Site iconSite icon Janayugom Online

ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്; വോട്ടെടുപ്പ് രാവിലെ 7 മുതൽ, ഇന്ന് നിശബ്ദ പ്രചാരണം

നീണ്ട ഒരു മാസത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശേഷം ഏഴ് ജില്ലകൾ നാളെ പോളിങ് ബൂത്തിലേക്ക്. തിരുവനന്തപുരം മുതൽ എറണാകുളം വരെയുള്ള 11,168 വാർഡുകളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നത്തെ നിശബ്ദ പ്രചാരണത്തിലൂടെ അവസാനവട്ട വോട്ടുറപ്പിക്കാനാണ് മുന്നണികളുടെയും സ്ഥാനാർത്ഥികളുടെയും ശ്രമം. തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പായ നാളെ രാവിലെ ആറിന് മോക്ക്പോൾ നടത്തും. രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. പോളിങ് സ്റ്റേഷനുകളിൽ വൈദ്യുതി, കുടിവെള്ളം, വിശ്രമസ്ഥലം, റാമ്പ്, ക്യൂ സൗകര്യം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങൾ ഏർപ്പെടുത്തും. പ്രായമായവർക്കും ഭിന്നശേഷിക്കാർക്കും ശാരീരിക അവശതയുള്ളവർക്കും ക്യൂ ഇല്ലാതെ വോട്ട് രേഖപ്പെടുത്താൻ സൗകര്യമുണ്ടാകും. 

വോട്ടെടുപ്പ്, വോട്ടെണ്ണൽ എന്നിവ തടസ്സപ്പെടുത്തുക, മാതൃകാ പെരുമാറ്റച്ചട്ട ലംഘനം, കള്ളവോട്ട്, ആൾമാറാട്ടം, പോളിങ് ബൂത്തിൽ അതിക്രമം, ഉദ്യോഗസ്ഥരെ കൈയേറ്റം ചെയ്യൽ, തിരഞ്ഞെടുപ്പ് സാമഗ്രികൾ നശിപ്പിക്കൽ തുടങ്ങിയ കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ ഐഡി കാർഡ്, ആധാർ കാർഡ്, ഡ്രൈവിങ് ലൈസൻസ്, പാസ്പോർട്ട്, പാൻ കാർഡ്, ആറ് മാസംമുമ്പ് ദേശസാൽകൃത ബാങ്കുകൾ നൽകിയ ഫോട്ടോപതിച്ച പാസ് ബുക്ക്, ഫോട്ടോ പതിച്ച എസ്എസ്എൽസി ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്റെ വോട്ടർ സ്ലിപ്പ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. പ്രവാസി വോട്ടർമാർ പോളിങ് സ്റ്റേഷനുകളിൽ പാസ്പോർട്ടിന്റെ ഒറിജിനൽ കാണിക്കണം.

Exit mobile version