Site iconSite icon Janayugom Online

ആറ് വര്‍ഷം: എന്‍ടിഎ മാറ്റിയത് 16 പരീക്ഷകള്‍

NTANTA

കെടുകാര്യസ്ഥതയുടെ ഉദാഹരണമായി നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. 2018ല്‍ രൂപീകരിച്ചതിന് ശേഷം ദേശീയ പരീക്ഷാ ഏജന്‍സി (എന്‍ടിഎ) വ്യത്യസ്ത കാരണങ്ങള്‍ മൂലം 16 പരീക്ഷകള്‍ മാറ്റിവച്ചതായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു. ഡിഎംകെ എംപി കനിമൊഴി കരുണാനിധിയുടെ ചോദ്യത്തിന് വിദ്യാഭ്യാസ സഹമന്ത്രി സുകന്ദ മജൂംദാറാണ് പാര്‍ലമെന്റില്‍ മറുപടി നല്‍കിയത്. നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയുമായി ബന്ധപ്പെട്ട് എന്‍ടിഎ വിവാദങ്ങളുടെ നടുവിലാണ്,
ഇതുവരെ 5.4 കോടി വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി 240 പരീക്ഷകള്‍ നടത്തിയിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും വ്യത്യസ്ത വിഷയങ്ങളില്‍, വ്യത്യസ്ത സമയങ്ങളില്‍, നിശ്ചിത ദിവസങ്ങളെടുത്താണ് പൂര്‍ത്തിയാക്കിയതെന്ന് മറുപടിയില്‍ വിദ്യാഭ്യാസ മന്ത്രാലയം പറയുന്നു. കോവിഡ് മഹാമാരി പോലുള്ള അപ്രതീക്ഷിത സാഹചര്യങ്ങള്‍, സാധനസാമഗ്രികളുടെ നീക്കം തടസപ്പെടുക, സാങ്കേതിക പ്രശ്നങ്ങള്‍, കോടതി ഉത്തരവുകള്‍ തുടങ്ങിയ കാരണങ്ങളാല്‍ പരീക്ഷകള്‍ പ്രഖ്യാപിച്ച തീയതിയില്‍ നിന്ന് മാറ്റിവയ്ക്കേണ്ടിവന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. 

2020, 21 വര്‍ഷങ്ങളിലെ ജെഇഇ മെയിന്‍, നീറ്റ് യുജി പരീക്ഷകളാണ് കോവിഡ് മഹാമാരി മൂലം മാറ്റിവച്ചത്. സിഎസ്ഐആര്‍ യുജിസി നെറ്റ് (2020), യുജിസി നെറ്റ് (2020 ഡിസംബര്‍), യുജിസി നെറ്റ് (2021 മേയ്), ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ച് (ഐസിഎആര്‍) എഐഇഇഎ(2020) പരീക്ഷകള്‍ കോവിഡ്, ചരക്ക് നീക്കത്തിലുണ്ടായ പ്രതിസന്ധി എന്നിവ മൂലം മാറ്റിവയ്ക്കേണ്ടിവന്നു. എഐസിടിഇ പരീക്ഷാരീതിയിലുണ്ടായ മാറ്റത്തെ തുടര്‍ന്ന് ഡല്‍ഹി സര്‍വകലാശാല പ്രവേശന പരീക്ഷ (സിഎംഎടി)2021 മാറ്റിയെന്നും പറയുന്നു. 

ഓള്‍ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് പ്രവേശന പരീക്ഷ (എഐഎപിജിഇടി)2021, ജോയിന്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇന്‍ മാനേജ്മെന്റ് അഡ്മിഷന്‍ ടെസ്റ്റ് (ജെഐപിഎംഎടി) 2021 എന്നീ പരീക്ഷകളിലും കോവിഡ് മൂലം സമയക്രമം പാലിക്കാന്‍ കഴിഞ്ഞില്ല. 2022ലെ ഇഗ്നൊ പിഎച്ച്ഡി പ്രവേശന പരീക്ഷ, അധികൃതരുടെ പ്രശ്നങ്ങള്‍ മൂലമാണ് പറഞ്ഞ തീയതിയില്‍ നടത്താന്‍ കഴിയാതിരുന്നത്.
പ്രാദേശിക കേന്ദ്രങ്ങളുടെ നിര്‍ദേശമനുസരിച്ച് ഗ്രാജ്വേറ്റ് അപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ബയോടെക്നോളജി (ജിഎടി-ബി) 2023 പരീക്ഷയും മാറ്റി. ഈ വര്‍ഷത്തെ ദേശീയ പൊതുപരീക്ഷ (എന്‍സിഇടി) സാങ്കേതിക കാരണങ്ങളെത്തുടര്‍ന്നും ചരക്ക് നീക്കത്തിലെ പിഴവ് മൂലം സിഎസ്ഐആര്‍ നെറ്റ് പരീക്ഷയും മാറ്റിവച്ചുവെന്ന് മന്ത്രി അവതരിപ്പിച്ച രേഖകള്‍ വ്യക്തമാക്കുന്നു. 

Eng­lish Sum­ma­ry: Six years: NTA changed 16 exams

You may also like this video

Exit mobile version