പൗരത്വ നിയമത്തിലെ സെക്ഷൻ 6 എയുടെ ഭരണഘടനാ സാധുത ശരിവച്ച് സുപ്രീം കോടതി. 1966 ജനുവരി 1 മുതൽ 1971 മാർച്ച് 25 വരെ അസമിൽ പ്രവേശിച്ച കുടിയേറ്റക്കാർക്ക് പൗരത്വം അനുവദിക്കുന്നതാണ് സെക്ഷൻ 6 എ. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ അഞ്ചംഗ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ചീഫ് ജസ്റ്റിസ് അടക്കം നാല് ജഡ്ജിമാർ വിധിയെ അനുകൂലിച്ചപ്പോൾ ജസ്റ്റിസ് ജെ ബി പർഡിവാല വിയോജിപ്പ് രേഖപ്പെടുത്തി. ജസ്റ്റിസ് സൂര്യകാന്താണ് ഭൂരിപക്ഷ വിധി തയ്യാറാക്കിയത്. രാജീവ് ഗാന്ധി സര്‍ക്കാര്‍ 1985ല്‍ തയ്യാറാക്കിയ ഉടമ്പടി സുപ്രീം കോടതി ശരിവച്ചുകൊണ്ടുള്ളതാണ് വിധി. പൗരത്വ നിയമത്തിലെ 6എ വകുപ്പിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ തള്ളിയായിരുന്നു സുപ്രീം കോടതിയുടെ ഉത്തരവ്.
ബംഗ്ലാദേശ് രൂപീകൃതമായതിന് ശേഷമുള്ള അനധികൃത കുടിയേറ്റ പ്രശ്‌നത്തിന് രാഷ്ട്രീയ പരിഹാരമാണ് അസം കരാറെന്നും, സെക്ഷന്‍ 6 എ നിയമപരമായ പരിഹാരമാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ബംഗ്ലാദേശ് വിമോചനയുദ്ധം അവസാനിച്ച തീയതി ആയതിനാല്‍ 1971 മാര്‍ച്ച് 25 എന്ന കട്ട് ഓഫ് തീയതി യുക്തിസഹമാണെന്നും ഭൂരിപക്ഷ വിധിയില്‍ കോടതി പറയുന്നു. പാര്‍ലമെന്റ് അടക്കമുള്ള നിയമനിര്‍മ്മാണ സഭകള്‍ക്ക് ഇത്തരത്തില്‍ വ്യവസ്ഥ കൊണ്ടുവരാന്‍ അധികാരമുണ്ടെന്നും ഭൂരിപക്ഷ വിധിയില്‍ കോടതി വ്യക്തമാക്കി.
1966 ജനുവരി ഒന്നിന് മുമ്പ് അസമില്‍ പ്രവേശിച്ച കുടിയേറ്റക്കാര്‍ ഇന്ത്യന്‍ പൗരന്മാരായി കണക്കാക്കപ്പെടുന്നു. 1966 ജനുവരി ഒന്നിനും 1971 മാര്‍ച്ച് 25നും ഇടയില്‍ അസമില്‍ പ്രവേശിച്ച കുടിയേറ്റക്കാര്‍ക്ക് ഇന്ത്യന്‍ പൗരത്വം തേടാന്‍ അര്‍ഹതയുണ്ട്. അതാണ് യോഗ്യതാ മാനദണ്ഡമെന്ന് ജസ്റ്റിസ് സൂര്യകാന്ത് പറഞ്ഞു. എന്നാല്‍ പൗരത്വ നിയമത്തിലെ 6 എ വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്ന് ജസ്റ്റിസ് പര്‍ഡിവാല വിയോജിച്ചു കൊണ്ടുള്ള വിധിയില്‍ അഭിപ്രായപ്പെട്ടു. 1971 മാര്‍ച്ച് 25ന് ശേഷമുള്ള കുടിയേറ്റക്കാരുടെ പട്ടിക സുപ്രീം കോടതി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. 1966ന് ശേഷം വന്ന മുപ്പതിനായിരത്തിലധികം പേര്‍ വിദേശികളാണെന്ന് ട്രിബ്യൂണല്‍ കണ്ടെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.