മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെ പക്ഷവും ബിജെപിയും തമ്മില്‍ പോര്. താനെയില്‍ പൊതുമരാമത്ത് വകുപ്പ് എന്‍ജിനീയറെ നിയമിക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇരുവിഭാഗങ്ങളും തമ്മില്‍ കത്തിലൂടെ പോര് ഉടലെടുത്തത്.
മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ഡെവലപ്മെന്റ് കോര്‍പറേഷനിലെ (എംഎസ്ആര്‍ഡിസി) പാര്‍ട്ടിക്ക് താല്പര്യമുള്ള ഒരു ഉദ്യോഗസ്ഥനെ തല്‍സ്ഥാനത്തേക്ക് കൊണ്ടുവരാനാണ് ബിജെപി മത്സരിക്കുന്നത്. എന്നാല്‍ നിലവിലെ എന്‍ജിനീയറായ വികാസ് കാംബ്ലെയെ നിലനിര്‍ത്തണമെന്ന കടുംപിടിത്തത്തിലാണ് ഷിന്‍ഡെ വിഭാഗം.
ഓഗസ്റ്റ് പത്തിന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ കപില്‍ പാട്ടീല്‍, കാംബ്ലെയെ തല്‍സ്ഥാനത്തുനിന്നും നീക്കി ദേവേന്ദ്ര പവാറിനെ നിയമിക്കണമെന്ന് ഉപമുഖ്യമന്ത്രി ദേവന്ദ്ര ഫഡ്നാവിസിനോട് ആവശ്യപ്പെട്ടിരുന്നു. ഈ നീക്കമാണ് തര്‍ക്കത്തിലേക്ക് എത്തിച്ചതെന്നാണ് സൂചന. പാട്ടീലിന്റെ കത്ത് പിന്നീട് പിഡബ്ല്യുഡി അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് കൈമാറിയിരുന്നു. എന്നാല്‍ ഷിന്‍ഡെ ഗ്രൂപ്പിലെ രണ്ട് എംഎല്‍എമാര്‍ കാംബ്ലെയെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഏകനാഥ് ഷിന്‍ഡെയ്ക്ക് കത്തയച്ചു.
സംസ്ഥാന പൊതുമരാമത്ത് മന്ത്രിയും ബിജെപി നേതാവുമായ രവീന്ദ്ര ചവാന്‍ അടുത്തിടെ ഷിന്‍ഡെയുടെ കീഴിലുള്ള നഗരവികസന വകുപ്പിന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തി അറിയിച്ചിരുന്നു. ഫഡ്നാവിസ് മുഖ്യമന്ത്രിയായിരുന്ന കാലത്ത് റോഡിനായി അനുവദിച്ച 472 കോടി ഇതുവരെ വിതരണം ചെയ്തിട്ടില്ലെന്ന് ചവാന്‍ ചൂണ്ടിക്കാട്ടിയിരുന്നു. ചവാന്റെ വിമർശനം ഷിൻഡെ ക്യാമ്പിൽ നിന്നുള്ള പ്രത്യാക്രമണത്തിലേക്ക് നയിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.
അതിനിടെ കാംബ്ലയ്ക്ക് പിന്തുണയുമായി ബിജെപി എംഎല്‍എ കിഷന്‍ റാത്തോഡ് രംഗത്തുവന്നിട്ടുണ്ട്. വികസന പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് കാംബ്ലെയും കപില്‍ പാട്ടീലും തമ്മിലുള്ള തര്‍ക്കത്തിലും അദ്ദേഹം കാബ്ലെയെ ആണ് പിന്തുണച്ചത്. പിഡബ്ല്യുഡി മുന്‍ സെക്രട്ടറിയുടെ ബന്ധുവാണ് കാംബ്ലെ. നാസിക് മുന്‍ മേയറും ബിജെപി നേതാവുമായ രഞ്ജന ഭന്‍സിയുടെ ബന്ധുവാണ് ദേവേന്ദ്ര പവാര്‍.
English Summary: Shinde and BJP fall out
You may like this video also