മതത്തിന്റെ പേരിൽ അധിക്ഷേപം നേരിടുന്ന സാഹചര്യമാണ് രാജ്യത്തെന്ന് തുഷാർ ഗാന്ധി. ‘ടോക്സ് ഇന്ത്യ’ കോട്ടയത്ത് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാത്മഗാന്ധിയുടെ ചെറുമകൻ കൂടിയാണ് തുഷാർ. ഭക്ഷണത്തിന്റെ പേരിൽ ആളുകളെ തല്ലിച്ചതയ്ക്കുന്നതും കൊല്ലുന്നതും സമീപകാലത്ത് നമ്മുടെ രാജ്യത്ത് കണ്ടതാണ്.
വർണത്തിന്റെ പേരിൽ പോലും ഇവിടെ വിവേചനം നടക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത് പുതിയതല്ല, ബ്രിട്ടീഷുകാരുടെ കാലത്ത് മുതലേ നാം കാണുന്നതാണ്. ഇവിടെ ഹിന്ദു- മുസ്ലീം വിഭാഗങ്ങൾ ഒന്നാണെന്ന് തിരിച്ചറിഞ്ഞ അവർ സമൂഹത്തെ വിഭജിക്കാനുള്ള പദ്ധതികൾ ആവിഷ്കരിക്കുകയും അത് നടപ്പിലാക്കുകയും ചെയ്തു. സ്വാതന്ത്ര്യം കിട്ടിയിട്ട് ഇത്ര വർഷം കഴിഞ്ഞിട്ടും അത് തുടരുകയാണെന്നും തുഷാർ ഗാന്ധി പറഞ്ഞു. പ്രഭാഷണത്തിന് ശേഷം ജില്ലയിലെ വിവിധ കോളേജുകളിൽ നിന്ന് വന്ന കുട്ടികളുടെ ചോദ്യങ്ങൾക്കുള്ള മറുപടിയും അദ്ദേഹം നൽകി.