Site iconSite icon Janayugom Online

സന്നിധാനത്ത് ഇന്ന് എസ്ഐടി പരിശോധന; ശ്രീകോവിലിന്റെ പഴയ വാതിലിന്റെ അളവെടുക്കും

ശബരിമല സ്വര്‍ണക്കൊള്ള അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ഇന്ന് സന്നിധാനത്ത് പരിശോധന നടത്തും.സന്നിധാനത്തെ സ്ട്രോങ് റൂമിലായിരിക്കും പരിശോധന.ഹൈക്കോടതിയുടെ നിര്‍ദ്ദേശപ്രകാരമാണ് സ്ട്രേങ് റൂമിലുള്ള ശ്രീകോവിലിന്റെ പഴയ വാതിലും പ്രഭാമണ്ഡലത്തിലും എസ്ഐടി പരിശോധന നടത്തുക. ഉണ്ണികൃഷ്ണന്‍ പോറ്റി പുതിയ വാതില്‍ സ്പോണ്‍സര്‍ ചെയ്തപ്പോള്‍ പഴയ വാതില്‍ സ്ട്രോങ് റൂമിലേക്ക് മാറ്റിയിരുന്നു.

ഈ വാതിലിന്റെ അളവടക്കം രേഖപ്പെടുത്തിക്കൊണ്ടുള്ള പരിശോധനയ്ക്കാണ് ഹൈക്കോടതി അനുമതി നൽകിയിട്ടുള്ളത്. ഇവ പരിശോധിച്ച് സ്വർണം പൊതിഞ്ഞത് സംബന്ധിച്ച് കണക്കെടുക്കും. എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള എസ്‌ഐടി സംഘത്തിനൊപ്പം ഫോറൻസിക് വിദഗ്ധരും ചേർന്നാണ് പരിശോധന നടത്തുക.അതേസമയം കേസുമായി ബന്ധപ്പെട്ട് അഞ്ച് പേർകൂടി നിരീക്ഷണത്തിലുണ്ടെന്നാണ് വിവരം. കൂടുതൽ പേരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാനാണ് എസ്‌ഐടിയുടെ നീക്കം. 

2017ൽകൊടിമരം മാറ്റി സ്ഥാപിച്ചതിലും വാജിവാഹനം തന്ത്രിക്ക് കൈമാറിയതിലും അഷ്ടദിക്പാലക പുനഃപ്രതിഷ്ഠയിലുമടക്കം വിശദമായ അന്വേഷണം നടത്തും.അതേസമയം കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യഹർജിയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും. ദ്വാരപാലകശില്പങ്ങളുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും കുറ്റപത്രം സമർപ്പിക്കാത്തത് ചൂണ്ടിക്കാട്ടിയാണ് പോറ്റി ജാമ്യ ഹർജി നൽകിയത്.

വിശദമായ വാദം കേട്ട് ജാമ്യത്തിന്റെ കാര്യത്തിൽ കോടതി തീരുമാനമെടുക്കും. നേരത്തെ പോറ്റി നൽകിയ രണ്ട് ജാമ്യ ഹർജികളും വിജിലൻസ് കോടതി തള്ളിയിരുന്നു. മുൻ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ് ശ്രീകുമാറിനെ കസ്റ്റഡിയിൽ ആവശ്യപ്പെട്ടുള്ള എസ്‌ഐടിയുടെ അപേക്ഷയും ഇന്ന് കോടതി പരിഗണിക്കും. ദേവസ്വം ബോർഡ് മുൻ അംഗം എൻ വിജയകുമാറിന്റെ ജാമ്യാപേക്ഷയും കോടതിയുടെ പരിഗണനയിലുണ്ട്.

Exit mobile version