Site iconSite icon Janayugom Online

സിൽവർ ലൈൻ പദ്ധതി; ഡിപിആറില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രം

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറില്‍ മാറ്റം വരുത്തണമെന്ന് കേന്ദ്രം. റെയിൽവേ മാനദണ്ഡപ്രകാരം ഡിപിആർ പുതുക്കി സമർപ്പിക്കണമെന്ന് കെ-റെയില്‍ കോര്‍പറേഷനോട് കേന്ദ്ര റെയില്‍വേ മന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ അടിസ്ഥാനത്തില്‍ കെ-റെയില്‍ കോര്‍പറേഷനും റെയില്‍വേ അധികൃതരും തമ്മിലുള്ള ചര്‍ച്ച ഇന്ന് കൊച്ചിയില്‍ നടക്കും. 

സിൽവർ ലൈൻ പദ്ധതിയുടെ ട്രാക്ക് ബ്രോഡ്ഗേജ് സംവിധാനത്തിൽ ആയിരിക്കണമെന്നും നിലവിലുള്ള റെയിൽവേ ട്രാക്കുമായി ചേര്‍ന്ന് വേണം പദ്ധതിയുടെ ട്രാക്കുകൾ വരാനെന്നുമാണ് കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം. കൂട്ടിമുട്ടൽ ഒഴിവാക്കാൻ കവച് സേഫ്റ്റി സെക്യൂരിറ്റിക്ക് ആവശ്യമായ പ്രൊപ്പോസൽ ഉൾപ്പെടുത്തണമെന്നും നിർദേശം നല്‍കി. സില്‍വര്‍ലൈന്‍ നടപ്പാക്കുന്നതിൽ സാങ്കേതികവും പാരിസ്ഥിതികവുമായ ചില പ്രശ്നങ്ങൾ ഉണ്ടെന്നും, അവ പരിഹരിച്ച് പുതിയ നിർദേശങ്ങൾ മുന്നോട്ടുവയ്ക്കുകയാണെങ്കിൽ പദ്ധതി നടപ്പാക്കാൻ റെയിൽവേ സന്നദ്ധമാണെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് നേരത്തെ പറഞ്ഞിരുന്നു. 

അതേസമയം, കേരളത്തിലെ റെയിൽവെ വികസനത്തിന് സംസ്ഥാന സർക്കാർ സഹകരണമില്ലെന്നും ഭൂമി ഏറ്റെടുക്കലിൽ മെല്ലെപ്പോക്കെന്നും മന്ത്രി വീണ്ടും കുറ്റപ്പെടുത്തി. ഹൈബി ഈഡൻ എംപിയുടെ റെയിൽവേ വികസനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് മറുപടി നൽകികൊണ്ടായിരുന്നു കേന്ദ്രമന്ത്രിയുടെ ആരോപണം. 

Exit mobile version