രാജ്യത്ത് വര്‍ധിച്ചുവരുന്ന വര്‍ഗീയ സംഘര്‍ഷങ്ങള്‍ക്കും വിഭാഗീയതയ്ക്കും കേന്ദ്ര സര്‍ക്കാരിന്റെ പക്ഷപാത നയങ്ങള്‍ക്കുമെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് വിരമിച്ച സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ കത്തെഴുതി. സാമുദായിക സൗഹാര്‍ദവും ഐക്യവും തകരുന്ന നിലയിലേക്ക് രാജ്യത്തെ അന്തരീക്ഷം മാറിയെന്നും സര്‍വമത സമ്മേളനം നടത്തി ഐക്യം ഊട്ടിയുറപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടു.
ഹിന്ദുക്കളും മുസ്ലിങ്ങളും ക്രിസ്ത്യാനികളും തമ്മിലുള്ള സാഹോദര്യം പാടെ നഷ്ടമായ സ്ഥിതിയിലൂടെയാണ് രാജ്യം കടന്നുപോകുന്നത്. ന്യൂനപക്ഷ സമുദായവും ആദിവാസി-പിന്നാക്ക വിഭാഗവും കടുത്ത ആശങ്കയിലാണ്. ന്യൂനപക്ഷങ്ങള്‍ നിരന്തരം അതിക്രമത്തിനും ആക്രമണങ്ങള്‍ക്കും വിധേയരാവേണ്ടി വരുന്നത് ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് നയിക്കുകയാണ്. ദളിത് പീഡനങ്ങളും രാജ്യത്ത് വര്‍ധിച്ചുവരുന്നു.
മുസ്ലിം പള്ളികളും ദര്‍ഗകളും അകാരണമായി ഇടിച്ചുനിരത്തുന്നത് നിത്യ സംഭവമായി മാറിക്കഴിഞ്ഞു. സൂഫി സന്യാസി ഖ്വാജ മേയ്നുദ്ദീന്‍ ചിഷ്തി അന്ത്യവിശ്രമം കൊള്ളുന്ന അജ്മീര്‍ ഷെരീഫ് ദര്‍ഗയുടെ പേരിലും ഇപ്പോള്‍ തര്‍ക്കം പൊട്ടിപ്പുറപ്പെട്ടിരിക്കുകയാണ്. ക്ഷേത്രങ്ങളുടെ പേരുപറഞ്ഞ് പള്ളികള്‍ പിടിച്ചെടുക്കാന്‍ നടക്കുന്ന ശ്രമങ്ങള്‍ മുളയിലേ നുള്ളാന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടി സ്വീകരിക്കണം. പള്ളികളില്‍ സര്‍വേ നടത്തി ക്ഷേത്രമാണെന്ന് സ്ഥാപിക്കാനുള്ള നികൃഷ്ട ശ്രമങ്ങളും പല സംസ്ഥാനങ്ങളിലും ഏറിവരികയാണ്.
വിഭജനകാലത്തെക്കാള്‍ ഇന്നത്തെ സ്ഥിതിവിശേഷം ഗുരുതരമാണ്. കഴിഞ്ഞ 10 വര്‍ഷത്തിനിടെയാണ് വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ വര്‍ധിച്ചത്. പല സംസ്ഥാന സര്‍ക്കാരുകളും ഇത്തരം സംഭവങ്ങളില്‍ പക്ഷപാതപരമായ നയമാണ് സ്വീകരിക്കുന്നത്. ഗോമാംസം കൈവശംവച്ചു എന്നാരോപിച്ച് യുവാക്കളെയും വൃദ്ധരെയും ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയാക്കുക, മുസ്ലിം വ്യാപാര സ്ഥാപനങ്ങള്‍ ഇടിച്ച് നിരത്തുക, വ്യാപാരം തടസപ്പെടുത്തുക, മുസ്ലിം വ്യാപാരികളെ ബഹിഷ്കരിക്കുക തുടങ്ങിയ ഹീനമായ പ്രവൃത്തികള്‍ നാള്‍ക്കുനാള്‍ വര്‍ധിക്കുന്നത് രാജ്യത്തിന്റെ ഐക്യത്തിനും അഖണ്ഡതയ്ക്കും ഭീഷണിയായിക്കഴിഞ്ഞു.
വ്യാജ ആരോപണത്തിന്റെ പേരില്‍ മുസ്ലിങ്ങളുടെ വീടും സ്ഥാപനവും ഇടിച്ച് നിരത്തുന്നത് പല സംസ്ഥാനങ്ങളും മുഖമുദ്രയാക്കിയിരിക്കുകയാണ്. രാജ്യം മറ്റ് ഭീഷണികളെയും അഭിമുഖീകരിക്കുന്ന വേളയില്‍ ആഭ്യന്തരമായി ഉയര്‍ന്നു വരുന്ന ഇത്തരം ദുഷ്ചെയ്തികള്‍ അവസാനിപ്പിക്കാന്‍ കേന്ദ്രം അടിയന്തര നടപടി സ്വീകരിക്കണമെന്ന് വിരമിച്ച നയതന്ത്ര പ്രതിനിധികള്‍ അടക്കമുള്ളവര്‍ കത്തിലൂടെ ആവശ്യപ്പെട്ടു. പ്ലാനിങ് കമ്മിഷന്‍ മുന്‍ സെക്രട്ടറി എന്‍ സി സക്സേന, മുന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്, ശിവ് മുഖര്‍ജി, അമിതാഭ് പണ്ഡെ, മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എസ് വൈ ഖുറേഷി, മധു ഭാദുരി തുടങ്ങിയ ഉദ്യോഗസ്ഥരാണ് കത്തില്‍ ഒപ്പുവച്ചിട്ടുള്ളത്.