Site iconSite icon Janayugom Online

ചെന്നിത്തലയുടേത് പാവപ്പെട്ട കുട്ടികൾക്കെതിരെയുള്ള പോർവിളിയെന്ന് മന്ത്രി വി ശിവന്‍കുട്ടി

കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടേത് വെറുമൊരു രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് കേരളത്തിലെ പാവപ്പെട്ട കുട്ടികളുടെ ഭാവിക്ക് നേരെയുള്ള പോർവിളിയാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സർക്കാർ വിദ്യാലയങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തുമ്പോൾ അതിനെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിളിക്കാൻ ചെന്നിത്തലയ്ക്ക് എങ്ങനെ സാധിക്കുന്നുവെന്നും മന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിച്ചു. 

സ്കൂൾ തുറക്കുന്നതിന് മുമ്പ് തന്നെ കുട്ടികളുടെ കൈയിൽ പുസ്തകവും യൂണിഫോമും എത്തിക്കുന്നത് ഭരണപരമായ മികവാണ്. അല്ലാതെ പഴയ യുഡിഎഫ് കാലത്തെപ്പോലെ ഓണം കഴിഞ്ഞിട്ടും പുസ്തകത്തിനായി കുട്ടികളെ തെരുവിൽ കാത്തുനിർത്തുന്നതാണോ നിങ്ങളുടെ വികസന മാതൃക?
2000 സ്കൂളുകളിൽ 7000 റോബോട്ടിക് ലാബുകൾ സ്ഥാപിച്ച് പാവപ്പെട്ടവന്റെ മക്കളെ ആധുനിക സാങ്കേതികവിദ്യ പഠിപ്പിക്കുന്നത് തുഗ്ലക്ക് പരിഷ്കാരമാണോ? വരേണ്യവർഗത്തിന് മാത്രം ലഭിച്ചിരുന്ന ഈ സൗകര്യങ്ങൾ സാധാരണക്കാരന് ലഭ്യമാക്കുന്നത് കാണുമ്പോഴാണോ നിങ്ങൾക്ക് അസ്വസ്ഥത?
കിഫ്ബി വഴി 973 സ്കൂളുകൾക്ക് അന്താരാഷ്ട്ര നിലവാരത്തിലുള്ള കെട്ടിടങ്ങൾ നിർമ്മിച്ചു നൽകുന്നു. അടച്ചുപൂട്ടാൻ പോയിരുന്ന സർക്കാർ സ്കൂളുകളെ ജനകീയമാക്കി മാറ്റിയതാണോ ചെന്നിത്തല പരിഹസിക്കുന്ന ‘തുഗ്ലക്ക്’ രീതി? 

ലോകം മാറുന്നതിനനുസരിച്ച് നമ്മുടെ കുട്ടികളും മാറണം. അതിനായി ആർട്ടിഫിഷ്യൽ ഇന്റലിജൻസും 3ഡി മോഡലിങും സിലബസിന്റെ ഭാഗമാക്കിയത് തെറ്റാണോ? അതോ നമ്മുടെ കുട്ടികൾ ഇന്നും കല്ലേപ്പലകയിൽ മാത്രം പഠിച്ചാൽ മതിയെന്നാണോ ചെന്നിത്തലയുടെ വാശി? വിദ്യാർത്ഥികൾക്ക് അപകട/ലൈഫ് ഇൻഷുറൻസ് പരിരക്ഷയും സൗജന്യ ഹെൽത്ത് കാർഡും ഉറപ്പാക്കി. പാവപ്പെട്ട കുടുംബങ്ങൾക്ക് താങ്ങായി നിൽക്കുന്ന ഈ സുരക്ഷാ പദ്ധതികളാണോ നിങ്ങൾക്ക് പരിഹാസ്യമായി തോന്നുന്നത്? 

പരീക്ഷാഫലം വരുന്നതിന് മുമ്പേ പുസ്തകം അച്ചടിക്കുന്നത് ആസൂത്രണമില്ലായ്മയല്ല, മറിച്ച്നി ശ്ചയദാർഢ്യമാണ്. തോൽക്കുമോ ജയിക്കുമോ എന്ന് സംശയിച്ചു നിൽക്കുന്ന ചെന്നിത്തലയുടെ രാഷ്ട്രീയ മനഃസ്ഥിതിയല്ല കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിനുള്ളത്. പാവപ്പെട്ടവന്റെ മക്കൾ പഠിച്ചുയരുന്നത് കണ്ട് സമനില തെറ്റിയ ചെന്നിത്തല കേരളത്തിലെ വിദ്യാർത്ഥികളോട് മാപ്പു പറയണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

Exit mobile version