഞ്ഞു. 589.5 കിലോമീറ്ററാണ് കേരളത്തിന്റെ കടലോര ദൈര്‍ഘ്യം. മൊത്തം കരയുടെ 10 ശതമാനം മാത്രം വരുന്ന കടലോര ഭൂമിയിലെ 8.55 ലക്ഷം മത്സ്യത്തൊഴിലാളികള്‍ സമ്പാദിക്കുന്ന ശതകോടികളുടെ സമുദ്രസമ്പത്ത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് നല്കുന്ന സംഭാവനയും ചെറുതല്ല. ഇക്കാരണത്താല്‍ മത്സ്യലഭ്യതയിലുണ്ടാവുന്ന ആശങ്കാജനകമായ ഇടിവ് സംസ്ഥാന സമ്പദ്‌വ്യവസ്ഥയ്ക്ക് ഏല്പിക്കുന്ന ആഘാതം ഏറെ ശക്തമായിരിക്കും. 

ഇപ്പോഴത്തെ ഈ പ്രതിസന്ധിക്കു കാരണം അശാസ്ത്രീയമായ ട്രോളര്‍ മത്സ്യബന്ധനവും ആഴക്കടലില്‍ ചൈന തുടങ്ങിയ രാജ്യങ്ങള്‍ നടത്തുന്ന വന്‍കിട മത്സ്യചൂഷണവുമാണ്. അടക്കംകൊല്ലി റിന്‍സീന്‍ വലകള്‍ ഉപയോഗിച്ച് വന്‍ കപ്പലുകളിലും ട്രോളറുകളിലും നടത്തുന്ന മത്സ്യബന്ധനം വഴി ഓരോ യാനവും കൊന്നൊടുക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ മത്സ്യക്കുഞ്ഞുങ്ങളെയാണ്. വളര്‍ച്ചയെത്താത്ത മത്സ്യക്കുഞ്ഞുങ്ങളെ നശിപ്പിക്കുന്നത് മത്സ്യശോഷണത്തിന് വഴിമരുന്നിടുന്നു. എല്‍നിനോ പ്രതിഭാസത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും തടയിടാന്‍ കഴിയാത്ത സാഹചര്യത്തിനനുരോധമായി മത്സ്യബന്ധന നയത്തില്‍ കാലാനുസൃതമായ മാറ്റം വരുത്തുകയാണ് അനിവാര്യമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വിദേശരാജ്യങ്ങളുടെ നിയമവിരുദ്ധ ട്രോളിങ് നിരോധിക്കുന്നതിനുപോലും കേന്ദ്രം തയ്യാറാവുന്നില്ല. ഇന്ത്യയുടെ കടലുകളില്‍ ഖനനത്തിന് അനുമതി നല്കാന്‍ കേന്ദ്രം അടുത്ത കാലത്തെടുത്ത തീരുമാനവും സംശയാസ്പദമാവുന്നു. ഇപ്പോള്‍തന്നെ മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ തകര്‍ത്തുകൊണ്ടിരിക്കുന്ന സമുദ്രങ്ങളിലെ ഏതുതരം ഖനനവും സമുദ്രങ്ങളുടെ പരിസ്ഥിതിനാശം സമ്പൂര്‍ണമാക്കുമെന്നാണ് വിദഗ്ധര്‍ നല്കുന്ന മുന്നറിയിപ്പ്. 

Eng­lish Summary:Sea waves are ris­ing, caus­ing a wor­ry­ing decline in fish stocks
You may also like this video

Exit mobile version