ബിജെപിയിലെ തർക്കം മൂലം പാലക്കാട് സീറ്റിൽ സ്ഥാനാർത്ഥിയെ കണ്ടെത്താനാവാതെ ബിജെപി സംസ്ഥാന നേതൃത്വം. മുൻ കേന്ദ്രമന്ത്രി വി മുരളീധരനും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനും സി കൃഷ്ണകുമാറിന്റെ പേരാണ് മുന്നോട്ട് വെക്കുന്നത്. ഇതിനെ തടയാൻ മറ്റൊരു പ്രബല വിഭാഗവും രംഗത്തുണ്ട്. പാലക്കാട് ശോഭ സുരേന്ദ്രനെ സ്ഥാനാർത്ഥിയാക്കണമെന്ന് ആവശ്യപ്പെട്ടു കേന്ദ്രമന്ത്രി സുരേഷ്‌ഗോപി കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത് പാർട്ടിയിൽ കൂടുതൽ വിവാദങ്ങൾക്ക് വഴിതെളിച്ചു . പിന്തുണയുമായി കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ശോഭ സുരേന്ദ്രന്‍ തന്നെ മത്സരിക്കണമെന്ന് ബിജെപി നേതാവ് എന്‍ ശിവരാജനും പരസ്യമായി ആവശ്യപ്പെട്ടിരുന്നു. ബിജെപിയിലെ ഒരു വിഭാഗത്തിന് അനഭിമതയാണെങ്കിലും ശോഭക്ക് പാർട്ടിയിൽ പിന്തുണ ലഭിക്കുന്നുണ്ട് എന്നാണ് സൂചന.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ ശോഭ സുരേന്ദ്രനുണ്ടാക്കിയ നേട്ടം ഉള്‍പ്പെടെ കണക്കിലെടുത്താണ് പാലക്കാട് അവരെ മത്സരിപ്പിക്കണമെന്ന് ആവശ്യം പാര്‍ട്ടിയിലെ ഒരു വിഭാഗം ശക്തമായി ഉയര്‍ത്തുന്നത്. അതേസമയം മണ്ഡലത്തില്‍ ശക്തമായ സ്വാധീനമുള്ള സി കൃഷ്ണകുമാര്‍ വിഭാഗം പാര വെക്കുമോ എന്ന ആശങ്കയും ശോഭ സുരേന്ദ്രനെ അനുകൂലിക്കുന്നവര്‍ക്കുണ്ട്. തര്‍ക്കം മുറുകിയാല്‍ കെ സുരേന്ദ്രന്‍ തന്നെ സ്ഥാനാർത്ഥിയാകുമെന്ന സൂചനയുമുണ്ട്. ശോഭ മത്സരത്തിനിറങ്ങിയാൽ മണ്ഡലത്തിലെ സ്ത്രീ വോട്ടര്‍മാരില്‍ അടക്കം വലിയ സ്വാധീനം ഉണ്ടാക്കാന്‍ സാധിക്കുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗം വാദിക്കുന്നത് . പാലക്കാട്ടെ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ബിജെപിയെ തന്നെ സഹായിക്കുമെന്നാണ് കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലെ വോട്ട് നിലയില്‍നിന്ന് ലഭിക്കുന്ന സൂചന.