Site iconSite icon Janayugom Online

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ തട്ടിപ്പ് തദ്ദേശ സ്ഥാപനങ്ങളില്‍ സോഷ്യല്‍ ഓഡിറ്റ്

സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്ന അനര്‍ഹരെ കണ്ടെത്തുന്നതിനായി സര്‍ക്കാര്‍ ശക്തമായ നടപടികളിലേക്ക്. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സോഷ്യല്‍ ഓഡിറ്റ് നടത്താനുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കും. 

ഇതിനായി സാമൂഹ്യസുരക്ഷാ/ക്ഷേമനിധി ബോര്‍ഡ് പെന്‍ഷന്‍ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളുടെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അടിസ്ഥാനമാക്കിയുള്ള വിവരങ്ങള്‍ സേവന പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തണമെന്ന് ധനകാര്യ വകുപ്പ് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, വലിയ സാമ്പത്തികശേഷിയുള്ളവരും സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ കൈപ്പറ്റുന്നതായി ഇന്‍ഫര്‍മേഷന്‍, കേരള മിഷന്‍ ധനവകുപ്പിന്റെ നിര്‍ദേശപ്രകാരം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം തദ്ദേശ സ്ഥാപന തലത്തിലുള്ള സോഷ്യല്‍ ഓഡിറ്റ് ശക്തമാക്കാന്‍ തീരുമാനിച്ചത്. 

അതേസമയം, സാമൂഹ്യ ക്ഷേമ പെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെയുള്ള അച്ചടക്കനടപടികള്‍ വേഗത്തില്‍ ആരംഭിക്കാനും തീരുമാനമായി. ക്ഷേമ പെൻഷൻ വാങ്ങുന്നവരുടെ പട്ടിക അതത് വകുപ്പുകളിലേക്ക് ധനവകുപ്പ് കൈമാറും. പട്ടിക പ്രകാരം വകുപ്പുതലത്തിൽ ആദ്യം വിശദീകരണം തേടും. തുടർന്ന് നടപടിയിലേക്ക് കടക്കും. ഓരോരുത്തരും തിരിച്ചടയ്ക്കേണ്ട പലിശ സഹിതമുള്ള തുകയുടെ വിശദാംശങ്ങളും വകുപ്പുകൾക്ക് കൈമാറും. സാങ്കേതികപ്പിഴവ് കാരണം പെന്‍ഷന്‍ തുക നല്‍കിയത് ഒഴികെയുള്ള മറ്റ് കാരണങ്ങളിൽ അച്ചടക്ക നടപടികൾ സ്വീകരിക്കാനാണ് തീരുമാനം.
1,458 സർക്കാർ ജീവനക്കാർ അനർഹമായി പെൻഷൻ കൈപ്പറ്റിയത് കണ്ടെത്തിയ സാഹചര്യത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചുചേർത്ത യോഗത്തിൽ തീരുമാനമായിരുന്നു. പെന്‍ഷന്‍കാരുടെ പട്ടികയിൽ അനർഹർ കയറിക്കൂടാൻ സാഹചര്യമൊരുക്കിയ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കും. 

Exit mobile version