വിഴിഞ്ഞത്ത് കുഞ്ഞുങ്ങളെ മറയാക്കി കഞ്ചാവ് കടത്താന്‍ ശ്രമിച്ചവ പിടിയില്‍. 21കിലോ കഞ്ചാവ് പായ്ക്കറ്റുകളാണ് കുട്ടികളുടെ മറവില്‍ കടത്താന്‍ ശ്രമിച്ചത്. സംഭവത്തില്‍ വലിയ വേളി സ്വദേശികളായ കാര്‍ലോസ് (38), ഭാര്യ ബിന്ദു (33), ദമയന്തി (60) എന്നിവര്‍ സിറ്റി ഡാന്‍സാഫ് സംഘത്തിന്‍റെ പിടിയിലായി. ഇന്നലെ രാത്രി 9.30ഓടെ വെങ്ങാനൂര്‍ നെല്ലിവിള ക്ഷേത്രത്തിന് സമീപമാണ് സംഭവം. ബിന്ദുവിന്‍റെ മാതാവാണ് ദമയന്തി. ഇവരുടെ മൂന്ന് കുട്ടികളും കാറിലുണ്ടായിരുന്നു.
പിടിയിലായ ഇവര്‍ കുട്ടികള്‍ക്കൊപ്പം തമിഴ്നാട്ടില്‍ ഉല്ലാസ യാത്ര പോയതാണെന്നാണ് പൊലീസിനോട് പറഞ്ഞത്. രഹസ്യ വിവരം ലഭിച്ചതിനെത്തുടര്‍ന്നാണ് ഡാന്‍സാഫ് സംഘം പരിശോധന നടത്തിയത്. ഇവരുടെ കാറിന്‍റെ ഡിക്കിയില്‍ നിന്നും സ്യൂട്ട്കേസില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ് കണ്ടെത്തിയത്. ഇതിന് മുന്‍പും ഇവരെ കഞ്ചാവുമായി പിടികൂടിയിട്ടുള്ളതാണ്. പ്രതികളെ വിഴിഞ്ഞം പൊലീസിന് കൈമാറിയിട്ടുണ്ട്.

