സംസ്ഥാനത്തെ രണ്ടാംഘട്ട വോട്ടെടുപ്പ് നാളെ.ഇന്ന് നിശബ്ദപ്രചാരണം.തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴുജില്ലകൾ വ്യാഴാഴ്‌ച വിധിയെഴുതും. ഇതോടെ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പൂർത്തിയാകും.പരസ്യപ്രചാരണത്തിന്റെ സമാപന ദിവസമായ ഇന്നലെ ആവേശം അലയടിച്ചുയർന്നു. ഒരുമാസത്തോളം നീണ്ട പ്രചാരണത്തിനാണ് കൊട്ടിക്കലാശമായത്. ബൂത്തുകളിലേക്കുള്ള സാമഗ്രികള്‍ ഇന്ന് വിതരണംചെയ്യും.
തെരഞ്ഞെടുപ്പിനുമുമ്പുതന്നെ കണ്ണൂർ, കാസർകോട് ജില്ലകളിലെ 15 വാർഡുകളിലെ വിജയം എൽഡിഎഫിന് ആവേശം പകരുന്നതായിരുന്നു. യുഡിഎഫിന്റെ വികസവിരുദ്ധ നിലപാടുകളും ജമാഅത്തെ ഇസ്ലാമിയുമായുള്ള വർഗീയസഖ്യവും ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. 470 പഞ്ചായത്തിലെ 9027 വാർഡിലേക്കും 77 ബ്ലോക്ക് പഞ്ചായത്തിലെ 1177 ഡിവിഷനിലേക്കും ഏഴ് ജില്ലാപഞ്ചായത്തിലെ 182 ഡിവിഷനിലേക്കും 47 മുനിസിപ്പാലിറ്റിയിലെ 1834 ഡിവിഷനിലേക്കും തൃശൂർ, കോഴിക്കോട്, കണ്ണൂർ കോർപറേഷനുകളിലായി 188 ഡിവിഷനിലേക്കുമാണ് തെരഞ്ഞെടുപ്പ്.
മലപ്പുറത്ത് മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ യുഡിഎഫ് സ്ഥാനാർഥി മരിച്ചതിനാൽ തെരഞ്ഞെടുപ്പ് മാറ്റിവച്ചിട്ടുണ്ട്. ജില്ലാ, ബ്ലോക്ക് ഡിവിഷനുകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കും. കണ്ണൂർ ജില്ലയിലെ മട്ടന്നൂർ മുനിസിപ്പൽ കൗൺസിലിന് 2027 സെപ്‌തംബർ 10വരെ കാലാവധിയുണ്ട് എന്നതിനാൽ അവിടെ തെരഞ്ഞെടുപ്പില്ല. പഞ്ചായത്തുകളിൽ 28,288, ബ്ലോക്കിലേക്ക് 3,742, ജില്ലാ പഞ്ചായത്തിലേക്ക് 681, മുനിസിപ്പാലിറ്റിയിലേക്ക് 5,551, കോർപറേഷനുകളിലേക്ക് 751 എന്നിങ്ങനെയാണ് സ്ഥാനാർഥികൾ. കണ്ണൂർ ജില്ലയിൽ 14ഉം കാസർകോട് രണ്ടും വാർഡുകളിൽ സ്ഥാനാർഥികൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. 81,13,064 സ്ത്രീകൾ ഉൾപെടെ 1,53,78,937 വോട്ടർമാരാണുള്ളത്. 1968 ബൂത്തുകളുണ്ട്.

