Site iconSite icon Janayugom Online

ശരത് പവാര്‍ രാജി പിന്‍വലിച്ചു

എന്‍സിപി പ്രസിഡന്റ് സ്ഥാനത്തു നിന്നുള്ള രാജി ശരത് പവാര്‍ പിന്‍വലിച്ചു. മുംബൈയില്‍ ചേര്‍ന്ന പാര്‍ട്ടി കോര്‍ കമ്മിറ്റി യോഗം രാജി തള്ളുകയും അധ്യക്ഷസ്ഥാനത്ത് തുടരണമെന്ന് പ്രമേയത്തിലൂടെ ആവശ്യപ്പെടുകയും ചെയ്ത സാഹചര്യത്തിലാണിത്. ‘പാര്‍ട്ടി പ്രവര്‍ത്തകരുടെ വികാരത്തോട് അവമതിപ്പ് കാണിക്കാനാകില്ല. നിങ്ങളുടെ സ്‌നേഹവും മുതിര്‍ന്ന എന്‍സിപി നേതാക്കള്‍ പാസാക്കിയ പ്രമേയവും ഞാന്‍ മാനിക്കുന്നു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ (എന്‍സിപി) ദേശീയ പ്രസിഡന്റ് സ്ഥാനം ഒഴിയാനുള്ള എന്റെ തീരുമാനം ഞാന്‍ പിന്‍വലിക്കുന്നു’ എന്ന് പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പവാര്‍ പറഞ്ഞു.

പവാറിന് പകരം ആരെന്ന ചോദ്യം പാര്‍ട്ടിയില്‍ പ്രതിസന്ധിയുണ്ടാക്കിയിരുന്നു. അജിത് പവാറിന്റെയും സുപ്രിയ സുലെയുടെയും പേരുകള്‍ അധ്യക്ഷസ്ഥാനത്തേക്ക് വന്നെങ്കിലും അതില്‍ ആരെ തിരഞ്ഞെടുത്താലും എന്‍സിപിയിലെ തര്‍ക്കം മുറുകും. ഈ സാഹചര്യത്തിലാണ് ശരദ് പവാര്‍ തന്നെ തുടരണമെന്ന തീരുമാനത്തിലേക്ക് സമിതി എത്തിയത്.

ദേശീയതലത്തില്‍ പ്രതിപക്ഷ ഐക്യ നീക്കം ശക്തമായിരിക്കെ ശരദ് പവാര്‍ സ്ഥാനമൊഴിയരുത് എന്ന് വിവിധ കക്ഷി നേതാക്കളും ആവശ്യപ്പെട്ടിരുന്നു. പവാറിന്റെ രാജി തീരുമാനം പില്‍വലിച്ചതോടെ മുംബൈയിലെ എന്‍സിപി ആസ്ഥാനത്തിന് മുന്നില്‍ പ്രവര്‍ത്തകര്‍ ആഹ്ലാദ പ്രകടനം നടത്തി.

 

Eng­lish Sam­mury: ncp nation­al presi­dant sharad pawar with­drawn his resignation

Exit mobile version