Site iconSite icon Janayugom Online

സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് മലപ്പുറത്ത് കിക്കോഫ്

59-ാമത് സംസ്ഥാന സീനിയര്‍ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ഇന്ന് മലപ്പുറം കോട്ടപ്പടി മൈതാനത്ത് കിക്കോഫ്. കേരളത്തിലെ പതിനാല് ജില്ലാ ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണ്ണമെന്റ് വാശിയേറിയ പോരാട്ടത്തിന് വേദിയാകും. സന്തോഷ് ട്രോഫിക്കും കെപിഎല്ലിനും വേദിയായ കോട്ടപ്പടി സ്റ്റേഡിയത്തില്‍ സീനിയര്‍ ഫുട്‌ബോളിന് മികച്ച സ്വീകരണം ലഭിക്കുമെന്നാണ് സംഘാടകര്‍ പ്രതീക്ഷിക്കുന്നത്. സീനിയര്‍ ഫുട്‌ബോളിനു അവസാനം കോട്ടപ്പടി വേദിയായത് 2016‑ലായിരുന്നു. ഇന്ന് രാവിലെ ഏഴിനു മുന്‍ചാമ്പ്യന്മാരായ കണ്ണൂര്‍ ആലപ്പുഴയെ നേരിടും. വൈകീട്ട് നാലിനു കായിക മന്ത്രി വി അബ്ദുറഹിമാന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്യും. ശേഷം എറണാകുളവും ഇടുക്കിയും ഏറ്റുമുട്ടും.

ആലപ്പുഴ, കണ്ണൂര്‍, എറണാകുളം, ഇടുക്കി ടീമുകള്‍ വെള്ളിയാഴ്ച എത്തിയിട്ടുണ്ട്. മലപ്പുറം കോട്ടപ്പടി, കുന്നുമ്മല്‍, കിഴക്കേതല എന്നിവിടങ്ങളിലെ ഹോട്ടലുകളിലാണ് ടീമുകളുടെ താമസം തയ്യാറാക്കിയിട്ടുള്ളത്. മലപ്പുറം എം എസ് പി യിലെ മൈതാനങ്ങളിലാണ് ടീമുകള്‍ പരിശീലിക്കുന്നത് ഞായറാഴ്ച ശക്തരായ കോഴിക്കോടും തിരുവനന്തപുരവും തമ്മില്‍ ഏറ്റുമുട്ടും. നിലവിലെ ജേതാക്കളായ കാസര്‍കോട്, രണ്ടാം സ്ഥാനക്കാരായ മലപ്പുറം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് നേരിട്ട് യോഗ്യത നേടിയിട്ടുണ്ട്. കണ്ണൂര്‍— ആലപ്പുഴ മത്സരത്തിലെ വിജയികളാണ് കാസര്‍കോടിന് ക്വാര്‍ട്ടറില്‍ എതിരാളിയാവുക. വയനാട്-കോട്ടയം മത്സരത്തിലെ വിജയികളുമായി ബുധനാഴ്ച മലപ്പുറം ക്വാര്‍ട്ടര്‍ കളിക്കും. ഏഴ്, എട്ട് തീയതികളില്‍ സെമിഫൈനലും ഒന്‍പതിനു ഫൈനലും നടക്കും.

നാഷണല്‍ ഗെയിംസിനും സന്തോഷ് ട്രോഫിക്കുമുള്ള കേരള ടീമിനെ ഈ ടൂര്‍ണ്ണമെന്റില്‍ നിന്നാണ് തെരഞ്ഞെടുക്കുക, കഴിഞ്ഞ തവണ നഷ്ടപ്പെട്ട കിരീടം സ്വന്തം തട്ടകത്തില്‍ തരിച്ചു പിടിക്കാന്‍ മലപ്പുറം കിണഞ്ഞുശ്രമിക്കുമെന്നുറപ്പ്. അതുകൊണ്ട്തന്നെ നിലവിലെ ചാമ്പ്യന്മാരായ കാസര്‍ഗോഡിന് കിരീടം നിലനിര്‍ത്തല്‍ കടുത്ത വെല്ലുവിളിയാകും. ക്വാര്‍ട്ടര്‍ വരെ ദിവസവും രണ്ടു മത്സരങ്ങള്‍ വീതമുണ്ടാവും. രാവിലെ ഏഴിനും വൈകീട്ട് നാലിനുമാണ് കളികള്‍. സന്തോഷ് ട്രോഫി, ദേശീയ ഗെയിംസ് ഫുട്ബോള്‍ എന്നിവക്കുള്ള കേരളാ ടീമിനെ ഈ ടൂര്‍ണമെന്റില്‍ നിന്നാണ് തിരഞ്ഞെടുക്കുക. മത്സരത്തിന്റെ സീസണ്‍ ടിക്കറ്റ് വിതരണം ആരംഭിച്ചിട്ടുണ്ട്. കോഡൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ ശാഖകളിലും ഗ്യാലറി കൗണ്ടറിലും സീസണ്‍ ടിക്കറ്റ് ലഭിക്കും. 450 രൂപയാണ് സീസണ്‍ ടിക്കറ്റ് നിരക്ക്. ഓരോ ദിവസത്തെയും കളികളുടെ ടിക്കറ്റ് കോട്ടപ്പടി സ്റ്റേഡിയത്തിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കും. ക്വാര്‍ട്ടര്‍ ഫൈനല്‍ വരെ 50 രൂപയാണ് ഗ്യാലറി ടിക്കറ്റ് നിരക്ക്. കസേരക്ക് 100 രൂപയും ഈടാക്കും.

Eng­lish Sam­mury: Senior foot­ball cham­pi­onship kick off today in Malappuram

Exit mobile version