Site icon Janayugom Online

ജനപ്രതിനിധികള്‍ക്ക് ഒറ്റപെന്‍ഷന്‍

ജനപ്രതിനിധികള്‍ക്ക് ഒറ്റപെന്‍ഷന്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങി. മുന്‍ എംപിമാര്‍ പെന്‍ഷന് അപേക്ഷ നല്‍കുമ്പോള്‍ മറ്റ് ഏതെങ്കിലും ആനുകൂല്യം കൈപ്പറ്റുന്നുണ്ടോ എന്ന് വ്യക്തമാക്കണമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. സംയുക്ത പാര്‍ലമെന്ററി സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. മുന്‍ ജനപ്രതിനിധികള്‍ക്ക് മറ്റ് ആനുകൂല്യങ്ങള്‍ക്ക് പുറമേ പെന്‍ഷന്‍ അനുവദിക്കില്ല. ആനുകൂല്യം കിഴിച്ചാകും പെന്‍ഷന്‍ നല്കുക. സര്‍ക്കാരും സമിതിയും ഇക്കാര്യത്തില്‍ വിശദമായ ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ന്നാണ് കേന്ദ്ര മന്ത്രിസഭ തീരുമാനമെടുത്തത്. മന്ത്രിസഭാ തീരുമാനത്തിനു മുമ്പ് ലോക്‌സഭാ സ്പീക്കറുടെയും രാജ്യസഭാ ചെയര്‍മാന്റെയും അഭിപ്രായം സര്‍ക്കാര്‍ തേടിയിരുന്നു. 

പെന്‍ഷന്‍ ലഭിക്കാന്‍ രാജ്യസഭാ, ലോക്‌സഭാ സെക്രട്ടറി ജനറല്‍മാര്‍ക്കാണ് എംപിമാര്‍ അപേക്ഷ നല്‍കേണ്ടത്. അപേക്ഷയില്‍ വ്യക്തി വിവരങ്ങള്‍ക്കൊപ്പം ജനപ്രതിനിധിയായിരുന്ന കാലയളവ്, വഹിച്ചിട്ടുള്ളതും വഹിക്കുന്നതുമായ സ്ഥാനങ്ങള്‍, അതിലൂടെ ലഭിക്കുന്ന ആനുകൂല്യങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ വിശദമാക്കണം. ഇതോടെ എംപിമാരുടെ പെന്‍ഷന്‍ സംബന്ധിച്ച കാര്യത്തില്‍ ഏകീകൃതരൂപമുണ്ടാക്കാന്‍ കഴിയും. 

രാഷ്ട്രപതി, ഉപരാഷ്ട്രപതി, ഗവര്‍ണര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ച എംപിമാര്‍ക്ക് പെന്‍ഷന് അര്‍ഹതയില്ല. കേന്ദ്ര‑സംസ്ഥാന സര്‍ക്കാരുകള്‍ക്കു കീഴിലെ കോര്‍പറേഷനുകളില്‍ നിന്നും ശമ്പളം കൈപ്പറ്റുന്നവര്‍ക്കും പെന്‍ഷന് അര്‍ഹതയുണ്ടാവില്ല. നിലവില്‍ രാജ്യസഭ, ലോക്‌സഭാ എംപി സ്ഥാനം വഹിക്കുന്നവര്‍ക്കും നിയമസഭ, ലെജിസ്ലേറ്റീവ് കൗണ്‍സില്‍ എന്നിവയില്‍ അംഗങ്ങള്‍ ആയവര്‍ക്കും പെന്‍ഷന് അര്‍ഹതയില്ല.

Eng­lish Summary:Single pen­sion for MPs
You may also like this video

Exit mobile version