Site iconSite icon Janayugom Online

കേരളത്തിൽ എസ്ഐആര്‍ പൂർത്തിയായി; 2.69 കോടി വോട്ടർമാർ, പുറത്തായത് 24.61 ലക്ഷംപേർ

വോട്ടർപട്ടിക തീവ്രപരിഷ്കരണം (എസ്ഐആർ) പൂർത്തിയായപ്പോൾ കേരളത്തിൽ 2.69 കോടി വോട്ടർമാർ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെക്കാൾ പട്ടികയിൽനിന്ന് 7,95,515 വോട്ടർമാർ കുറഞ്ഞു. പട്ടിക ശനിയാഴ്ച പ്രസിദ്ധീകരിക്കും. എസ്ഐആറിന്റെ ഭാഗമായി ഡിസംബർ 23ന് പ്രസിദ്ധീകരിച്ച കരടുപട്ടികയിൽ 24.08 ലക്ഷം പേരെ ഒഴിവാക്കിയിരുന്നു, 2,54,42,352 വോട്ടർമാർ. കരട് പ്രസിദ്ധീകരിച്ചശേഷം ഹിയറിങ്ങിലൂടെ 53,229 പേരേക്കൂടി ഒഴിവാക്കി. എന്നാൽ 15,11,292 പേർ കൂടുകയും ചെയ്തു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്നത് 2,77,49,159 വോട്ടർമാരാണ്.

മരിച്ചവരെയും ഇരട്ടവോട്ടുള്ളവരെയും എന്യുമറേഷൻ ഫോം നൽകാത്തവരെയുമൊക്കെ എസ്.ഐ.ആറിൽ ഒഴിവാക്കിയതിനാലാണ് 7.95 ലക്ഷം വോട്ടർമാർ കുറഞ്ഞതെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. കേൽക്കർ പറഞ്ഞു.

കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ 2.86 കോടി വോട്ടർമാരുണ്ടായിരുന്നു. അതിനെക്കാൾ 16 ലക്ഷത്തോളം കുറഞ്ഞു. 2021‑ലെ നിയമസഭാതിരഞ്ഞെടുപ്പിൽ 2,74,46,039 വോട്ടർമാരായിരുന്നു. മരിച്ചവർ, കണ്ടെത്താൻ സാധിക്കാത്തവർ, താമസം മാറിയവർ, ഒന്നിലധികം പട്ടികയിലുള്ളവർ, എന്യുമറേഷൻ ഫോറം തിരികെ നൽകാത്തവർ എന്നിങ്ങനെ 24 ലക്ഷം പേരെ ഒഴിവാക്കിയാണ് കരടുപട്ടിക പ്രസിദ്ധീകരിച്ചത്.

Exit mobile version