Site iconSite icon Janayugom Online

ഗുരുതര പിഴവ്: കേരള സർവകലാശാലയില്‍ ചോദ്യപേപ്പർ ആവർത്തിച്ചു, പരീക്ഷ റദ്ദാക്കി

കേരള സർവകലാശാലയുടെ ബി എസ് സി ബോട്ടണി അഞ്ചാം സെമസ്റ്റർ പരീക്ഷയുടെ ചോദ്യപേപ്പർ ആവർത്തിച്ച സംഭവത്തിൽ നടപടി സ്വീകരിച്ചു. ഇന്നലെ (ഡിസംബർ 3) നടന്ന പരീക്ഷ റദ്ദാക്കുകയും ജനുവരി 13ന് വീണ്ടും നടത്താനും സർവകലാശാല തീരുമാനിച്ചു. ഈ സംഭവത്തിൽ വീഴ്ച വരുത്തിയ അധ്യാപികയെ ചോദ്യപേപ്പർ തയ്യാറാക്കുന്ന ചുമതലയിൽ നിന്ന് നീക്കം ചെയ്തു.

ബി എസ് സി ബോട്ടണിയിലെ അഞ്ചാം സെമസ്റ്റർ പരീക്ഷയായ ‘എൻവയൺമെൻ്റൽ സ്റ്റഡീസ്’ എന്ന വിഷയത്തിലാണ് മുൻവർഷത്തെ ചോദ്യപേപ്പർ അതേപടി ആവർത്തിച്ചത്. 2024 ഡിസംബറിൽ അച്ചടിച്ച ചോദ്യപേപ്പറിലെ 35 ചോദ്യങ്ങളും അതേപടി ആവർത്തിച്ച് വന്നത് പരീക്ഷ എഴുതാനെത്തിയ വിദ്യാർത്ഥികൾക്ക് വലിയ ദുരനുഭവമായി.

ഗുരുതര പിഴവാണ് സംഭവിച്ചതെന്ന് വിലയിരുത്തിയ സർവകലാശാല, അന്വേഷണം നടത്തിയ ശേഷം തുടർ നടപടികൾ ഉണ്ടാകുമെന്ന് പരീക്ഷ കൺട്രോളർ അറിയിച്ചിരുന്നു. കഴിഞ്ഞ ദിവസം കാലിക്കറ്റ് സർവകലാശാലയിലും സമാനമായ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കാലിക്കറ്റിൽ നാലാം വർഷ സൈക്കോളജി ചോദ്യപേപ്പറാണ് ആവർത്തിച്ചത്.

Exit mobile version