Site icon Janayugom Online

രണ്ടാം ദിനത്തിൽ ദി ലാംഗ്വേജ് ഓഫ് മൗണ്ടൻ ഉൾപ്പടെ 68 ചിത്രങ്ങൾ

മത്സര വിഭാഗത്തിലെ മലയാള ചിത്രമായ ആവാസ വ്യൂഹത്തിന്റെ ആദ്യ പ്രദർശനമടക്കം 68 ചിത്രങ്ങൾ രാജ്യാന്തര ചലച്ചിത്രമേളയിൽ ശനിയാഴ്ച പ്രദർശിപ്പിക്കും.

 

 

കമീല അഡീനിയുടെ യൂനി, റഷ്യൻ ചിത്രം ക്യാപ്റ്റൻ വൽകാനോഗോവ് എസ്കേപ്പ്ഡ്, തമിഴ് ചിത്രമായ കൂഴാങ്കൽ, അർജന്റീനൻ ചിത്രം കമീല കംസ് ഔട്ട് ടു നെറ്റ്, മൗനിയ അക്ൽ സംവിധാനം ചെയ്ത കോസ്റ്റ ബ്രാവ ലെബനൻ, നതാലി അൽവാരെസ് മെസെന്റെ സ്വീഡീഷ് ചിത്രം ക്ലാര സോള എന്നിവയാണ് മല്സര വിഭാഗത്തിൽ ശനിയാഴ്ച പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ.

ഐ എസ് ആക്രമണത്തിന്റെ ഇര ലിസ ചലാൻ സംവിധാനം ചെയ്ത ദി ലാംഗ്വേജ് ഓഫ് മൗണ്ടൻറെ ആദ്യപ്രദർശനവും ശനിയാഴ്ചയാണ്. കുർദിഷ് ജനതയുടെ അതിജീവന കഥ ഒരു സ്കൂളിന്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. രാവിലെ ഒമ്പതിന് ഏരീസ് പ്ലെക്സ്-6 ലാണ് ചിത്രത്തിന്റെ പ്രദർശനം.

 

ഒരു കന്യാസ്ത്രീയുടെ ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങൾ ചിത്രീകരിക്കുന്ന റൊമേനിയൻ ചിത്രം മിറാക്കിൾ, ഭർത്താവിന്റെ മരണവുമായി ബന്ധപ്പെട്ട് നീതിക്കായി പോരാടുന്ന ഇറാനിയൻ യുവതിയുടെ കഥ പറയുന്ന ബല്ലാഡ് ഓഫ് എ വൈറ്റ് കൗ, റോബർട്ട് ഗൈഡിഗുയ്യൻ സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രം മെയിൽ ട്വിസ്റ്റ്, ഒരു സംവിധായകന്റെ യാത്രകളെ പ്രമേയമാക്കുന്ന ഇസ്രായേലി ചിത്രം അഹദ്സ് നീ അടക്കം 38 സിനിമകളാണ് ലോക സിനിമ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 

അപർണ സെനിന്റെ ദി റേപ്പിസ്റ്റ് ഉൾപ്പടെ 17 ഇന്ത്യൻ ചിത്രങ്ങളാണ് ശനിയാഴ്ച പ്രദർശിപ്പിക്കുന്നത്. അമിതാഭ് ചാറ്റർജിയുടെ ഇൻ ടു ദി മിസ്റ്റ്, മധുജാ മുഖർജിയുടെ ഡീപ്പ് സിക്സ് എന്നീ ചിത്രങ്ങളും ഇതിൽ ഉൾപ്പെടുന്നുണ്ട്.

ആദ്യദിനമായിരുന്ന ഇന്നലെ യന്ത്രമനുഷ്യർക്കൊപ്പമുള്ള ആധുനികജീവിതം പ്രമേയമാക്കിയ മരിയ ഷ്രാഡറുടെ ഐ ആം യുവർ മാൻ, വാർദ്ധക്യത്തിന്റെ ആകുലതകൾ പങ്കുവയ്ക്കുന്ന അരവിന്ദ് പ്രതാപിന്റെ ലൈഫ് ഈസ് സഫറിംഗ് ഡെത്ത് ഈസ് സാൽവേഷൻ, കൊവിഡിൽ ജീവിതം പ്രതിസന്ധിയിലായ ഇറാനിയൻ വനിതയുടെ കഥ പറയുന്ന നയന്റീൻ എന്നിവയടക്കം 13 ചിത്രങ്ങൾ പ്രദര്‍ശിപ്പിച്ചു. ഇതിൽ ഉദ്ഘാടന ചിത്രമായ രഹ്ന മറിയം നൂർ ഉൾപ്പടെ 12 ചിത്രങ്ങളും ലോക സിനിമാ വിഭാഗത്തിലായിരുന്നു.

 

രാവിലെ മുതൽ കൈരളിയിലും ടാഗോറിലുമായിരുന്നു ആദ്യ പ്രദർശനങ്ങൾ. സ്പാനിഷ് ചിത്രമായ ദ കിംഗ് ഒഫ് ഓൾ ദ വേൾഡ്, 07 മദേഴ്സ് എന്നിവയായിരുന്നു അവ. പോളണ്ടിലെ ഹൈസ്കൂൾ വിദ്യാർത്ഥിയെ സൈന്യം കൊലപ്പെടുത്തിയത് പ്രമേയമാക്കുന്ന ‘ലീവ് നോ ട്രെയ്സസ് ‘എന്ന ചിത്രത്തിന്റെ ആദ്യ പ്രദർശനം ശ്രീ തിയേറ്ററിൽ നടന്നു. അൽബേനിയൻ ചിത്രമായ ഹൈവ്, ​ യുറുഗ്വേയ് ചിത്രമായ ദി എംപ്ലോയർ ആൻഡ് ദി എംപ്ലോയീ എന്നിവയുടെ ഇന്ത്യയിലെ ആദ്യ പ്രദർശനവും ആദ്യദിനം അരങ്ങേറി.

 

Eng­lish Sum­ma­ry: Inter­na­tion­al Film Fes­ti­val: sec­ond day 68 films in nation­al film fes­ti­val of ker­ala 2022

Exit mobile version