Site icon Janayugom Online

നിലപാട് വ്യക്തമാക്കി എസ്‌കെഎം; ബിജെപിയെ തോല്പിക്കും

കര്‍ഷക വിരുദ്ധരായ ബിജെപിയെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുത്തണമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). വാര്‍ത്താ സമ്മേളനത്തിലാണ് എസ്‌കെഎം നേതാക്കള്‍ നിലപാട് പ്രഖ്യാപിച്ചത്. കര്‍ഷകര്‍ക്കു നല്കിയ വാഗ്ദാനങ്ങള്‍ നിറവേറ്റാതെ ബിജെപി വഞ്ചിക്കുകയാണ്. അതുകൊണ്ട് വരുന്ന തെരഞ്ഞെടുപ്പില്‍ പ്രത്യേകിച്ച് ഉത്തര്‍പ്രദേശില്‍ ബിജെപിയെ ശിക്ഷിക്കണമെന്ന് എസ്‌കെഎം കര്‍ഷകരോട് അഭ്യര്‍ത്ഥിച്ചു.

57 കര്‍ഷക സംഘടനകള്‍ ഇതിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം ഏതെങ്കിലും പാര്‍ട്ടിക്കുവേണ്ടി പ്രചരണത്തിനിറങ്ങില്ലെന്നും അവര്‍ക്കുവേണ്ടി എസ്‌കെഎം വോട്ട് ചോദിക്കില്ലെന്നും സ്വരാജ് ഇന്ത്യ പ്രസിഡന്റ് യോഗേന്ദ്ര യാദവ് പറഞ്ഞു. കാര്‍ഷിക കരിനിയമങ്ങള്‍ക്കെതിരായ പ്രക്ഷോഭം പിന്‍വലിച്ചപ്പോള്‍ കര്‍ഷകരുടെ മറ്റ് ആവശ്യങ്ങളും അംഗീകരിക്കുമെന്ന് മോഡി സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ വഞ്ചിച്ചു. വിളകള്‍ക്ക് കുറഞ്ഞ താങ്ങുവില ഉറപ്പാക്കുന്നതിനു വേണ്ടി കേന്ദ്രം നാളിതുവരെ സമിതി രൂപീകരിക്കുകയോ കര്‍ഷകരുമായി ചര്‍ച്ച നടത്തുകയോ ചെയ്തില്ല. 

വരും ദിവസങ്ങളില്‍ യുപിയിലെ മീററ്റ്, കാണ്‍പുര്‍, സിദ്ധാര്‍ത്ഥ്നഗര്‍, ഗോരഖ്പുര്‍, ലഖ്നൗ തുടങ്ങി ഒമ്പത് സ്ഥലങ്ങളില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ സംഘടിപ്പിക്കുമെന്ന് എസ്‌കെഎം അറിയിച്ചു. ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകേഷ് ടികായത്ത് വാര്‍ത്താ സമ്മേളനങ്ങള്‍ക്ക് നേതൃത്വം നല്‍കും. ഇവിടങ്ങളില്‍ തങ്ങളുടെ അഭ്യര്‍ത്ഥന അടങ്ങിയ ലഘുലേഖകള്‍ വിതരണം ചെയ്യുമെന്നും യാദവ് അറിയിച്ചു. വാര്‍ത്താ സമ്മേളനത്തിനു ശേഷം മോഡി സര്‍ക്കാര്‍ രേഖാമൂലം നല്‍കിയ ഉറപ്പുകളുടെ കോപ്പി എസ്‌കെഎം പുറത്തുവിട്ടു. കര്‍ഷകരുടെ ആവശ്യങ്ങള്‍ നിറവേറ്റാത്തതില്‍ പ്രതിഷേധിച്ച് ജനുവരി 31ന് രാജ്യവ്യാപകമായി വിശ്വാസ വഞ്ചനാ ദിനം ആചരിച്ചിരുന്നു.

ENGLISH SUMMARY:SKM clar­i­fies state­ment; The BJP will be defeated
You may also like this video

Exit mobile version