Site iconSite icon Janayugom Online

കുതിച്ചുയർന്ന് വെളിച്ചെണ്ണ വില; വിപണിയിൽ ഇടപെടുമെന്ന് ഭക്ഷ്യമന്ത്രി ജി ആർ അനിൽ

സംസ്ഥാനത്ത് കുതിച്ചുയരുന്ന വെളിച്ചെണ്ണ വില നിയന്ത്രിക്കാൻ ഇടപെടുമെന്ന് ഭക്ഷ്യ സിവിൽ സപ്പ്ലൈസ് മന്ത്രി ജി ആർ അനിൽ. 28 ന് കൊച്ചിയിൽ ഭക്ഷ്യ സിവിൽ സപ്പ്ലൈസ് ഉദ്യോഗസ്ഥരുടെ യോഗം ചേരും. ഓണവിപണിയിൽ വെളിച്ചെണ്ണ സപ്ലൈക്കോ ഔട്ട് ലെറ്റിൽ ന്യായ വിലക്ക് ലഭ്യമാക്കും. കേരളത്തിലെ ജനങ്ങൾക്ക് ന്യായ വിലക്ക് വെളിച്ചെണ്ണ കൊടുക്കാനുള്ള പരിശ്രമമാണ് സപ്ലൈക്കോ നടത്തുന്നതെന്നും മന്ത്രി വിശദീകരിച്ചു. നാളികേരത്തിന്റെയും വെളിച്ചെണ്ണയുടേയും വില എല്ലാ ഭാഗങ്ങളിലും കുതിച്ചുയരുന്നതാണ് കാണുന്നത്. 

കഴിഞ്ഞ മാസം 277 രൂപയ്ക്ക് നൽകിയ വെളിച്ചെണ്ണ ഈ മാസം 321 രൂപയ്ക്കാണ് നൽകുന്നത്. സ്റ്റോക്ക് പരിമിതമാണ്. വെളിച്ചെണ്ണ ഉത്പാദകരുടെയും യോഗം വിളിക്കും. കേരളത്തിന് പുറത്തുള്ള സംസ്ഥാനങ്ങളിൽ നിന്നുള്ള ഉത്പാദക‍രുടെ വെളിച്ചെണ്ണ കേരളത്തിലെ വിപണിയിൽ വിൽക്കാനുള്ള സാഹചര്യം ഒരുക്കാനും ശ്രമിക്കുന്നതായി മന്ത്രി വിശദീകരിച്ചു. മറ്റ് സംസ്ഥാനങ്ങളിലെ ഭക്ഷ്യമന്ത്രിമാരുമായുള്ള കൂടിക്കാഴ്ചയടക്കം നടത്തുമെന്നും മന്ത്രി വിശദീകരിച്ചു. കേരളത്തിൽ നാളികേരം കൂടുതൽ ഉപയോഗിക്കുന്നതിനാൽ കാര്‍ഷിക മേഖലയിൽ ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നതെന്നും മന്ത്രി പറഞ്ഞു. ചില്ലറ വിപണിയിൽ വില ലിറ്ററിന് 525ന് മുകളിലെത്തിയതിനെ തുടർന്നാണ് മന്ത്രിയുടെ പ്രതികരണം. 

Exit mobile version