Site icon Janayugom Online

മതേതര ഇന്ത്യ ബ്രാഹ്മണഭാരത്!

മോഡി വാഴ്ച മനുസ്മൃതി വാഴ്ചയുടെ കിരീടവും ചെങ്കോലുമണിയുന്നുവോ. ഇന്ദ്രപ്രസ്ഥത്തില്‍ ജി20 ഉച്ചകോടി നടക്കുന്നതിനിടെ യങ് ഇന്ത്യ എന്ന സന്നദ്ധസംഘടനയിലെ ചുണക്കുട്ടന്മാര്‍ വിവരാവകാശ നിയമമനുസരിച്ച് പുറത്തുവിട്ട കണക്കുകള്‍ ജനസംഖ്യയില്‍ മൂന്നുശതമാനം മാത്രം വരുന്ന ബ്രാഹ്മണരാണ് ഭരണത്തിന്റെയും ന്യായാസനങ്ങളുടെയും 95 ശതമാനവുമെന്നും ബ്രാഹ്മണാധിപത്യമാണ് ഇന്ത്യയില്‍ എന്നും വിളംബരം ചെയ്യുന്നു. പിന്നാക്ക സമുദായക്കാരനെന്നവകാശപ്പെടുന്ന പ്രധാനമന്ത്രി മോഡിയുടെ സെക്രട്ടേറിയറ്റിലെ 351 ഉദ്യോഗസ്ഥരില്‍ 17 പേരൊഴികെ മറ്റെല്ലാം ബ്രാഹ്മണര്‍. പ്രാക്തനഗോത്രത്തില്‍പ്പെട്ട വനിതയെ രാഷ്ട്രപതിയാക്കിയെന്നു വീമ്പിളക്കുന്നവരാണ് ബിജെപിക്കാര്‍. പക്ഷേ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ സെക്രട്ടേറിയറ്റിലെ 49 ഉദ്യോഗസ്ഥ പ്രമാണിമാരില്‍ 43 പേരും ബ്രാഹ്മണര്‍. ദളിതരായി നാലേനാലു പേര്‍. ഇവരില്‍ ഒരൊറ്റ ഗോത്രവര്‍ഗക്കാരന്‍ മരുന്നിനുപോലുമില്ല. ആഭ്യന്തര മന്ത്രി അമിത് ഷാ നാഴികയ്ക്ക് നാല്പതുവട്ടം ദളിത് പ്രേമം വിളമ്പുന്നയാളാണ്. പക്ഷേ മേല്‍പ്പടിയന്റെ സെക്രട്ടേറിയറ്റിലെ 409 പേരില്‍ ഏഴു പേരൊഴികെ എല്ലാം ബ്രാഹ്മണര്‍. ബ്രാഹ്മണ സ്ത്രീയായ ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ അക്കാളിന്റെ ഉദ്യോഗവൃന്ദത്തിലെ 1008 പേര്‍ ബ്രാഹ്മണര്‍. അവരില്‍ ദളിതര്‍ മൂന്നു പേര്‍ മാത്രം. 20 ഗവര്‍ണര്‍മാരിലും ലഫ്റ്റനന്റ് ഗവര്‍ണര്‍മാരിലും 27 പേരും ബ്രാഹ്മണര്‍. രണ്ടുപേര്‍ മാത്രം ഇതരര്‍. അവരിലൊന്ന് നമ്മുടെ മഹാഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍. എന്തിന് ന്യായാസനങ്ങള്‍ പോലും ബ്രാഹ്മണമയം. സുപ്രീം കോടതി ജസ്റ്റിസുമാരില്‍ 26ല്‍ 23 പേരും ബ്രാഹ്മണര്‍. 140 വിദേശരാജ്യങ്ങളിലെ ഇന്ത്യന്‍ സ്ഥാനപതിമാരില്‍ 131 പേരും ബ്രാഹ്മണശിങ്കങ്ങള്‍. നിവൃത്തികേടുകൊണ്ട് ചില പ്രബല മുസ്ലിം രാജ്യങ്ങളില്‍ മാത്രം ഒമ്പത് മുസ്ലിം അംബാസഡര്‍മാരെ നിയമിച്ചിരിക്കുന്നു.
മുസ്ലിം പാകിസ്ഥാനിലും ക്രിസ്ത്യാനികള്‍ വത്തിക്കാനിലും പൊയ്ക്കൊള്ളണമെന്നു തിട്ടൂരം നല്‍കുന്ന സംഘികള്‍ മുസ്ലിം രാജ്യങ്ങളിലെ ഹിന്ദുക്കളുടെ സാന്നിധ്യത്തെക്കുറിച്ചു മിണ്ടുന്നേയില്ല. സൗദി അറേബ്യയില്‍ പണിയെടുത്തു ശമ്പളം പറ്റുന്ന 4.7 ലക്ഷം ഹിന്ദുക്കളാണുള്ളത്. ഒമാനില്‍ 6.5 ലക്ഷം, കുവൈറ്റില്‍ 6.8 ലക്ഷം, ബഹ്റൈനില്‍ 4.9 ലക്ഷം, ഖത്തറില്‍ 3.6 ലക്ഷം എന്നിങ്ങനെയാണ് അവിടെ ജോലി ചെയ്യുന്ന ഹിന്ദുക്കളുടെ സംഖ്യ. ലോകമൊട്ടാകെയുള്ള 3.17 കോടി ഇന്ത്യന്‍ പ്രവാസികളില്‍ 2.84 കോടിയും ഹിന്ദുക്കള്‍. അവരോട് ആ രാജ്യക്കാര്‍ കുരിശുവരയ്ക്കാന്‍ പറയുന്നില്ല. അള്ളാഹു അക്ബര്‍ എന്ന് വിളിക്കാന്‍ നിര്‍ബന്ധിക്കുന്നില്ല.


ഇത് കൂടി വായിക്കൂ: ഫാസിസം ആഗ്രഹിക്കുന്നത് ചൊല്‍പ്പടിക്കാരെ മാത്രം | JANAYUGOM EDITORIAL


അവിടെയാണ് മതേതരത്വം വാഴുന്നത്. ഇവിടെ വാഴുന്ന സനാതന ധര്‍മ്മം ബ്രാഹ്മണ്യത്തിന്റെ മേല്‍ക്കോയ്മയാണെന്ന് ഉദയനിധി സ്റ്റാലിന്‍ സത്യകഥനം നടത്തിയാല്‍ അദ്ദേഹത്തിന്റെ തലവെട്ടാന്‍ പത്തു കോടിയുടെ ഇനാം പ്രഖ്യാപിക്കുന്ന ബ്രാഹ്മണസന്യാസി എന്ന പൂച്ചസന്യാസി. അതോ കോഴിസന്യാസിയോ!
ഏറ്റവും സുരക്ഷിതമായ ഇടങ്ങള്‍ വീടകങ്ങളും വിദ്യാലയങ്ങളും ആശുപത്രികളും ഐസി യൂണിറ്റുകളുമാണെന്ന നമ്മുടെ വിശ്വാസം തകരുന്നുവോ. ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്ന യുവതി പീഡിപ്പിക്കപ്പെടുന്നു. ആ യുവതിയാകട്ടെ ക്രൂരമായ ലൈംഗിക പരാക്രമത്തിന് ഇരയായി, അവശയായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടയാളും. പിഞ്ചു കുട്ടികള്‍പോലും ലൈംഗിക പീഡനത്തിനിരയാകുന്നു. അവരുടെ സംഖ്യ അനുദിനം പെരുകുന്നു. സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ട കണക്കുകള്‍ നമ്മെ ഭയചകിതരാക്കുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ 4582 കുട്ടികളാണ് സംസ്ഥാനത്ത് ലൈംഗിക പീഡനത്തിന് ഇരയായവര്‍. വീടുകള്‍ക്കുള്ളിലും വിദ്യാലയങ്ങളിലും മതസ്ഥാപനങ്ങളിലും എന്തിന് ഓടുന്ന വാഹനങ്ങളില്‍ വച്ചുപോലും കുരുന്നുകള്‍ പീഡിപ്പിക്കപ്പെടുന്നു. ആലുവയില്‍ ഒരു കുട്ടിയെ മിഠായി വാങ്ങിക്കൊടുത്തു കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുകൊന്നത് രണ്ട് മാസം മുമ്പ്. അതേ ആലുവയില്‍ മാതാപിതാക്കളോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചു ബാലികയെ തട്ടിക്കൊണ്ടുപോയി കാമപൂര്‍ത്തിനടത്തി വയലിലെറിഞ്ഞ സംഭവമുണ്ടായത് സാംസ്കാരിക കേരളത്തിനു നാണക്കേടായി.


ഇത് കൂടി വായിക്കൂ: ശ്രീനാരായണഗുരുവിന്റെ വിദ്യാഭ്യാസ ദർശനം


ഒന്നര വയസുകാരിയായ പൈതലിനെപ്പോലും പിതാവും മുത്തച്ഛനും പീഡിപ്പിച്ച വാര്‍ത്തകള്‍ വായിച്ചിട്ടും നമുക്ക് നാണമില്ല, ഞെട്ടലില്ല. മൂന്നു മക്കളുള്ളയാള്‍ അയലത്തെ കൊച്ചുകുട്ടിയെ പീഡിപ്പിച്ച കഥ കേട്ടിട്ടും നമുക്ക് ഒന്നും തോന്നുന്നില്ല. ‘മാതാ, പിതാ, ഗുരു, ദൈവം’ എന്ന ആപ്തവാക്യം തന്നെ മാഞ്ഞുപോകുന്ന ദുരന്തം. 8,000ത്തില്‍പരം പ്രതികളില്‍ 5002 പേരും അതിക്രമത്തിനിരയായ കുഞ്ഞുങ്ങളുടെ അയല്‍ക്കാരാണെന്നു വരുമ്പോള്‍ അയല്‍പക്കങ്ങള്‍ പോലും ആപത്തിന്റെ ഒളിയിടങ്ങളായി മാറുന്ന അവസ്ഥ. ഇത്തരം കേസുകളിലെ പ്രതികളോട് ഇരകളായ കുട്ടികള്‍ വളരുമ്പോള്‍ പ്രതികാരം നടത്തിയതായും അറിവില്ല. ക്രൈസ്തവ മതത്തിന്റെ ആസ്ഥാനമായ റോമില്‍ ഒരു പയ്യന്‍ പകവീട്ടിയ കഥയുണ്ട്. പള്ളിയില്‍ പ്രാര്‍ത്ഥിക്കാനെത്തിയ കുട്ടിയെ ലൈംഗിക വികാരം മൂര്‍ച്ഛിച്ച വികാരിയച്ചന്‍ പീഡിപ്പിച്ചു. ലൈംഗികാതിക്രമം പലവുരു ആവര്‍ത്തിച്ചപ്പോള്‍ കുട്ടി പറഞ്ഞു ‘ഇതിനൊക്കെ ഞാന്‍ പ്രതികാരം ചെയ്യുമച്ചോ!’ വികാരി അത് തമാശയായെടുത്തു. ചെക്കന്‍ വളര്‍ന്ന് തണ്ടും തടിയുമൊക്കെയായി. ഒരു ദിവസം തോക്കുമായി പയ്യന്‍ പള്ളിമേടയിലെത്തി. അച്ചന്റെ നേര്‍ക്ക് തോക്കു ചൂണ്ടി, ‘ഡിഷും, ഡിഷും.’ വികാരിയച്ചന്‍ കര്‍ത്താവില്‍ നിദ്രപ്രാപിച്ചു. മൂന്നു നാലു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നടന്ന ഈ സംഭവം അന്ന് അന്താരാഷ്ട്ര മാധ്യമങ്ങളിലെ ത്രസിപ്പിക്കുന്ന കഥയായി. നമ്മുടെ നാട്ടിലും അത്തരം ഉരിശുള്ള രണ്ട് പിള്ളേര്‍ തോക്കുമായി രംഗത്തിറങ്ങിയാല്‍ തീരാവുന്നതേയുള്ളൂ ഈ ഞരമ്പുരോഗം.
നമ്മുടെ ഏക ലേഡി മെഗാസ്റ്റാര്‍ മ‍ഞ്ജുവാരിയരുടെ പിറന്നാളായിരുന്നു ഇന്നലെ. വയസ് 45 തികഞ്ഞു. അഭിനയത്തില്‍ റോസാദലങ്ങളുടെ പൂമെത്ത താണ്ടിക്കടന്ന മഞ്ജു സ്വകാര്യ ജീവിതത്തില്‍ താണ്ടിയത് കനല്‍ വഴികള്‍. ഈ മഹാനടി അഭിനയിച്ച ഒരൊറ്റ സിനിമപോലും നമ്മുടെ ഓര്‍മ്മയില്‍ തങ്ങാതെ നില്‍ക്കില്ല. ഈ വേളയില്‍ വയസറിയിക്കുന്നതില്‍ മഞ്ജു കാട്ടിയ ആര്‍ജവത്തിന് നമോവാകം. 77ല്‍ 31 വയസായിരുന്ന ഒരു മഹാനടന്‍ ഏറ്റവും ഒടുവില്‍ ആഘോഷിച്ചത് 77-ാം പിറന്നാളെന്ന പേരില്‍! ‘തേനും വയമ്പും’ എന്ന വിഖ്യാതചിത്രത്തിന്റെ നിര്‍മ്മാതാവായ കുരുവിളയ്ക്ക് ഇപ്പോള്‍ പ്രായം എഴുപത്. കണ്ടാല്‍ അമ്പതിന്റെ ചെറുപ്പം. പക്ഷേ അദ്ദേഹത്തിന്റെ സഹപാഠിയായ മറ്റൊരു മഹാനടന്‍ ഇപ്പോഴും 62 കാരന്‍! എട്ടോ പത്തോ വയസു കുറച്ചു പിറന്നാള്‍ ആഘോഷിച്ചാല്‍ ആരാധകരുടെ മനസില്‍ സ്നേഹവായ്പ് കുറഞ്ഞുപോകുമോ എന്ന ഭയത്തില്‍ നിന്നുടലെടുക്കുന്ന നമ്പരുകളല്ലേ ഇതെല്ലാം!

Exit mobile version