Site iconSite icon Janayugom Online

പഹല്‍ഗാം ആക്രമണത്തിന് സഹായിച്ചയാളിനെ സുരക്ഷാ സേന പിടികൂടി; രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ നദിയില്‍ചാടിയ ആള്‍ മരിച്ചു

ജമ്മുകശ്മീരില്‍ ഭീകരവാദികള്‍ക്ക് ഭക്ഷണവും, മറ്റ് സഹായങ്ങളും നല്‍കിയ യുവാവ് സുരക്ഷാ സേനയുടെ പിടിയില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നദിയില്‍ വീണ് മുങ്ങിമരിച്ചു. ലഷ് കറെ തോയ്ബ സംഘാംഗമെന്ന് സംശയിക്കുന്ന ഇകിയാസ അഹമ്മദ് മാഗ്രേയ് ആണ് മരിച്ചത്.പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ കഴിഞ്ഞ ദിവസമാണ് ഇയാളെ ജമ്മു കശ്മീര്‍ പോലീസ് ചോദ്യംചെയ്യാന്‍ കസ്റ്റഡിയില്‍ എടുത്തത്. കുല്‍ഗാമിലെ ടംഗ്മാര്‍ഗിലെ വനമേഖലയില്‍ ഒളിച്ചിരുന്ന ഭീകരര്‍ക്ക് ഭക്ഷണവും മറ്റ് വസ്തുക്കളും എത്തിച്ചുനല്‍കിയതായി ഇംതിയാസ് ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു.

ഭീകരവാദികളുടെ ഒളിയിടം അറിയാമെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് ഞായറാഴ്ച, സുരക്ഷാസേനാ ഉദ്യോഗസ്ഥര്‍ക്ക് അവിടേക്കുള്ള വഴികാണിക്കുന്നതിനിടെയാണ് ഝലം നദിയുടെ പോഷകനദിയായ വേഷ്‌വയില്‍ ചാടി രക്ഷപ്പെടാന്‍ ഇംതിയാസ് ശ്രമിച്ചത്. എന്നാല്‍ നദിയിലെ ശക്തമായ ഒഴുക്കില്‍ പെട്ടുപോവുകയായിരുന്നു. ഭീകരവാദികളെ വളഞ്ഞ് പിടികൂടാനുള്ള നടപടിയുമായി നീങ്ങവേ, ഇംതിയാസ് നദീതീരത്തേക്ക് പോവുകയും ജലമാര്‍ഗം രക്ഷപ്പെടാമെന്ന കണക്കുകൂട്ടലില്‍ നദിയിലേക്ക് ചാടുകയുമായിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു.

സുരക്ഷാസേനയുടെ ഡ്രോണിലാണ് ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുള്ളത്. കുല്‍ഗാമിലെ അഹര്‍ബാല്‍ മേഖലയിലെ അദ്ബാല്‍ നീര്‍ച്ചാലില്‍നിന്നാണ് ഇംതിയാസിന്റെ മൃതദേഹം വീണ്ടെടുത്തത്. ഇംതിയാസ് നദിയിലേക്ക് ചാടുന്നതിന്റെയും അല്‍പദൂരം നീന്താന്‍ ശ്രമിക്കുന്നതിന്റെയും വീഡിയോ പുറത്തുവന്നിട്ടുണ്ട്. ഇത് സാമൂഹികമാധ്യമങ്ങളില്‍ വലിയതോതില്‍ പ്രചരിക്കുന്നുമുണ്ട്. എന്നാല്‍, ഇംതിയാസ് പൊലീസ് കസ്റ്റഡിയിലിരിക്കെയാണ് മരിച്ചതെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തി. പിഡിപി നേതാവ് മെഹ്ബൂബ മുഫ്തിയും സംഭവത്തില്‍ ഗൂഢാലോചന ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്. 

Exit mobile version