Site iconSite icon Janayugom Online

ബിജെപിക്കെതിരെ വിശാല മതേതര ഐക്യം വേണം: കാനം

വിശാല മതേതര ഐക്യത്തിലൂടെ വരുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താനാകുമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സിപിഐ ജില്ലാപ്രവർത്തകയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബിജെപി ഹിന്ദുത്വ വെല്ലുവിളികളെ മതേതരത്വത്തിലൂടെ മാത്രമേ മറികടക്കാനാകൂ. അതിനായി വിശാല മതേതര ഐക്യമുണ്ടാകണം. നരേന്ദ്രമോഡി സർക്കാർ അസഹിഷ്ണുതയുടെ സർക്കാരാണ്. അവർക്ക് ഒരിക്കലും രാജ്യത്തിന്റെ പ്രശ്നങ്ങൾ ജനാധിപത്യപരമായി പരിഹരിക്കാനാവില്ല. ജനാധിപത്യത്തിന്റെ വഴിയിലേക്ക് ഭരണകൂടങ്ങളെ തിരിച്ചുകൊണ്ടുവരാൻ ജനകീയ ശക്തിയിലൂടെ മാത്രമേ സാധിക്കൂ. ജനങ്ങളുടെ യോജിച്ച പോരാട്ടങ്ങൾക്കും സമരങ്ങൾക്കും ഇവയെ മാറ്റി മറിക്കാൻ കഴിയും. ഇന്ത്യയിലെ ഇന്നത്തെ സാഹചര്യത്തിൽ രാഷ്ട്രീയ കക്ഷികളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് ഒരുമിച്ചുപോരാടാനുള്ള രാഷ്ട്രീയ സാഹചര്യമുണ്ടാക്കണമെന്നും കാനം പറഞ്ഞു.

2024ലെ തെരഞ്ഞെടുപ്പിനെ നേരിടാൻ സിപിഐ സംഘടനാപരമായ ഒരുക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു. അതിനായി എല്ലാ പാർലമെന്റ് മണ്ഡലങ്ങളിലും സബ് കമ്മിറ്റികൾ രൂപീകരിച്ച് പ്രവർത്തനങ്ങളുമായി മുന്നോട്ടുപോവുകയാണ്. സിപിഐ മത്സരിക്കുന്ന നാല് മണ്ഡലങ്ങളും ശക്തമായ വെല്ലുവിളികൾ ഉയർത്തുന്നവയാണ്. ചിട്ടയോടെയുള്ള പ്രവർത്തനവും യോജിച്ച മുന്നേറ്റവും വിജയം സമ്മാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദേശീയതലത്തിൽ കേന്ദ്രസർക്കാരിന്റെ നയങ്ങൾക്കെതിരെ ശക്തമായ പരിപാടികൾക്കാണ് സിപിഐ നേതൃത്വം നൽകുന്നത്. ഇന്ത്യയൊട്ടാകെ നടക്കുന്ന പദയാത്രകളുടെ ഭാഗമായി സെപ്തംബറിൽ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാരുടെ നേതൃത്വത്തിൽ അംഗങ്ങളെ സജ്ജരാക്കിക്കൊണ്ട് പ്രാദേശിക പദയാത്രകൾ നടക്കും. തൃശൂരിൽ 123 ലോക്കൽ കമ്മിറ്റികൾ പദയാത്രയിൽ പങ്കാളികളാകും. വർഗീയതയ്ക്കെതിരെ എഐവൈഎഫ് നടത്തുന്ന രണ്ട് കാൽനടകൾ ജാഥ മെയ് 15 മുതൽ സംസ്ഥാനത്ത് പര്യടനം നടത്തി 28ന് കാൽലക്ഷം യുവജനങ്ങൾ അണിനിരക്കുന്ന ഫാസ്റ്റിസ്റ്റ് വിരുദ്ധ സംഗമത്തോടെ തൃശൂരിൽ സമാപിക്കും. എം എൻ സ്മാരകം നവീകരണത്തിനായി മെയ് ഒന്നുമുതൽ 10 വരെ ജില്ലയിൽ 2000 സ്ക്വാഡുകളിറങ്ങുവാനും യോഗം തീരുമാനിച്ചു.

 

സിപിഐ ജില്ലാസെക്രട്ടറി കെ കെ വത്സരാജ് അധ്യക്ഷനായി. അഡ്വ. ടി ആർ രമേഷ്കുമാർ സ്വാഗതം പറഞ്ഞു. നേതാക്കളായ സി എൻ ജയദേവൻ, കെ പി രാജേന്ദ്രൻ, എ കെ ചന്ദ്രൻ, വി എസ് സുനിൽകുമാർ, ഷീല വിജയകുമാർ, കെ ശ്രീകുമാർ, കെ ജി ശിവാനന്ദൻ, ഇ എം സതീശൻ, രാകേഷ് കണിയാംപറമ്പിൽ, കെ പി സന്ദീപ്, വി എസ് പ്രിൻസ്, ഷീന പറയങ്ങാട്ടിൽ, ടി പ്രദീപ്കുമാർ, സി സി മുകുന്ദൻ എംഎൽഎ, ടി കെ സുധീഷ്, എം സ്വർണ്ണലത, കെ വി വസന്തകുമാർ, എം ആർ സോമനാരായണൻ തുടങ്ങിയവർ പങ്കെടുത്തു. പി ബാലചന്ദ്രൻ എംഎൽഎ നന്ദി പറഞ്ഞു.

 

Eng­lish Sam­mury:  cpi thris­sur dis­trict genar­al body meet­ing inau­gu­rat­ed by kanam rajendran

 

Exit mobile version