Site iconSite icon Janayugom Online

ഷഹബാസ് വധക്കേസ്; 6 പ്രതികളുടെയും ജാമ്യാപേക്ഷ കോടതി തള്ളി

ഷഹബാസ് വധക്കേസിലെ പ്രതികളായ 6 കുട്ടികളുടെയും ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. ജുവനൈൽ ഹോമിലെ കാലാവധി 14 ദിവസം കൂടി നീട്ടുകയും ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് പ്രായപൂർത്തിയാകാത്തതിനാൽ ജാമ്യം നൽകണമെന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ വാദിച്ചത്. എന്നാൽ ഇത് കോടതി പൂർണമായും തള്ളി. നേരത്തെ ജുവനൈൽ ജസ്റ്റിസ് ജാമ്യാപേക്ഷ തള്ളിയതോടെയായിരുന്നു ജില്ലാ സെഷൻസ് കോടതിയെ സമീപിച്ചത്. 

കഴിഞ്ഞ ഒന്നര മാസത്തോളമായി ജുവനൈൽ ഹോമിൽ കഴിയുന്നതിനാൽ ഇത് കുട്ടികളുടെ മാനസിക നിലയെ സാരമായി ബാധിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചിരുന്നു. അതേസമയം പ്രായപൂർത്തിയായില്ലെന്ന കാര്യം മുൻനിർത്തി ഇവർക്ക് ജാമ്യം നൽകരുതെന്ന് പ്രോസിക്യൂഷനും ഷഹബാസിൻറെ കുടുംബവും ആവശ്യപ്പെട്ടിരുന്നു. ഇവർ പുറത്തിറങ്ങിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും സാക്ഷികളെ സ്വാധീനിക്കുന്നതുൾപ്പെടെയുള്ള പ്രവർത്തികളിൽ ഏർപ്പെടുമെന്നും പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. 

കുട്ടികളെ പുറത്ത് വിട്ടാൽ അത് ഇവരുടെ സുരക്ഷക്ക് ഭീഷണിയാണെന്ന് പൊലീസും പറഞ്ഞിരുന്നു. തുടർന്ന് കോടതി ജാമ്യാപേക്ഷ തള്ളുകയായിരുന്നു. ഫെബ്രുവരി 28നായിരുന്നു വിദ്യാർത്ഥികൾ തമ്മിലുള്ള ഏറ്റുമുട്ടലിനിടെ നഞ്ചക്ക് കൊണ്ടുള്ള അടിയേറ്റ് ഷഹബാസിന് ഗുരുതരമായി പരിക്കേറ്റത്. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഷഹബാസ് മാർച്ച് 1ന് മരണപ്പെടുകയായിരുന്നു. 

Exit mobile version