Site iconSite icon Janayugom Online

രാജ്യദ്രോഹ നിയമം; അനുകൂലിച്ച് കേന്ദ്രസര്‍ക്കാര്‍

രാജ്യദ്രോഹ നിയമത്തെ പ്രതിരോധിച്ച് കേന്ദ്രസർക്കാർ. ഐപിസി സെക്ഷന്‍ 124 എ ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ആവശ്യപ്പെട്ടു.

കൊളോണിയൽ കാലത്തെ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് എഡിറ്റേഴ്സ് ഗില്‍ഡ് അടക്കം സമര്‍പ്പിച്ച ഒരു കൂട്ടം ഹർജികളാണ് കോടതി പരിഗണിക്കുന്നത്. കേദാർനാഥ് സിങ് കേസില്‍ രാജ്യദ്രോഹക്കുറ്റ നിയമം മൗലികാവകാശങ്ങളുടെ പശ്ചാത്തലത്തിൽ സുപ്രീം കോടതി വിശദമായി പരിശോധിച്ചിട്ടുള്ളതാണെന്ന് കേന്ദ്രം അറിയിച്ചു.

ഭരണഘടനാ ബെഞ്ച് നേരത്തെ പരിഗണിച്ച കേസായതിനാല്‍ നിലവിലെ മൂന്നംഗ ബെഞ്ചിന് നിയമത്തിന്റെ സാധുത പരിശോധിക്കാനാകില്ല. വ്യവസ്ഥകൾ ദുരുപയോഗം ചെയ്യുന്ന ഏതാനും സംഭവങ്ങൾ കേദാർ നാഥ് സിങ് കേസ് പുനഃപരിശോധിക്കാൻ കാരണമാകരുതെന്നും കേന്ദ്രം പറഞ്ഞു.

ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇതുസംബന്ധിച്ച കേസുകള്‍ പരിഗണിക്കുന്നത്. അതേസമയം 2021ല്‍ ഹര്‍ജിയില്‍ നോട്ടീസ് നല്‍കിക്കൊണ്ട് 75 വര്‍ഷം പഴക്കമുള്ള കൊളോണിയല്‍ നിയമം ആവശ്യമുണ്ടോ എന്ന് സുപ്രീം കോടതി ചോദിച്ചിരുന്നു. ഈ വിഷയത്തില്‍ ഇതുവരെ കേന്ദ്ര സര്‍ക്കാര്‍ മറുപടി നല്‍കിയിട്ടില്ല.

Eng­lish summary;Sedition law; Cen­tral Gov­ern­ment in favor

You may also like this video;

Exit mobile version