Site iconSite icon Janayugom Online

മതേതരത്വം ഭീഷണി നേരിടുന്നു: മന്ത്രി സജി ചെറിയാന്‍

രാജ്യത്തെ മതേതരത്വം വലിയ ഭീഷണി നേരിടുകയാണെന്ന് സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി ‘മതനിരപേക്ഷതയുടെ വർത്തമാനം’ എന്ന വിഷയത്തിൽ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വർഗീയത രാജ്യത്ത് ഒരു സാമൂഹിക പ്രതിഭാസമായി മാറി. ആർഎസ്എസിന്റെ ഏക ഭാരത സങ്കൽപ്പം നല്ല ഉദേശ്യത്തോടെയുള്ള ഒന്നല്ല. കേന്ദ്ര സർക്കാർ രാജ്യത്തെ മത രാഷ്ട്രമാക്കാന്‍ പലവിധത്തിലുള്ള ശ്രമം നടത്തുന്നു. കേന്ദ്ര സർക്കാർ ഏജൻസികളുടെ സ്ഥിതിയും ജനാധിപത്യത്തിനും മത നിരപേക്ഷതയ്ക്കും എതിരാണെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രം വളർന്ന കാലത്ത് പാരമ്പര്യ വാദങ്ങളെ അടിസ്ഥാനമാക്കിയുള്ള പാഠ്യപദ്ധതി കൊണ്ടുവരുന്നത് വർഗീയ അജണ്ടയുടെ ഫലമാണ്.
പരസ്യമായി വർഗീയത പറയുന്ന ബിജെപിയും ജമാഅത്ത് ഇസ്ലാമിയെ പിന്തുണയ്ക്കുന്ന കോൺഗ്രസ്യം മതനിരപേക്ഷതയ്ക്ക് അപകടകാരികളായി മാറുന്നു. ഈ ഇരുണ്ട കാലഘട്ടത്തിൽ കേരളം മാത്രമാണ് പ്രകാശഗോപുരമായി നിലനിൽക്കുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംഘാടക സമതി ചെയര്‍മാന്‍ വി സി മധു അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ ഇ കെ ജയന്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി എസ് സോളമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം വി മോഹന്‍ദാസ്, രക്ഷാധികാരി സി രാധാകൃഷ്ണന്‍ എന്നിവര്‍ പങ്കെടുത്തു.

Exit mobile version