Site iconSite icon Janayugom Online

ചെറിയ തെറ്റുകള്‍ക്ക് പോലും കടുത്ത ശിക്ഷ;ഭോപ്പാലില്‍ സ്‌കൂളിലെ ഫാനുകളും ജനലും തകര്‍ത്ത് പെണ്‍കുട്ടികള്‍

ഭോപ്പാലിലെ ഒരു സര്‍ക്കാര്‍ ഗേള്‍സ് സ്‌കൂളില്‍ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍ രംഗത്തെത്തി.ക്ലാസ്സ് മുറികളും പരിസര പ്രദേശങ്ങളും വൃത്തിയാക്കാനും പുല്‍ത്തകിടി വെട്ടാനും തങ്ങള്‍ നിര്‍ബന്ധിതരാണെന്നും ക്ലാസ്സില്‍ കയറാന്‍ 5 മിനിറ്റ് വൈകിയാല്‍ ചുട്ട് പൊള്ളുന്ന വെയിലത്ത് നിര്‍ത്തുന്നത് ഉള്‍പ്പെടെ ചെറിയ തെറ്റുകള്‍ക്ക് പോലും കഠിനമായ ശിക്ഷയാണ് നല്‍കുന്നതെന്നും കുട്ടികള്‍ ആരോപിച്ചു.

സരോജിനി നാായിഡു ഗേള്‍സ് ഹൈസ്‌ക്കൂളിലെ നൂറോളം വിദ്യാര്‍ത്ഥിനികളാണ് തങ്ങളോട് മോശമായി പെരുമാറിയെന്നാരോപിച്ച് മാനേജ്‌മെന്റിനും വര്‍ഷ ഝാ എന്ന ഉദ്യോഗസ്ഥക്കുമെതിരെ കുത്തിയിരുപ്പ് സമരം നടത്തിയത്.ഒരു മാസം മുന്‍പ് നിയമിതയായ വര്‍ഷ സംഭവത്തില്‍ മാപ്പ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ സ്‌കൂള്‍ ഭരണകൂടം കുട്ടികളുടെ ആരോപണം തള്ളി.ആരോപണ വിധേയരായ കുട്ടികളെ അധ്യാപകര്‍ ശിക്ഷിക്കരുതെന്നും നിര്‍ദ്ദേശം നല്‍കി.ഒരു മുന്‍ സൈനികനെ കുട്ടികളുടെ അച്ചടക്ക പാലനത്തിനായി നിയമിച്ചിരുന്നതായി പ്രിന്‍സിപ്പല്‍ മാലിനി വര്‍മ്മ പറഞ്ഞു.മുന്നോട്ടുള്ള നടപടികള്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് അധികൃതര്‍ നടപ്പാക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

യൂണിഫോം ധരിച്ച ഒരുകൂട്ടം വിദ്യാര്‍ത്ഥിനികള്‍ ക്ഷുഭിതരായി സ്‌കൂള്‍ കെട്ടിടത്തിന് പുറത്ത് ഒത്തുകൂടുന്നത് സ്‌കൂളില്‍ നിന്നുള്ള ദൃശ്യങ്ങളില്‍ കാണാം.ചിലര്‍ നെയിംപ്ലേറ്റില്‍ രോഷാകുലരായി ചവിട്ടുന്നതും ചിലര്‍ ജനാലകള്‍ തകര്‍ക്കുന്നതും കാണാം.

മറ്റൊരു ദൃശ്യത്തില്‍ കുറച്ച് കുട്ടികള്‍ നിലത്ത് കുത്തിയിരുന്ന്് പ്രതിഷേധിക്കുന്നത് കാണാം.

മൂന്നാമത്തെ വീഡിയോയില്‍ കുട്ടികള്‍ പൊരിവെയിലത്ത് സ്‌കൂള്‍ ഗ്രൗണ്ടില്‍ ഇരുന്ന് മാനേജ്‌മെന്റിനും അധ്യാപിക വര്‍ഷ ഝായ്‌ക്കെതിരെയും മുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്യുന്നു.

മറ്റൊരു ദൃശ്യത്തില്‍ പെണ്‍കുട്ടികള്‍ ക്ലാസ്സ് റൂമിലുള്ള ബഞ്ചുകള്‍ കയറി നിന്ന് സീലിംഗ് ഫാനുകള്‍ നശിപ്പിക്കുന്നതായി കാണാം.

പ്രതിഷേധം തീവ്രമായതോടെ മധ്യപ്രദേശ് വിദ്യാഭ്യാസ ഡയറക്ടര്‍ സ്‌കൂള്‍ സന്ദര്‍ശിക്കുകയും വര്‍ഷാ ഝായെ അനിശ്ചിത കാല അവധിക്ക് അയക്കുകയും ചെയ്തു.

Exit mobile version