പൂജയുടെ മറവില്‍ പതിനാറുകാരിയെ ലൈംഗികമായ ഉപദ്രവിക്കാന്‍ ശ്രമിച്ച വെണ്ടാര്‍ സ്വദേശി മുരാരി തന്ത്രി എന്ന രാജന്‍ ബാബുവിനായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതിക്കെതിരെ പോക്സോ വകുപ്പുകള്‍ ചുമത്തി പുത്തൂര്‍ പൊലീസ് കേസെടുത്തിരിക്കുന്നത് .ബാധ ഒഴിപ്പിക്കാനായി അമ്മയോടൊപ്പമാണ് പെൺകുട്ടി മുരാരി തന്ത്രിയുടെ അടുത്തെത്തിയത്.
പൂജയുടെ ഭാഗമാണെന്ന് വിശ്വസിപ്പിച്ച് അമ്മയെ പുറത്തിരുത്തിയ ശേഷം പെൺകുട്ടിയെ ഇയാൾ മുറിക്കുള്ളിലേക്ക് കൊണ്ടുപോയി. തുടർന്ന് പെൺകുട്ടിയെ ബലമായി കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഭയന്ന പെൺകുട്ടി നിലവിളിച്ചുകൊണ്ട് മുറിക്ക് പുറത്തേക്ക് ഓടി.ബഹളം കേട്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും പ്രതി തന്റെ വീടിന്റെ പിൻവാതിലിലൂടെ രക്ഷപ്പെട്ടിരുന്നു. സമൂഹമാധ്യമങ്ങളിൽ റീൽ വീഡിയോകളിലൂടെയും മറ്റും സജീവമായ വ്യക്തിയാണ് മുരാരി തന്ത്രി. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പോലീസ് നീങ്ങുകയാണ്.

