Site iconSite icon Janayugom Online

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം: തിരുവനന്തപുരത്ത് പ്രാദേശിക അവധി

sivagirisivagiri

തൊണ്ണൂറാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് തുടക്കമായി. മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശിവഗിരി തീര്‍ത്ഥാടനം വീണ്ടും എല്ലാവിധ ആഘോഷങ്ങളോടെയും നടക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ നവതിയും ശിവഗിരി ബ്രഹ്മവിദ്യാലയത്തിന്റെ കനക ജൂബിലിയും വിശ്വമഹാകവി രബീന്ദ്രനാഥ ടാഗോറിന്റെ ശിവഗിരി സന്ദര്‍ശനത്തിന്റെ ശതാബ്ദിയും ഒന്നിച്ചെത്തുന്നു എന്നതാണ് ഇത്തവണ ശിവഗിരി തീര്‍ത്ഥാടനത്തിന്റെ പ്രധാന പ്രത്യേകത. 

രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ തീര്‍ത്ഥാടന പരിപാടികള്‍ക്ക് തുടക്കമാകും. തുടര്‍ന്ന് രാവിലെ 9:30 ന് നടക്കുന്ന സമ്മേളനം കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ഉദ്ഘാടനം ചെയ്യും. ഇതിനായി പ്രതിരോധമന്ത്രി ഇന്നലെത്തന്നെ തലസ്ഥാനത്ത് എത്തിയിരുന്നു. വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ മുഖ്യാതിഥിയാവും. സ്വാമി സച്ചിദാനന്ദ അധ്യക്ഷത വഹിക്കും. ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് മെമ്പര്‍ സ്വാമി സൂക്ഷ്മാനന്ദ, ജനറല്‍ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ എന്നിവര്‍ അനുഗ്രഹ പ്രഭാഷണം നടത്തും. മുന്‍ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രന്‍, കെ. ബാബു, പ്രവാസി സമ്മാന്‍ പുരസ്‌കാര ജേതാവും ക്യൂഇഎല്‍ ആന്‍ഡ് ഒപിസിസി ഹോള്‍ഡിംഗ്‌സ് ചെയര്‍മാനുമായ കെ ജി ബാബുരാജ്, ശ്രീഗോകുലം ഗ്രൂപ്പ് ചെയര്‍മാന്‍ ഗോകുലം ഗോപാലന്‍, കേരള കൗമുദി ചീഫ് എഡിറ്റര്‍ ദീപു രവി, യോഗനാദം ന്യൂസ് ചെയര്‍മാന്‍ സൗത്ത് ഇന്ത്യന്‍ ആര്‍. വിനോദ് തുടങ്ങിയവര്‍ പ്രസംഗിക്കും. തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ സ്വാഗതവും ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ട്രഷറര്‍ സ്വാമി ശാരദാനന്ദ നന്ദിയും പറയും.

രാവിലെ 11ന് നടക്കുന്ന വിദ്യാഭ്യാസ, ശാസ്ത്ര സാങ്കേതിക സമ്മേളനം മന്ത്രി വി.ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്യും. മന്ത്രി ആര്‍ ബിന്ദു അധ്യക്ഷത വഹിക്കും. ഐഎംജി ഡയറക്ടര്‍ ഡോ. കെ ജയകുമാര്‍, വി എസ് എസ് സി ഡയറക്ടര്‍ ഡോ. ഉണ്ണിക്കൃഷ്ണന്‍ നായര്‍, പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ്, കൃഷി വകുപ്പ് സെക്രട്ടറി ഡോ. ബി. അശോക്, വൈസ് ചാന്‍സലര്‍മാരായ ഡോ. സാബു തോമസ്, ഡോ.കെ.എന്‍ മധുസൂദനന്‍, കെല്‍ട്രോണ്‍ സി. എം. ഡി എന്‍ നാരായണമൂര്‍ത്തി, തുടങ്ങിയവര്‍ പ്രഭാഷണം നടത്തും.

അതേസമയം ശിവഗിരി തീര്‍ത്ഥാടനം കണക്കിലെടുത്ത് പ്രധാന ദിവസമായ നാളെ ചിറയന്‍കീഴ്, വര്‍ക്കല താലൂക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കളക്ടറുടെ ചുമതലയുള്ള എഡിഎം അനില്‍ ജോസ് അവധി പ്രഖ്യാപിച്ചു. മുന്‍നിശ്ചയിച്ച പ്രകാരമുള്ള പൊതുപരീക്ഷകള്‍ക്ക് അവധി ബാധകമാകില്ലെന്നും ഉത്തരവില്‍ പറയുന്നു.

Eng­lish Sum­ma­ry: Siva­giri Pil­grim­age Begins Today: Local Hol­i­day in Thiruvananthapuram

You may also like this video

Exit mobile version