അച്ഛനും അമ്മയും വീട്ടില്‍ നിന്നിറങ്ങിയ ശേഷം അടുക്കളവാതില്‍ അടയ്ക്കാന്‍ ചെന്നപ്പോഴാണ് അനഘ, കത്തിയുമായി ഒരാള്‍ മുന്നിലൊരാളെ കണ്ടത്. വാതിലിന് പിറകില്‍ ഒളിച്ചുനിന്നിരുന്ന അയാള്‍ പൊടുന്നനെ അവളുടെ കഴുത്തിനു നേരെ കത്തിവീശി. രണ്ടുതവണ കത്തി വീശിയതോടെ കൈകൊണ്ട് തടയാന്‍ ശ്രമിച്ചു. കൈ മുറിഞ്ഞു. ഈ തക്കം അയാള്‍ അവളുടെ വാ പൊത്തിപ്പിടിച്ചു. കരാട്ടെ ബ്ലാക്ക് ബെൽറ്റ് നേടിയ അനഘ ഒടുവില്‍ അടവുകള്‍ പയറ്റാന്‍ തുടങ്ങി. തന്റെ പ്രയോഗത്താല്‍ തെന്നിമാറിയ അയാള്‍ക്കുനേരെ കയ്യില്‍ കിട്ടിയ തേങ്ങയും ആയുധമാക്കി. തലയില്‍ തേങ്ങകൊണ്ടുള്ള അടിയേറ്റതോടെ പ്രാണനുവേണ്ടി രക്ഷപ്പെടേണ്ടിവന്നു. വീടിന്റെ മതിലും ചാടിക്കടന്നാണ് അയാള്‍ ഓടിയത്.
സംഭവം സിനിമാക്കഥയല്ല. നമ്മുടെ കൊച്ചിയില്‍ ഇന്നലെ രാവിലെ നടന്നതാണ്. കൊച്ചി ഹില്‍പാലസിനടുത്ത് പറപ്പിള്ളി റോഡില്‍ ശ്രീനിലയത്തിലെ അരുണിന്റെയും നിഷയുടെയും മകളാണ് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അനഘ. ബിസിനസുകാരനായ അരുണും കരിങ്ങാച്ചിറയിൽ ഐഇഎൽടിഎസ് സ്ഥാപനം നടത്തുന്ന നിഷയും ജോലികള്‍ക്കായി രാവിലെ പുറത്തിറങ്ങിയ ശേഷമാണ് സംഭവങ്ങള്‍ നടന്നത്. അനഘയുടെ ആത്മധൈര്യത്തെയാണ് ഇപ്പോള്‍ സമൂഹവും സമൂഹമാധ്യമങ്ങളും പ്രശംസിക്കുന്നത്. അക്രമിയെ കണ്ട് ആദ്യമൊന്ന് പകച്ചെങ്കിലും അയാളുടെ അക്രമരീതികള്‍ ഭയപ്പെടുത്തി. ജീവനരക്ഷാ കരുതലുകള്‍ പ്രയോഗിക്കാന്‍ പെട്ടെന്ന് തുനിയേണ്ടിവന്നതും അതുകൊണ്ടാണെന്ന് അനഘ പറയുന്നു. അയാള്‍ വീശിയ കത്തി കഴുത്തില്‍ തട്ടിയിരുന്നെങ്കില്‍ സ്ഥിതി മറിച്ചാവുമായിരുന്നു. വാ പൊത്തിപ്പിടിച്ച സമയത്തും നന്നേ ശ്വാസം മുട്ടി. അപ്പോഴാണ് കരാട്ടെ അഭ്യാസമുറ പ്രയോഗിക്കേണ്ടിവന്നത്. 10 വര്‍ഷമായി കരാട്ടെ അഭ്യസിക്കുന്നുണ്ട്. തൃപ്പൂണിത്തുറ ഗവ.ഗേൾസ് ഹൈസ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയാണ് അനഘ.
പരാതിയുടെ അടിസ്ഥാനത്തില്‍ കൊച്ചി ഹിൽപാലസ് പൊലീസ് അനഘയുടെ വീട്ടിലെത്തി പരിശോധന നടത്തി. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നു. പ്രതി രണ്ടു ദിവസമായി ഈ മേഖലയിൽ കറങ്ങി നടക്കുന്നുണ്ടെന്നാണ് പൊലീസിന് ലഭിച്ച വിവരം. ആക്രമണത്തിനിടെ ഇയാളില്‍ നിന്ന് ശബ്ദമൊന്നും ഉണ്ടായില്ല. രൂപമനുസരിച്ച് ഇതര സംസ്ഥാനക്കാരനാണെന്നാണ് സംശയം.
English Sammury: self confidence and karate skill helped Plus two student anakha to defend attacker