സംസ്ഥാനത്ത് ഒമിക്രോണ്‍ ഉള്‍പ്പെടെയുള്ള കോവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ്. സംസ്ഥാനത്തെ ഒമിക്രോണ്‍ 421 ആയി. പ്രതിദിന കോവിഡ് കേസുകള്‍ പതിനായിരം കഴിഞ്ഞു. ഈ സാഹചര്യത്തില്‍ എല്ലാവരും ജാഗ്രത പാലിക്കണം. ആള്‍ക്കൂട്ടങ്ങള്‍ പരമാവധി കുറയ്ക്കണം. സ്വയം സുരക്ഷയാണ് ഏറ്റവും പ്രധാനം. പൊതുസ്ഥലങ്ങളില്‍ ഇറങ്ങുന്നവര്‍ എന്‍ 95 മാസ്‌കോ, ഡബിള്‍ മാസ്‌കോ ധരിക്കേണ്ടതാണ്. പനിയും രോഗലക്ഷണങ്ങളുള്ളവരും മറച്ചുവച്ച് പൊതുയിടങ്ങളില്‍ ഇറങ്ങരുത്. രോഗമുണ്ടെന്നാരും മറച്ച് വയ്ക്കരുത്. ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശമനുസരിച്ച് കോവിഡ് പരിശോധന നടത്തേണ്ടതാണെന്നും മന്ത്രി വ്യക്തമാക്കി. സ്ഥാപനങ്ങളിലും കടകളിലും ഷോപ്പിങ് മാളുകളിലും പോകുന്നവര്‍ കൃത്യമായ കോവിഡ് മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണം.
ഒമിക്രോണിന് ചെറിയ ഇന്‍കുബേഷന്‍ കാലയളവാണ് ഉള്ളതെങ്കിലും അതിവേഗം പടരും. ജലദോഷം, തൊണ്ടവേദന, ചുമ, ശ്വാസതടസം, പനി എന്നിവയാണ് ഒമിക്രോണിന്റെ പ്രധാന ലക്ഷണങ്ങള്‍. ഇതോടൊപ്പം ലക്ഷണങ്ങളില്ലാതെയും ഒമിക്രോണ്‍ വന്‍തോതില്‍ പടരാം. അതിനാല്‍ എല്ലാവരും കോവിഡ് പ്രോട്ടോകോള്‍ പാലിക്കണം. കുടുംബാംഗങ്ങളിലൂടെയും സുഹൃത്തുക്കളിലൂടെയും സ്ഥാപനങ്ങളിലൂടെയും ഒമിക്രോണ്‍ വ്യാപിക്കാന്‍ സാധ്യതയുണ്ട്. നിശബ്ദ വ്യാപനത്തിനുള്ള ഒമിക്രോണിന്റെ സാധ്യത കൂടി കണക്കിലെടുത്ത് എല്ലാവരും കൃത്യമായി മാസ്‌ക് ധരിക്കണം. കഴിവതും യാത്രകളും ആള്‍ക്കൂട്ടവും ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
English Summary: Situation is serious: Health Minister warns people with symptoms not to go out in public
You may like this video also