Site iconSite icon Janayugom Online

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തല്‍ : ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി

ശബരിമല ദ്വാരപാലക ശില്പത്തിലെ സ്വര്‍ണപാളി കടത്തലില്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ നിര്‍ണായക മൊഴി പുറത്ത്.നടന്നത് വലിയ ഗൂ‍ഢാലോചനയെന്നാണ് മൊഴി. കല്‍പേഷിനെ കൊണ്ടുവന്നത് ഗൂഢാലോചനയുടെ ഭാഗമായെന്ന് മൊഴിയുണ്ട് .ഉണ്ണികൃഷ്ണന്‍ പോറ്റി സ്‌പോണ്‍സറായി അപേക്ഷ നല്‍കിയതുമുതല്‍ ഗൂഢാലോചന ആരംഭിച്ചു.

സ്വര്‍ണം ചെമ്പായി രേഖപ്പെടുത്തിയത് ഗൂഢാലോചനയുടെ ഭാഗമായാണ്. തട്ടിയെടുത്ത സ്വര്‍ണം പങ്കിട്ടെടുത്തതായി സംശയമുണ്ട്. ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഉച്ചയോടെ പ്രത്യേക അന്വേഷണസംഘം കസ്റ്റഡിയിലെടുത്ത ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ അറസ്റ്റ് രാത്രി 11 മണിയോടെയാണ് രേഖപ്പെടുത്തിയത്.

അറസ്റ്റിനു പിന്നാലെ പുലര്‍ച്ചെ നാല് മണിയോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച് വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കി.തിരികെ ക്രൈംബ്രാഞ്ച് ഓഫീസില്‍ എത്തിച്ച ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഉച്ചയ്ക്ക് 12 മണിയോടെ റാന്നി കോടതിയിലാണ് ഹാജരാക്കുക. തിരുവനന്തപുരം കാരേറ്റിലെ വീട്ടില്‍ നിന്നാണ് ഇന്നലെ ക്രൈംബ്രാഞ്ച് സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. പതിനൊന്നു മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അന്വേഷണ ഉദ്യോഗസ്ഥരായ എസ് പി ശശിധരന്‍, എസ് പി ബിജോയ് എന്നിവരുടെ നേതൃത്വത്തില്‍ ആയിരുന്നു ചോദ്യം ചെയ്യല്‍.

Exit mobile version