Site iconSite icon Janayugom Online

കപ്പലപകടം: 56 കണ്ടെയ്നറുകൾ തീരത്ത് കണ്ടെത്തി

എംഎസ്‌സി-എൽസ3 കപ്പലപകടവുമായി ബന്ധപ്പെട്ട് മേയ് 29ന് വൈകിട്ട് 5.30 വരെയുള്ള കണക്കനുസരിച്ച് 56 കണ്ടെയ്‌നറുകൾ തീരത്ത് കണ്ടെത്തിയതായി റവന്യു മന്ത്രി കെ രാജന്‍ പറഞ്ഞു. കൊല്ലത്ത് നിന്ന് 43, ആലപ്പുഴ തീരത്ത് നിന്ന് രണ്ട്, തിരുവനന്തപുരത്ത് നിന്ന് 13 എണ്ണം വീതമാണ് കണ്ടെത്തിയത്. ഇനി വലിയതോതില്‍ കണ്ടെയ്നറുകള്‍ എത്തുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തീരത്തടിഞ്ഞ നർഡിലുകൾ (ചെറു പ്ലാസ്റ്റിക് തരികൾ) സന്നദ്ധപ്രവർത്തകരെ ഉപയോഗിച്ച് മാറ്റുന്നതിനുള്ള നടപടി സ്വീകരിച്ചുവരുന്നു. കരയിൽ വന്നടിയുന്ന കണ്ടെയ്‌നറുകൾ പോർബന്തർ ആസ്ഥാനമായുള്ള വിശ്വകർമ്മ എന്ന കമ്പനി കൈകാര്യം ചെയ്യും. കടലിലെ കണ്ടെയ്‌നറുകൾ കൈകാര്യം ചെയ്യുന്നതിനായി അമേരിക്ക ആസ്ഥാനമായുള്ള ടിഎൻടി എന്ന കമ്പനിയെ കപ്പലുടമകൾ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് സ്കാനിങ് നടത്തി കപ്പൽ കണ്ടെത്തിയിട്ടുണ്ട്. കപ്പലിന്റെ മേൽഭാഗം 31 മീറ്റർ ആഴത്തിലാണുള്ളത്. നിലവിൽ അപകടകാരിയായ കാത്സ്യം കാർബൈഡ് അടങ്ങിയ കണ്ടെയ്‌നറുകൾ കണ്ടെത്താനായിട്ടില്ല. സുരക്ഷിതമായാണ് ഇവ പാക്ക് ചെയ്തിരിക്കുന്നതെന്നതിനാൽ ഒരുകാരണവശാലും പുറത്തേക്ക് വരില്ലെന്നും മന്ത്രി പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് തീരദേശത്തുണ്ടായ മാലിന്യപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനും പാരിസ്ഥിതികാഘാതം പഠിക്കുന്നതിനുമായി സര്‍ക്കാര്‍ ദ്വിതല സമിതി രൂപീകരിച്ചു.

Exit mobile version